ഞാന്‍ തക്കാളി അരിയാനേ പറഞ്ഞുള്ളൂ, പക്ഷെ അദ്ദേഹം തന്നത്! മമ്മൂക്കയെപ്പറ്റി റാം പറഞ്ഞത് കേട്ട് രോമാഞ്ചം വന്നു
മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത ചിത്രമായിരുന്നു പേരന്‍പ്. ചിത്രം മമ്മൂട്ടിയുടെ അഭിനയ പ്രകടനം കൊണ്ടും അതിന്റെ പ്രമേയം കൊണ്ടും ഇന്നും ആരാധകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ പേരന്‍പിന്റെ ചിത്രീകരണത്തിനിടെ നടന്ന രസകരമായൊരു സംഭവത്തെക്കുറിച്ചുള്ള നടി ഗ്രേസ് ആന്റണിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
റാം സംവിധാനം ചെയ്ത പുതിയ ചിത്രത്തില്‍ ഗ്രേസ് അഭിനയിക്കുന്നുണ്ട്. ഒരിക്കല്‍ താനുമായുള്ള സംസാരത്തിനിടെ റാം പങ്കുവെക്ക അനുഭവമാണ് ഗ്രേസ് പങ്കുവെക്കുന്നത്. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ റെഡ് എഫ് ലയാളത്തോട് സംസാരിക്കുകയായിരുന്നു ഗ്രേസ് ആന്റണി. ആ വാക്കുകളിലേക്ക്.

തുടക്കത്തില്‍ ഇവര്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചത് വളരെ ദുര്‍ഘടം പിടിച്ചൊരു സ്ഥലത്തായിരുന്നു. സിറ്റിയില്‍ നിന്നും വളരെ ഉള്ളിലുള്ളൊരു സ്ഥലമായിരുന്നു. രാവിലെ എഴ് മണിക്കെങ്ങോ ആണ് ആദ്യത്തെ ഷോട്ട് വച്ചിരുന്നത്. സാര്‍ അങ്ങനെ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആ സമയത്തു തന്നെ ഷോട്ട് വച്ചിരിക്കും. ആരൊക്കെ വന്നാലും വന്നില്ലെങ്കിലും. പക്ഷെ മമ്മൂക്ക വരാന്‍ വൈകി. ഇത്രയും ദൂരം ഉള്ളതുകൊണ്ട് എത്തിപ്പെടാന്‍ ബുദ്ധിമുട്ടിയതായിരുന്നു.
വണ്ടിയെത്തി അവിടെ നിന്നും കുറച്ച് പോകണം ഷൂട്ട് നടക്കുന്നിടത്തേക്ക് എത്താന്‍. ആദ്യം ദിവസം എത്തുമ്പോഴേക്കും ഷോട്ട് എടുത്തുവെന്നും മമ്മൂക്കയ്ക്ക് ഇനിയില്ലെന്നും അദ്ദേഹത്തോട് പൊക്കോളാന്‍ പറഞ്ഞോളൂവെന്നും പറഞ്ഞു. എനിക്ക് ഏത് മമ്മൂട്ടി? ഞാന്‍ ആറ് മണിയ്ക്ക് ഷോട്ട് വച്ചപ്പോള്‍ സാര്‍ വന്നില്ല എന്നായിരുന്നു റാം സാര്‍ പറഞ്ഞത്. ഞാന്‍ ഇത് കേട്ടിരിക്കുകയാണ്, നമ്മുടെ മമ്മൂക്കയെപ്പറ്റിയാണ് പറയുന്നത്. ഇത് അറിഞ്ഞ് മമ്മൂക്ക അദ്ദേഹത്തെ വിളിപ്പിച്ചു. എന്തുപറ്റി, എനിക്ക് ഷോട്ട് ഇല്ലേയെന്ന് ചോദിച്ചു.
ഇല്ല, ഞാന്‍ പറഞ്ഞ സമയം ഇതായിരുന്നുവെന്ന് റാം സാര്‍ പറഞ്ഞു. ഞാന്‍ ഇത്രയും ദൂരം വന്നു, എന്റെ ഷോട്ട് എടുക്കാതെ പോയാല്‍ എങ്ങനെ ശരിയാകുമെന്ന് മമ്മൂക്ക ചോദിച്ചു. കുഴപ്പമില്ല, പൊക്കോളൂവെന്ന് റാം സാര്‍ പറഞ്ഞു. നിങ്ങളുടെ എത്രാമത്തെ സിനിമയാണെന്ന് മമ്മൂക്ക ചോദിച്ചു. എത്രമാത്തെയാണെന്ന് റാം സാര്‍ പറഞ്ഞു. എന്റെ അഞ്ഞൂറാമത്തെയാണെന്നായിരുന്നു മമ്മൂക്കയുടെ മറുപടി. ഓക്കെ ചെയ്യാമെന്ന് പറഞ്ഞ് അവര്‍ ഷോട്ട് പ്ലാന്‍ ചെയ്തു.

തക്കാളി അരിയുന്നൊരു രംഗമായിരുന്നു. ഇമോഷണല്‍ രംഗമാണ്. റാം സാര്‍ പറഞ്ഞത്, ഗ്രേസ് ഒരു തക്കാളി കട്ട് ചെയ്യാന്‍ മാത്രമാണ് ഞാന്‍ അവരോട് പറഞ്ഞത്, അവര്‍ എന്താണ് എനിക്ക് തന്നത്! എന്നായിരുന്നു. അതിന് ശേഷം ഇവരില്ലാതെ സിനിമ ചെയ്യാനേ പ്റ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് കേട്ടതും എനിക്ക് രോമാഞ്ചമായി. പിറ്റേദിവസം എത്ര മണിയ്ക്കാണ് ഷൂട്ട് എന്ന് മമ്മൂക്ക ചോദിച്ചു. ആറ് മണിയ്ക്കാണെന്ന് റാം സാര്‍ പറഞ്ഞു. പിറ്റേദിവസം ഇവരെല്ലാം എത്തുന്നതിന് മുമ്പ് മമ്മൂക്ക അവിടെ എത്തിയെന്നാണ് റാം പറഞ്ഞതെന്നാണ് ഗ്രേസ് പറയുന്നത്.
നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ എഴ് മലൈ, എഴ് കടല്‍ എന്നീ ചിത്രമാണ് റാമിന്റെ പുതിയ സിനിമ. ഈ സിനിമയ്ക്ക് ശേഷമാണ് ഗ്രേസ് അഭിനയിച്ച സിനിമ പുറത്തിറങ്ങുക. ഈ സിനിമയുടെ പേരോ റിലീസ് തിയ്യതിയോ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം വിവേകാനന്ദന്‍ വൈറലാണ് ആണ് ഗ്രേസിന്റെ പുതിയ സിനിമ.


Click it and Unblock the Notifications