ഊർവശിയെ പോലെയുണ്ടെന്ന് പറയുന്നു; താരതമ്യം ചെയ്യുന്നതിൽ വലിയ ശ്രദ്ധ കൊടുക്കാറില്ല: ഗ്രേസ് ആന്റണി
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കോമഡി ചിത്രം നുണക്കുഴി ഇന്ന് തിയേറ്ററിലെത്തി. വലിയൊരു ഇടവേളക്കു ശേഷം ജീത്തു ജോസഫിന്റെ പക്കാ കോമഡി എന്റർടെയ്നർ എത്തി. പ്രേക്ഷകരും ഇത്തരമൊരു സിനിമക്കായി കാത്തിരിക്കുകയായിരുന്നു. സിനിമാ വിശേഷങ്ങളുമായി അൺഫിൽറ്റേർഡ് ബൈ അപർണ എന്ന ചാനലിലൂടെ ജീത്തു ജോസഫും ഗ്രേസ് ആന്റണിയും സംസാരിക്കുന്നു.
മലയാള സിനിമയുടെ ഒരു മുതൽക്കൂട്ടാണ് ഗ്രേസ് ആന്റണി. ഈയിടെ ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത നാഗേന്ദ്രൻസ് ഹണിമൂൺ എന്ന വെബ് സീരീസിലെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങളാണ് ഗ്രേസ് നേടിയത്. നേരത്തെ പലരും ഊർവശിയുമായി ഗ്രേസിനെ താരതമ്യപ്പെടുത്തിയിരുന്നു. രൂപ സാദൃശ്യത്തിനപ്പുറം വേറിട്ട അഭിനയം കാഴ്ച വെക്കാൻ ഊർവശിയെ പോലെ ഗ്രേസിനും എവിടെയൊക്കെയോ സാധിക്കുന്നുണ്ട്. മാത്രമല്ല ഇന്ന് മലയാള സിനിമയിൽ ഇത്രയും കോമഡി കഥാപാത്രങ്ങൾ ചെയ്ത് ഫലിപ്പിക്കാൻ നായികമാരിൽ ഗ്രേസ് അല്ലാതെ മറ്റൊരു ഓപ്ഷനില്ല.

"ഞാൻ നോക്കുമ്പോൾ നമ്മുടെ ഇന്റസ്ട്രിയിൽ ചില നായികമാർ ഉണ്ടാക്കിയ ബെഞ്ച്മാർക്ക് ഉണ്ട്. അത്തരം അഭിനേതാക്കൾ ഉണ്ടായിരുന്നതിനാലാണ് നല്ല കഥാപാത്രങ്ങൾ മലയാള സിനിമക്ക് ലഭിച്ചത്. അങ്ങനെ നോക്കുമ്പോൾ എനിക്ക് ലഭിച്ച വേഷങ്ങളെല്ലാം മികച്ചതാണ്. കോമഡി നിറഞ്ഞ വേഷങ്ങളിലേക്ക് വിളിക്കുമ്പോൾ ഞാൻ ചോദിക്കാറുണ്ട് എന്തുകൊണ്ടാണ് എന്നെ വിളിക്കുന്നത് എന്ന്. ഹ്യൂമർ ചെയ്യുന്ന മറ്റു നായികമാർ വേറെ ഇല്ലാത്തതിനാലാണ് ഇത്തരം കഥാപാത്രങ്ങളിലേക്ക് എന്നെ വിളിക്കുന്നതെന്നാണ് അവർ പറയുന്നത്.
പിന്നെ താരതമ്യം ചെയ്യുമ്പോൾ അതിൽ കൂടുതൽ ശ്രദ്ധ കൊടുക്കാറില്ല. എല്ലാ തരം കഥാപാത്രങ്ങളും ചെയ്യണമെന്നാണ് എനിക്ക് ആഗ്രഹം. പക്ഷേ ഹ്യൂമർ ചെയ്യുമ്പോൾ കുറച്ച് കൂടി രസം തോന്നാറുണ്ട്. ഒരു സംതൃപ്തി ലഭിക്കുന്നത് കോമഡി ചെയ്യുമ്പോഴാണ്. കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് അത്തരം കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണ്." ഗ്രേസ് ആന്റണി പറഞ്ഞു
പണ്ട് കൽപന, ഊർവശി, ബിന്ദു പണിക്കർ എന്നീ താരങ്ങളെല്ലാം നിരവധി കോമഡി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അതെല്ലാം ഇന്നും പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന കഥാപാത്രങ്ങളാണ്. വർഷങ്ങൾക്കിപ്പുറം ഗ്രേസ് ചെയ്ത കനകം കാമിനി കലഹം, പത്രോസിന്റെ പടപ്പുകൾ, അപ്പൻ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരിൽ ഒരുപാട് സ്വാധീനം ചെലുത്താൻ സാധിച്ചു. അതുപോലെയാണ് നാഗേന്ദ്രൻസ് ഹണിമൂണിലെ ലില്ലിക്കുട്ടി. ഗ്രേസ് ആന്റണിയുടെ സിനിമകളെല്ലാം വേറിട്ട കഥാപാത്രങ്ങളാണ്.

"കൽപന ചേച്ചിയും ഊർവശി ചേച്ചിയും ചെയ്ത കഥാപാത്രങ്ങളെ പോലെയുണ്ട് എന്ന് പറയുമ്പോൾ അവരെ പോലെയുണ്ട് എന്നല്ല, അതുപോലെ ഒരു ബഹുമുഖ പ്രതിഭയാണ് എന്നാണ് ഉദ്ദേശിക്കുന്നത്. പ്രേക്ഷകരുടെ മനസിലേക്ക് വളരെ വേഗത്തിൽ എത്തുന്നത് കോമഡി ചെയ്യുമ്പോഴാണ്. എന്നാൽ ഗ്രേസ് മറ്റു കഥാപാത്രങ്ങളും ചെയ്യുന്നുണ്ട്. റോഷാർക്ക്, ഹലാൽ ലവ് സ്റ്റോറി തുടങ്ങിയ സിനിമകൾ ചെയ്തിട്ടുണ്ട്. വീണ്ടും സീരിയസ് വേഷങ്ങൾ ചെയ്താൽ പോലും കോമഡി ചെയ്തതിനാൽ ആ സ്നേഹം അവിടെ നിലനിൽക്കും.
ഇപ്പോൾ വരുന്ന പെൺകുട്ടികളിൽ പൊതുവേ ഹ്യൂമർ കൈകാര്യം ചെയ്യുന്നുവർ വളരെ വിരളമാണ്. അതിനാലാണ് ഇത്തരം താരതമ്യങ്ങൾ വരുന്നത്. സത്യത്തിൽ ഇത്തരം താരതമ്യങ്ങളെല്ലാം അവർക്ക് സ്നേഹം കൊണ്ട് ഉണ്ടാവുന്നതാണ്." ജീത്തു ജോസഫ് പറഞ്ഞു.


Click it and Unblock the Notifications











