ബിനുവിനെക്കൊണ്ട് അത് പറയിപ്പിച്ചത് ഞാന്‍; പലരും ബിനുവിനെ ഉന്നം വെക്കാന്‍ അതും ഉപയോഗിച്ചു
മലയാളികളുടെ പ്രിയങ്കരനാണ് നടന്‍ അജയകുമാര്‍ എന്ന ഗിന്നസ് പക്രു. മിമിക്രി വേദികളിലൂടെയായിരുന്നു തുടക്കം. പിന്നീട് അദ്ദേഹം ടെലിവിഷന്‍ പരിപാടികളിലേക്കും അവിടെ നിന്നും സിനിമയിലേക്കുമെത്തി. തുടക്കകാലത്ത് കോമഡി വേഷങ്ങളായിരുന്നു അജയകുമാറിനെ തേടിയെത്തിയത്. പിന്നീട് നായകനായും സഹനടനായുമെല്ലാം അദ്ദേഹം കയ്യടി നേടി. സ്വഭാവനടനായും കയ്യടി നേടാന്‍ സാധിച്ചു. ഇതിനെ അവാര്‍ഡുകളും ഗിന്നസ് റെക്കോര്‍ഡുകളും സ്വന്തമാക്കാനും സാധിച്ചു. അങ്ങനെയാണ് അജയകുമാര്‍ ഗിന്നസ് പക്രുവായി മാറുന്നത്.
അഭിനയത്തിന് പുറമെ സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബോഡി ഷെയ്മിംഗിനെക്കുറിച്ച് സംസാരിക്കുകയാണ് അജയകുമാര്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. അജയനെ ബോഡി ഷെയ്മിംഗ് ചെയ്തു എന്നു പറഞ്ഞ് ബിനു അടിമാലിക്കെതിരെ പലരും തിരിഞ്ഞ സംഭവത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.

ചേട്ടന്‍ പേടി മാറ്റാന്‍ ആനയുടെ അടീക്കൂടെ പോണ്ട, വല്ല ആനപ്പിണ്ടവും വീണാല്‍ ചേട്ടനേതാ പിണ്ടമേതാന്നു തിരിച്ചറിയാന്‍ പറ്റാതാകും എന്ന കമന്റാണ് പ്രശ്‌നമായത്. ആ കമന്റ് ഞാനാണ് ബിനുവിനെക്കൊണ്ട് പറയിപ്പിച്ചത്. ബിനുവിനെ പലരും ഉന്നം വച്ച് ആക്രമിച്ച സമയത്ത് ഇതും ഉപയോഗിക്കപ്പെട്ടുവെന്നാണ് അജയകുമാര്‍ പറയുന്നത്.
അതേസമയം തന്നെ ഏറ്റവും കൂടുതല്‍ ബോഡി ഷെയിം ചെയ്തിട്ടുള്ളത് താന്‍ തന്നെയാണെന്നും അജയന്‍ പറയുന്നു. എന്റെ രൂപമാണ് പരിപാടിയില്‍ ആദ്യത്തെ ചിരിയുണ്ടാക്കുന്നത് എന്ന തിരിച്ചറിവാണ് എന്നെ കലാകാരനാക്കിയത്. ആ ചിരിയെ പോസിറ്റീവായി എടുക്കുകയും വളര്‍ത്തുകയും ചെയ്തുവെന്നാണ് താരം സാക്ഷ്യം പറയുന്നത്. ഇന്ന് പൊളിറ്റിക്കല്‍ കറക്ട്‌നെസിനെക്കുറിച്ച് അവബോധമുള്ള സമൂഹം വളര്‍ന്നതിനാല്‍ മറ്റൊരാള്‍ക്കെതിരെ തമാശ പറയുമ്പോള്‍ തീര്‍ച്ചയായും ആലോചിക്കേണ്ടിവരും. കോമഡി ചെയ്യുന്നവരെ ഇത്തരം വൃത്തത്തിലാക്കിയാല്‍ തമാശയുണ്ടാക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.
വിദേശരാജ്യങ്ങളിലെ സ്റ്റാന്‍ഡ് അപ്പ് കോമഡികളില്‍ അവര്‍ എന്തൊക്കെയാണ് പറയുന്നത്. അത് തമാശയായി എടുക്കപ്പെടുന്നു. ഒരു വേദിയില്‍ അവിടുത്തെ മൂഡ് അനുസരിച്ച് പറയുന്ന കാര്യങ്ങള്‍ കട്ട് ചെയ്തു റീല്‍ ആയി കാണുമ്പോള്‍ മറ്റൊരു വിധത്തിലായിരിക്കും മനസിലാക്കപ്പെടുന്നത്. അത് മാത്രം കണ്ട് ബോഡി ഷെയ്മിങ് ചെയ്തു എന്നോ അഹങ്കാരത്തോടെ സംസാരിച്ചു എന്നോ വിലയിരുത്താനാകില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം പൊതു സാഹചര്യങ്ങളില്‍ തമാശ പറയുമ്പോള്‍ ബോഡി ഷെയ്മിങ് ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഉന്നത സ്ഥാനത്തിരിക്കുന്ന പലരും പറയുന്നൊരു കമന്റാണ് അന്ധന്‍ ആനയെ കണ്ടു എന്നപോലെ എന്നത്. അത്തരം പദങ്ങള്‍ പലരും ഉപയോഗിച്ചു കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്.
ശാരീരിക പരിമിതിയുള്ളയാളുകളെ പൊതുവിടത്തില്‍ കളിയാക്കുന്നതും പ്രോഗ്രാമില്‍ പറയുന്ന തമാശകളും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ക്വാഡന്‍ എന്ന കുഞ്ഞിനെ കൂട്ടുകാര്‍ ബോഡി ഷെയ്മിങ് ചെയ്തതിന്റെ പേരില്‍ അവന്‍ വിഷമിച്ചു കരഞ്ഞപ്പോഴാണ് ആദ്യാമായി ഞാന്‍ ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് പ്രതികരിക്കുന്നത്. അവന്റെ അമ്മ എന്നെ വിളിച്ച് സംസാരിച്ചു. എന്റെ വാക്കുകള്‍ അവനെ സ്വാധീനിച്ചുവെന്നും ആത്മവിശ്വാസത്തോടെ ഹോളിവുഡ് സിനിമയില്‍ അഭിനയിക്കുകയാണെന്നും പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications