രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ മരിച്ചു, അടുത്ത വര്‍ഷം അച്ഛന്‍ വേറെ കല്യാണം കഴിച്ചു: ഹരീഷ് കണാരന്‍
മലയാളികളുടെ പ്രിയങ്കരനാണ് ഹരീഷ് കണാരന്‍. കോമഡി ഷോകൡലൂടെയാണ് ഹരീഷ് താരമാകുന്നത്. മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവലിലൂടെയാണ് ഹരീഷ് പെരുമണ്ണ ഹരീഷ് കണാരന്‍ ആയി മാറുന്നത്. ഷോയില്‍ ഹരീഷ് അവതരിപ്പിച്ച ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രം നേടിയ പ്രശസ്തി ഹരീഷിന്റെ പേര് മാത്രമല്ല തലവര തന്നെ മാറ്റിയെഴുതുന്നതായിരുന്നു. ഇന്ന് തിരക്കുള്ള നടനാണ് ഹരീഷ് കണാരന്‍.
തന്റെ കുട്ടിക്കാലം മുതല്‍ ധാരാളം കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ഹരീഷിന്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഹരീഷിന് അമ്മയെ നഷ്ടമാകുന്നത്. ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹരീഷ് കണാരന്‍ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും അമ്മയുടെ വിയോഗത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്.

സരോജിനി എന്നായിരുന്നു അമ്മയുടെ പേര്. ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അമ്മ ടിബി വന്ന് മരിച്ചത്. അടുത്തവര്‍ഷം അച്ഛന്‍ വേറെ കല്യാണം കഴിച്ചു. പിന്നീട് ചെറിയമ്മയുടെ വീട്ടിലായിരുന്നു താമസം. അമ്മയേക്കാള്‍ എനിക്ക് അടുപ്പം അച്ഛനോടായിരുന്നു. ചിലപ്പോള്‍ വയ്യാതെ കിടക്കുന്ന അമ്മ മരിക്കും എന്ന് മനസിലായതു കൊണ്ടായിരിക്കും അച്ഛനോട് കൂടുതല്‍ അടുത്തതെന്നാണ് ഹരീഷ് കണാരന്‍ പറയുന്നത്.
അമ്മ മരിച്ച സങ്കടം അറിയിക്കാതെയാണ് അച്ഛന്‍ എന്നെ വളര്‍ത്തിയത്. അമ്മയില്ലാത്ത കുട്ടിയല്ലേ എന്ന് കരുതി ഒന്നിനും വഴക്കു പറഞ്ഞിട്ടില്ല. രാമചന്ദ്രമേനോന്‍ എന്നായിരുന്നു അച്ഛന്റെ പേര്. സ്വകാര്യ ബാങ്കുദ്യോഗസ്ഥനായിരുന്നു. അച്ഛനും അമ്മയ്ക്കും ഞാന്‍ ഒരു മോനാണ്. അമ്മ മരിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു ഇനി ഈ വീട്ടില്‍ നില്‍ക്കണ്ട മാറിത്താമസിക്ക് എന്ന്. അങ്ങനെ ഞങ്ങള്‍ പെരുമണ്ണയിലെ സ്വന്തം വീട്ടില്‍ നിന്നും തിരുവണ്ണൂരെ മാമന്റെ വീട്ടിലേക്ക് താമസം മാറ്റിയെന്ന് ഹരീഷ് പറയുന്നു.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ വേറെ വിവാഹം കഴിച്ചത്. ചെറിയമ്മയുടെ പേര് തിലകം എന്നാണ്. പിന്നെ ഞാനും അച്ഛനും ചെറിയമ്മയുടെ വീട്ടിലേക്ക് മാറി. പെരുമണ്ണയിലെ ഞങ്ങളുടെ വീട് ആള്‍ത്താമസമില്ലാതെ നശിച്ചു പോയെന്നും ഹരീഷ് പറയുന്നു. പിന്നാലെ തിരികെ പെരുമണ്ണയിലേക്ക് പോയതിനെക്കുറിച്ചും ഹരീഷ് സംസാരിക്കുന്നുണ്ട്.

ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് മാമന്‍ പെരുമണ്ണയിലേക്ക് താമസം മാറ്റിയത്. ഞാനും അവര്‍ക്കൊപ്പം പോന്നു. എന്റെ കല്യാണം കഴിയുന്നത് വരെ പിന്നെ ഞാന്‍ അവര്‍ക്കൊപ്പമായിരുന്നുവെന്നും ഹരീഷ് പറയുന്നു. തന്റെ മാമന്‍, അതായത് അമ്മയുടെ ഏട്ടന്‍, വിവാഹം കഴിച്ചത് തന്റെ അച്ഛന്റെ അനിയത്തിയെയാണെന്നും ഹരീഷ് പറയുന്നുണ്ട്. പങ്കജം എന്നാണ് അവരുടെ പേരെന്നും താരം പറയുന്നു.
അച്ഛന്‍ എല്ലാ ആഴ്ചയും തന്നെ കാണാന്‍ പെരുമണ്ണയിലേക്ക് വരും. തനിക്ക് വേണ്ടതെല്ലാം വാങ്ങിച്ചു തരും. രണ്ടാമത്തെ വിവാഹത്തില്‍ അച്ഛന് ഒരു മകന്‍ കൂടിയുണ്ട്. ശ്രീകുമാര്‍. താമസം മാമന്റെ വീട്ടിലായിരുന്നതിനാല്‍ അനിയുമായി തനിക്ക് അത്ര അടുപ്പം ഉണ്ടായിരുന്നില്ലെന്നും ഹരീഷ് പറയുന്നു. മറിച്ച് മാമന്റെ മക്കളോടായിരുന്നു ഹരീഷിന് അടുപ്പം. എന്നാല്‍ ഇപ്പോള്‍ താനും ശ്രീകുമാറും അടുത്തുവെന്നും താരം പറയുന്നു. അച്ഛന്‍ ഏഴ് വര്‍ഷം മുമ്പ് മരിച്ചു. അനിയന്റെ കല്യാണത്തിന്റെ സമയത്ത് അച്ഛന്റെ സ്ഥാനത്തു നിന്ന് എല്ലാം ചെയ്തത് ഹരീഷായിരുന്നു. അനിയന്‍ ഇപ്പോള്‍ ദുബായിലാണ്.


Click it and Unblock the Notifications











