മമ്മൂക്കയെ കണ്ടപ്പോഴേ കയ്യിൽനിന്നും പോയി! ലാലേട്ടൻ കണ്ടതും കെട്ടിപ്പിടിച്ചു; ഓർമ്മകൾ പങ്കുവെച്ച് ഹരിശ്രീ അശോകൻ
കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് ഹരിശ്രീ അശോകൻ. വ്യത്യസ്തമായ വോയ്‌സ് മോഡ്യൂലേഷനും ശരീരഭാഷയുമൊക്കെ കൊണ്ട് മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് നടൻ. മിമിക്രി വേദികളിലൂടെയാണ് ഹരിശ്രീ അശോകന്‍ സിനിമയിലെത്തുന്നത്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി, പിന്നീട് ഹിറ്റ് സിനിമകളിലെ അഭിവാജ്യ ഘടകമായി വളരുകയായിരുന്നു അദ്ദേഹം. ഹരിശ്രീ അശോകന്റെ ഓരോ കഥാപാത്രങ്ങൾക്കും ഇന്നും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്.
മലയാള സിനിമയിൽ ഒരുപാട് ഹിറ്റ് കോംബോകളുടെയും ഭാഗമായിട്ടുണ്ട് ഹരിശ്രീ അശോകൻ. ദിലീപ്, സലിം കുമാർ, കൊച്ചിൻ ഹനീഫ തുടങ്ങിയവർക്കൊപ്പമുള്ള കൂട്ടുക്കെട്ടുകളൊക്കെ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ തന്റെ സഹതാരങ്ങൾക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഹരിശ്രീ അശോകൻ. പുതിയ ചിത്രമായ മഹാറാണിയുടെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

"സലീം കുമാറിനെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നത് പറക്കും തളികയാണ്. വണ്ടിയുടെ മുകളില്‍ നിന്നും വേറൊരു വണ്ടിയിലേക്ക് വീഴുന്നതൊക്കെ ഭയങ്കര റിസ്‌ക്കിയായിട്ടുള്ള ഷോട്ടായിരുന്നു. ഞങ്ങളൊന്നിച്ച് ചെയ്ത സിനിമകളില്‍ ഏറെ പ്രധാനപ്പെട്ടത് ആ സിനിമ തന്നെയാണ്. ഹനീഫിക്കയെ ഓര്‍ക്കുമ്പോള്‍ സത്യം ശിവം സുന്ദരം, പഞ്ചാബിഹൗസ് തുടങ്ങിയ സിനിമകളാണ് പെട്ടെന്ന് മനസില്‍ വരുന്നത്. മാനത്തെ കൊട്ടാരത്തിലാണ് ദിലീപും ഞാനും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്.
ജഗതി ചേട്ടന്റെ അഭിനയം നമ്മൾ ചിലപ്പോൾ നോക്കി നിന്നുപോകും. റിഹേഴ്‌സല്‍ സമയത്തെ പോലെയായിരിക്കില്ല അദ്ദേഹം ടേക്കില്‍ കാണിക്കുന്നത്. കൈയ്യില്‍ നിന്നും പുള്ളി കുറേ കാര്യങ്ങള്‍ എടുത്തങ്ങ് ചെയ്യും. എന്റെ സീന്‍ കണ്ട് മറ്റുള്ളവര്‍ ടേക്കിലൊക്കെ ചിരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. എനിക്ക് അങ്ങനെ അഭിനയിക്കുന്നതിനിടെ ചിരി വന്നിട്ടില്ല," ഹരിശ്രീ അശോകന്‍ പറഞ്ഞു. പിന്നീട് മലയാളത്തിലെ രണ്ടു സൂപ്പർ താരങ്ങൾക്ക് ഒപ്പമുള്ള അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്.
മമ്മൂക്കയ്‌ക്കൊപ്പം ആദ്യമായി ഒന്നിച്ച് അഭിനയിച്ചത് രാക്ഷസരാജാവിലാണ്. കുസൃതിയെന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു ഈ അവസരം ലഭിച്ചത്. അതില്‍ എനിക്കൊരു പാട്ടും ഒരു സീനും ബാക്കിയുണ്ടായിരുന്നു. അതില്‍ എനിക്ക് താടിയുണ്ട്. അത് കളയാന്‍ പറ്റില്ലല്ലോ. ഉദയ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു രാക്ഷസരാജാവിന്റെ ചിത്രീകരണം. ഞാന്‍ ലൊക്കേഷനിലേക്ക് ചെല്ലുമ്പോള്‍ മമ്മൂക്ക ആ മുറ്റത്ത് ഇരിപ്പുണ്ട്. കൂടെ കുറേ ആളുകളുമുണ്ട്.
ഞാന്‍ അടുത്ത് ചെന്നപ്പോള്‍ എല്ലാവരും എന്നെ തൊഴുതു. മമ്മൂക്ക ഇരിക്കുന്നത് കണ്ടപ്പോഴേ എന്റെ കൈയ്യില്‍ നിന്നും പോയി. മമ്മൂക്കയോട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ താടിയോ വടിക്കുന്നില്ല, മുടിയെങ്കിലും കുറച്ച് വെട്ടിക്കൂടേയെന്ന് ചോദിച്ചു. പോലീസുകാരന്റെ വേഷമാണെന്നും പറഞ്ഞു. മുടി എന്തായാലും വെട്ടുന്നുണ്ടെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അന്നത്തെ സംസാരത്തിലൂടെ ഞാന്‍ ഭയങ്കര ഫ്രീയായി. പിന്നീടങ്ങോട്ട് ഏത് സിനിമ ചെയ്യുമ്പോഴും മമ്മൂക്ക കാര്യം പറഞ്ഞ് തരും. ക്യാരക്ടറിനെക്കുറിച്ച് കൂടുതലായിട്ടൊക്കെ പറഞ്ഞ് തരും. നമ്മള്‍ അഭിനയിക്കുമ്പോള്‍ ടിപ്‌സ് ഓക്കെ തരുമെന്നും അദ്ദേഹം പറഞ്ഞു.

ലാലേട്ടനൊപ്പം ആദ്യം അഭിനയിച്ചത് ബാലേട്ടനിലാണ്. അദ്ദേഹത്തെ കാണുമ്പോള്‍ എന്ത് പറയുമെന്നൊക്കെ ഓര്‍ത്ത് ടെന്‍ഷനിലായിരുന്നു. എന്നെ കണ്ടതും പുള്ളി വന്ന് കൈ തന്ന് കെട്ടിപ്പിടിച്ചു. അതോടെ ടെന്‍ഷനെല്ലാം മാറി. ഓടിവരുന്നൊരു സീന്‍ ചീത്രീകരിക്കുന്നതിനിടെ, അവിടെ വഴുക്കലുണ്ടെന്ന് എനിക്ക് പറഞ്ഞ് തന്നിരുന്നു. അതുപോലെ ഞാന്‍ എന്തൊക്കെ കാണിക്കുന്നോ, അതൊക്കെ നീയും കാണിച്ചോയെന്നും പറഞ്ഞു. ഞാന്‍ മുണ്ടഴിച്ചാല്‍ നീയും അഴിച്ചോളണം. സ്‌ക്രീനില്‍ കണ്ടപ്പോഴാണ് ആ സീനിന്റെ ഇംപാക്റ്റ് ശരിക്കും മനസിലാക്കിയതെന്നും ഹരിശ്രീ അശോകൻ ഓർമിച്ചു.
അതേ സമയം യുവതാരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാറാണി. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് ഹരിശ്രീ അശോകനും എത്തുന്നത്. നവംബർ 24ന് ചിത്രം തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications











