ആ വേദനയിൽനിന്ന് ഇനിയും മുക്തയാവാതെ മീന; നടിയെ തിരികെ കൊണ്ടുവരാൻ ഗംഭീര പ്ലാനുമായി കലാ മാസ്റ്റർ!, റിപ്പോർട്ട്
മലയാളികൾക്ക് പ്രത്യേകമായൊരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത നടിയാണ് മീന. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. അന്യഭാഷയിൽ നിന്ന് മലയാളത്തിലെത്തി പ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരിയായി മാറിയ അപൂർവം നടിമാരിൽ ഒരാളാണ് മീന.
ബാലതാരമായിട്ടായിരുന്നു മീനയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിലെയും തമിഴിയിലെയും എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട് മീന. ഇവരുടെയൊക്കെ മകളായും സഹോദരിയെയും പ്രണയിനി ആയുമെല്ലാം മീന എത്തിയിട്ടുണ്ട്.

1982 ൽ ശിവാജി ഗണേശന്റെ നെഞ്ചങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു മീനയുടെ അരങ്ങേറ്റം. പിന്നീടാണ് മലയാളത്തിലേക്ക് എല്ലാം മീന എത്തുന്നത്. 90 കളിലാണ് മീന നായിക നടിയായി മാറുന്നത്. 1991 ൽ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ മീന ആദ്യമായി നായികയാകുന്നത്.
സിനിമയിൽ ഏകദേശം നാൽപത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ് മീന. അതേസമയം, ജീവിതത്തിലെ വിഷമകരമായ ഘട്ടത്തിലൂടെയാണ് മീന ഇപ്പോൾ കടന്നു പോകുന്നത്. ഭർത്താവ് വിദ്യാസാഗറിന്റെ മരണം തീർത്ത വേദനയിൽ നിന്ന് പൂർണമായും മുക്തയായിട്ടില്ല നടി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്ന വിദ്യാസാഗർ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തു നിൽക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഒരു മകളാണ് മീനയ്ക്കുള്ളത്. വിജയ് ചിത്രം തെറിയിൽ മകൾ നൈനിക അഭിനയിച്ചിരുന്നു. ഭർത്താവിന്റെ വിയോഗത്തിന്റെ വേദനയിൽ നിന്ന് മീനയെ തിരികെ കൊണ്ടുവരാൻ സുഹൃത്തുക്കൾ എല്ലാവരും ശ്രമിക്കുന്നുണ്ട്. മീനയുടെ സുഖത്തിലും ദുഖത്തിലും എപ്പോഴും ഒപ്പമുണ്ടായിട്ടുള്ള സുഹൃത്താണ് ഡാൻസ് കൊറിയോഗ്രാഫറായ കലാ മാസ്റ്റർ.
വിദ്യാ സാഗറിന്റെ മരണശേഷം താങ്ങായി ഒപ്പം നിന്നതെല്ലാം കലാ മാസ്റ്ററായിരുന്നു. ഇപ്പോഴിതാ, ആ വേദനയിൽ നിന്നും മുഴുവനായും മുക്തയാവാത്ത മീനയെ സന്തോഷിപ്പിക്കാൻ കലാ മാസ്റ്റർ ഒരു പരിപാടിയുമായി എത്തുന്നു എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

സിനിമയിൽ 40 വർഷം പൂർത്തിയാക്കുന്ന മീനയ്ക്ക് വേണ്ടി വലിയ ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്യാൻ ഒരുങ്ങുകയാണ് കലാ മാസ്റ്റർ. മലയാളത്തിലെയും തമിഴിലെയുമെല്ലാം വലിയ താരങ്ങളെ എല്ലാം ക്ഷണിച്ചു കൊണ്ടാണ് പരിപാടി നടത്താൻ പോകുന്നത്. രജനികാന്ത്, കമൽ ഹാസൻ ഉൾപ്പടെയുള്ളവർ പങ്കെടുക്കാൻ എത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.

തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കലാ മാസ്റ്ററോ മീനയോ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചതായി വിവരമില്ല. എന്നിരുന്നാലും മീനയെ പോലൊരു നായികയുടെ നാൽപത് വർഷത്തെ കരിയർ ആഘോഷിക്കേണ്ടത് തന്നെയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ഈ സമയത്ത് ഇത്തരമൊരു ആഘോഷം നടത്തുന്നത്. ഭർത്താവിന്റെ നഷ്ടത്തിൽ തകർന്നിരിക്കുന്ന മീനയ്ക്ക് വലിയ ആശ്വാസമാകുമെന്നും ആരാധാകർ കരുതുന്നു. ഉടനെ പരിപാടിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വരും എന്ന പ്രതീക്ഷയിലാണ് അവർ.

മലയാളത്തിൽ ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് മീന അഭിനയിച്ചത്. സൺ ഓഫ് ഇന്ത്യ എന്ന തെലുങ്ക് ചിത്രമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. റൗഡി ബേബി എന്ന തമിഴ് ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. അതുപോലെ ജാനമ്മ ഡേവിഡ് എന്ന മലയാള സിനിമയും മീനയുടേതായി പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ മീന ഇടക്ക് തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.


Click it and Unblock the Notifications











