ഹണി അങ്ങനെ സംസാരിക്കുന്നത് കേട്ടിട്ടേയില്ല, ഒരുമിച്ച് വർക്ക് ചെയ്തപ്പോൾ; ചർച്ചയായി രഞ്ജുവിന്റെ വാക്കുകൾ
സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഹണി റോസ്. ഏറെക്കാലമായി തനിക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങളിൽ മൗനം വെടിഞ്ഞ് പ്രതികരിക്കാൻ ഹണി തയ്യാറായി. പ്രമുഖ വ്യക്തി തനിക്കെതിരെ നിരന്തരം മോശം പരാമർശം നടത്തുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് ഹണി റോസ് രംഗത്ത് വന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ ഹണി തന്റെ പ്രതിഷേധം അറിയിച്ചു. ഉദ്ഘാടന വേദികളിലെത്തുന്ന ഹണിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത ആക്ഷേപങ്ങൾ വരാറുണ്ട്.
പൊതുവെ ഇതേക്കുറിച്ച് നടി പ്രതികരിക്കാറില്ലായിരുന്നു. എന്നാൽ ഇത്തവണ 27 പേർക്കെതിരെ ഹണി റോസ് പരാതി നൽകി. കേസെടുത്ത കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് നടപടികളും ആരംഭിച്ചു. പ്രമുഖ വ്യക്തിയുടെ അവഹേളിച്ച് കൊണ്ടുള്ള പരാമർശം തന്നെ ഏറെ ബാധിച്ചിരുന്നെന്നാണ് ഹണി പറയുന്നത്. സിനിമാ രംഗത്ത് നിന്നും വലിയ പിന്തുണ ഹണിക്ക് ലഭിക്കുന്നുണ്ട്.

റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത്, പത്മപ്രിയ തുടങ്ങി നിരവധി പേർ ഹണി റോസിന് പിന്തുണയറിയിച്ചു. ഹണി റോസിനെക്കുറിച്ച് മുമ്പൊരിക്കൽ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. രഞ്ജുവിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണിപ്പോൾ. ഹണി ആരെക്കുറിച്ചും മോശം കാര്യങ്ങൾ സംസാരിക്കാത്ത വ്യക്തിയാണെന്ന് അന്ന് രഞ്ജു രഞ്ജിമാർ പറഞ്ഞു.
ഹണി റോസ് വളരെ ശാന്തയാണ്. ഒത്തിരി ബഹളം ഒന്നുമില്ലാത്ത അവനവന്റെ കാര്യം നോക്കുന്ന ആർട്ടിസ്റ്റ്. ഒരാളുടെയും കുറ്റങ്ങൾ പറയില്ല. ഇന്നേ വരെ ഒരാളെ പറ്റി മോശം പറയുന്നത് ഞാൻ കേട്ടിട്ടില്ല. ഒരുപാട് വർക്കുകൾ ഒരുമിച്ച് ചെയ്തിട്ടില്ല. പക്ഷെ ചെയ്തതെല്ലാം സന്തോഷത്തോടെ ചെയ്യാൻ കഴിഞ്ഞു. അവളുടെ കാര്യങ്ങൾ നോക്കി ജീവിക്കുന്ന ആർട്ടിസ്റ്റ്. ഷി ഈസ് ഡിഫറന്റ്, എന്നാണ് രഞ്ജു രഞ്ജിമാർ പറഞ്ഞത്.

ഹണി നേരിടുന്ന സെെബർ ആക്രമണങ്ങളെക്കുറിച്ചും അന്ന് രഞ്ജു രഞ്ജിമാർ സംസാരിച്ചു. എത്രത്തോളം ബോഡി ഷെയ്മിംഗ് നേരിടുന്ന പെൺകുട്ടിയാണവൾ. അതൊക്കെ തരണം ചെയ്യാനാകുന്നത് വലിയൊരു ശക്തിയാണെന്ന് രഞ്ജു രഞ്ജിമാർ പറഞ്ഞു. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് വരുന്ന കമന്റുകളിൽ ഹണി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിട്ടുണ്ട്.
ഇന്ത്യൻ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാൻ പൊതുവേദിയിൽ എത്തിയിട്ടില്ല. നിങ്ങൾ ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ താൻ ഉത്തരവാദിയല്ലെന്ന് ഹണി റോസ് വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീല ഭാഷാ പണ്ഡിതൻമാരെ നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്ന് പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി താൻ യുദ്ധം പ്രഖ്യാപിക്കുകയാണെന്നും ഹണി റോസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഏറെ നാളായി ഉദ്ഘാടന വേദികളിലെ സജീവ സാന്നിധ്യമാണ് ഹണി റോസ്. സിനിമകളും ഷോകളുമായി കരിയറിലെ തിരക്കുകളിലാണ് ഹണി റോസ്. റേച്ചൽ ആണ് നടിയുടെ റിലീസ് ചെയ്യാനുള്ള സിനിമ.


Click it and Unblock the Notifications