'കഴിഞ്ഞു' എന്ന് ഡോക്ടര്‍ പറഞ്ഞത് എനിക്ക് മനസിലായില്ല; അച്ഛന്റെ മരണം മുന്നില്‍ കണ്ട ശ്രീനിവാസന്‍
മലയാള സിനിമയിലെ സകലകലാ വല്ലഭനാണ് ശ്രീനിവാസന്‍. മലയാള ജീവിതത്തിന്റെ ഭാഗമായി മാറിയ സിനിമകളും കഥാപാത്രങ്ങളും സൃഷ്ടിച്ച സിനിമാക്കാരന്‍. അച്ഛന്റെ പാതയിലൂടെ മക്കളും ഇന്ന് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭകളായി നിറഞ്ഞു നില്‍ക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ച് മുമ്പൊരിക്കല്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.
കൈരളി ടിവിയിലെ പരിപാടിയിലാണ് ശ്രീനിവാസന്‍ തന്റെ അച്ഛനെക്കുറിച്ച് സംസാരിച്ചത്. പഴയ ഈ വീഡിയോ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വളരെ വൈകാരികമായിട്ടാണ് വീഡിയോയില്‍ ശ്രീനിവാസന്‍ സംസാരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എറണാകുളത്ത് ഒരു സിനിമയുടെ ചിത്രീകരണ നടക്കുകയാണ്. ഒരുപാട് പേരുമായി കോമ്പിനേഷന്‍ ഉള്ള രംഗമാണ്. ആ സമയത്ത് നാട്ടില്‍ നിന്നൊരു ഫോണ്‍ കോള്‍ വന്നു. എന്റെ അച്ഛന് സുഖമില്ല. ഹൃദയാഘാതാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നായിരുന്നു സന്ദേശം. വളരെ ആരോഗ്യമുള്ള, അധ്വാനിക്കുന്ന ആളായിരുന്നു. നോക്കിയിട്ട് വേഗം തന്നെ വരണമെന്ന് സംവിധായകന്‍ പറഞ്ഞു. അവിടെ അനുജന്‍ മാത്രമാണ് ഉള്ളത്. മറ്റുള്ളവരാരും ഇല്ല. നോക്കിയിട്ട് വരാമെന്ന് പറഞ്ഞ് നാട്ടിലേക്ക് പോയി.

തലശ്ശേരി എത്തി. ആശുപത്രിയില്‍ എത്തുന്നത് രാവിലെയാണ്. അച്ഛനൊപ്പം എന്റെ ഭാര്യയുണ്ട്. ഹൃദയാഘാതം ഉണ്ടായെങ്കിലും കാഴ്ചയില്‍ അച്ഛന് എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നതായി തോന്നിയില്ല. എപ്പോഴത്തേയും പോലെ അച്ഛനും ഞാനും ചെറിയൊരു പിണക്കത്തില്‍ ആയിരുന്ന കാലമാണ്. അധികം സംസാരമൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയൊരു ഘട്ടത്തില്‍ അച്ഛനോട് സംസാരിക്കേണ്ടത് എന്നെനിക്ക് അറിയില്ല.
അച്ഛന്‍ കുറച്ച് വാക്കുകളൊക്കെ എന്നോട് സംസാരിച്ചു. എന്തെങ്കിലും വിഷമമുണ്ടോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അങ്ങനെയൊന്നുമില്ല ഈ ആശുപത്രി ശരിയല്ല എനിക്ക് ഇവിടെ നിന്നും പോകണം എന്ന് പറഞ്ഞു. അന്വേഷിച്ചിട്ട് വേണ്ട പോലെ ചെയ്യാമെന്ന് ഞാന്‍ മറുപടി നല്‍കി. ആണ്‍മക്കള്‍ വന്നാല്‍ ഡോക്ടറെ വീട്ടില്‍ ചെന്ന് കാണാന്‍ പറഞ്ഞിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞു. ഞാനങ്ങനെ ഡോക്ടറുടെ വീട്ടില്‍ ചെന്നു.

നിങ്ങള്‍ വിവരങ്ങളൊക്കെ വിശദമായി അറിഞ്ഞോ എന്ന് ഡോക്ടര്‍ ചോദിച്ചു. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. ഇത് രണ്ടാമത്തെ തവണയാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയാമോ എന്ന് ചോദിച്ചു. എന്നോടാരും ഒന്നും പറഞ്ഞിരുന്നില്ല. പത്ത് ദിവസം മുമ്പാണ് ആദ്യത്തെ ഹൃദയാഘാതമുണ്ടാകുന്നത്. മൈനറായിരുന്നു. അതിനാല്‍ നിങ്ങളെ ജോലിക്കിടയില്‍ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയതാകാം എന്ന് ഡോക്ടര്‍ പറഞ്ഞു.
നേരത്തേയും ഈ ആശുപത്രിയില്‍ തന്നെയായിരുന്നു. എന്നാല്‍ നാലം ദിവസം ചികിത്സ മതിയാക്കി ഇറങ്ങിപ്പോവുകയായിരുന്നു. തടയാന്‍ ശ്രമിച്ചിട്ടും അദ്ദേഹം നിന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു. അതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ വീണ്ടും ഇങ്ങനെ സംഭവിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു. അച്ഛന്‍ അങ്ങനൊരു സ്വഭാവം ഉള്ളയാളാണ്. ഇതൊരു മേജര്‍ അറ്റാക്ക് ആണെന്ന് ഡോക്ടര്‍ അറിയിച്ചു. അച്ഛനെ ഞാന്‍ കുറച്ച് മുമ്പ് കണ്ടതാണല്ലോ, ഒരു മേജര്‍ അറ്റാക്ക് വന്നയാളെ പോലെ തോന്നിയിരുന്നില്ല. ഡോക്ടര്‍ എന്നെ പേടിപ്പിക്കാന്‍ നോക്കുകയാണെന്ന് ഞാന്‍ കരുതി.

ഇനിയെന്ത് ചെയ്യാമെന്ന് ചോദിച്ചപ്പോള്‍ ചികിത്സയ്ക്കും മരുന്നിനുമൊക്കെ പരിധികളുണ്ടെന്നും എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അറിയിക്കാമെന്നും ഡോക്ടര്‍ പറഞ്ഞു. ഞാന്‍ തിരികെ അച്ഛന്റെ അടുത്തെത്തി. കുറച്ച് സംസാരിച്ചു. ഇടയ്്ക്ക് നടക്കുകയൊക്കെ ചെയ്തു. പിന്നെ കിടന്നു. കുറച്ച് നിസഹായതോടെ എന്റെ നേരെ കൈ നീട്ടി. കഴിഞ്ഞ കാല ഓര്‍മ്മകള്‍ ചിന്തിച്ചു കൊണ്ടോ, ഒരു ആശ്വാസത്തിന് വേണ്ടിയോ ആയിരുന്നു. പക്ഷെ മറ്റുള്ളവര്‍ കാണുന്ന സെന്റിമെന്റല്‍ ആയൊരു സീനിന് താല്‍പര്യമില്ലാത്തതിനാല്‍ ഞാന്‍ ആ കൈയ്യില്‍ പിടിച്ചില്ല. ആരും കാണാത്തപ്പോള്‍ പിടിക്കാമെന്ന് കരുതി.
കുറച്ച് കഴിഞ്ഞപ്പോള്‍ എന്നെയൊന്ന് താങ്ങിപ്പിടിക്കുമോ എനിക്കൊന്ന് ഇരിക്കണമെന്ന് പറഞ്ഞു. ഞാനും ഭാര്യയും താങ്ങിപ്പിടിച്ച് എഴുന്നേറ്റ് ഇരുത്താന്‍ നോക്കിയപ്പോള്‍ കിടക്കണം എന്നു പറഞ്ഞു. കിടത്തിയപ്പോള്‍ കണ്ണിലെ കൃഷ്ണമണി പിന്നിലേക്ക് പോയി. ഉടനെ തന്നെ നഴ്‌സും പിന്നാലെ ഡോക്ടറുമെത്തി. എന്തൊക്കയോ നടന്നു. ഇതെല്ലാം നടക്കുന്നത് ഒരു പത്തു മിനുറ്റിനുള്ളിലാണ്. ഓക്‌സിജന്‍ സിലണ്ടര്‍ മാറ്റിയ ശേഷം ഡോക്ടര്‍ എന്നോടായി കഴിഞ്ഞു എന്നു പറഞ്ഞു.

എന്റെ ഉള്ളില്‍ കൂടെ ഒരു തീ കടന്നു പോയി. പക്ഷെ എനിക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. എന്താണ് ഡോക്ടര്‍ ഉദ്ദേശിച്ചതെന്ന് മനസിലായില്ല. ഞാന്‍ ഡോക്ടറുടെ മുറിയുടെ വാതില്‍ക്കല്‍ പോയി നിന്നു. രോഗികളെ പരിശോധിക്കുന്നതിനിടയില്‍ ഡോക്ടര്‍ ഞാന്‍ നില്‍ക്കുന്നത് കണ്ടിട്ട് എന്താണെന്ന് ചോദിച്ചു. ഡോക്ടര്‍ കഴിഞ്ഞുവെന്ന് പറഞ്ഞത് എനിക്ക് മനസിലായില്ലെന്ന് ഞാന്‍ പറഞ്ഞു. ആള് പോയി എന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴത്തെ മനസികാവസ്ഥ പറയാനാകില്ല. ഞാന്‍ തിരിച്ചു പോന്നു. എന്താണ് ചെയ്യേണ്ടത് എന്നറിയില്ല.
എന്റെ ഭാര്യയ്ക്ക് ഡോക്ടര്‍ ആദ്യം പറഞ്ഞപ്പോള്‍ കാര്യം മനസിലായിരുന്നു. അവള്‍ കരയുന്നുണ്ടായിരുന്നു. ഞാന്‍ അച്ഛനെ നോക്കി. ജീവിതത്തിലൊരിക്കലും ഒരു സിഗരറ്റു പോലും വലിക്കുകയോ മദ്യപിക്കുകയോ മുറുക്കുയോ ചെയ്യാത്ത അച്ഛന്‍. മക്കള്‍ നന്നാവണമെങ്കില്‍ അവരെ തല്ലി ചതയ്ക്കണം എന്ന് വിചാരിച്ച അച്ഛന്‍. സ്‌നേഹത്തിന്റെ ബാഹ്യമുദ്രകള്‍ അറിഞ്ഞുകൂടാത്ത എന്റെ അച്ഛന്‍. ഞാന്‍ എസ്എസ്എല്‍സി പാസായപ്പോള്‍ കണ്ണീരൊഴുക്കിയ എന്റെ അച്ഛന്‍. സംസാരിക്കാനാകാതെ കരായാനാകാതെ കിടക്കുകയാണ്.


Click it and Unblock the Notifications