ഒരേ പെണ്ണിനെ മൂന്ന് വട്ടം കെട്ടിയ കൊച്ചു പ്രേമന്‍; ഒരാഴ്ച പട്ടിണി കിടന്ന് തല കറങ്ങി വീണു!
മലയാളികള്‍ക്ക് നഷ്ടമായിരിക്കുന്നത് ഒരുപാട് ചിരിയും സ്‌നേഹവുമൊക്കെ സമ്മാനിച്ചൊരു പ്രതിഭയെയാണ്. കൊച്ചു പ്രേമന്‍ എന്ന പേര് മലയാളികള്‍ ഒരിക്കലും മറക്കില്ല. സിനിമാ ലോകത്തും സീരിയല്‍ ലോകത്തുമൊക്കെ തന്റെ സാന്നിധ്യം അറിയിച്ചിട്ടാണ് പോകുന്നത്. മനസിലേക്ക് ഓര്‍മ്മകളുടെ ഒരു തിരയിളക്കം തന്നെ കൊണ്ടു വരാന്‍ സാധിക്കുന്നത്ര ചിരിയോര്‍മ്മകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
രസികനായി അഭിനയിക്കുന്നത് പോലെ തന്നെ തന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യുമായിരുന്നു കൊച്ചു പ്രേമന്‍. ഈയ്യടുത്ത് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ അതിഥികളായി കൊച്ചു പ്രേമനും നടിയും ഭാര്യയുമായ ഗിരിജയും എത്തിയിരുന്നു. തങ്ങളുടെ പ്രണയ കഥ അന്ന് കൊച്ചു പ്രേമന്‍ തുറന്ന് പറഞ്ഞിരുന്നു.

മലയാളികള്‍ക്ക് സുപരിചിതയാണ് ഗിരിജയും. ഇപ്പോള്‍ സാന്ത്വനം പരമ്പരയിലെ ലക്ഷ്മി അമ്മയായി അഭിനയിക്കുന്നത് ഗിരിജയാണ്. ഇരുവരും ഒരുമിച്ച് നാടകത്തില്‍ അഭിനയിച്ചിരുന്നവരാണ്. അവിടെ വച്ചാണ് പരിചയപ്പെടുന്നതും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ. ഈ കഥ കൊച്ചു പ്രേമന്‍ പങ്കുവച്ചത് വിശദമായി വായിക്കാം തുടര്‍ന്ന്.
പേരുപോലെ തന്നെ താനൊരു പ്രേമിസ്റ്റ് ആയിരുന്നുവെന്നാണ് കൊച്ചു പ്രേമന്‍ പറയുന്നത്. സഹോദരിയെ പാട്ടു പഠിപ്പിക്കാന്‍ വന്ന ടീച്ചറുടെ കൂടെ വന്നതായിരുന്നു ഗിരിജ. അവരെ വൈകുന്നേരം കൊണ്ടു വിടുന്നത് താനായിരുന്നുവെന്നും അങ്ങനെയാണ് തങ്ങള്‍ പ്രണയത്തിലാകുന്നതെന്നും താരം പറഞ്ഞിരുന്നു. ആദ്യം പ്രണയം പറഞ്ഞത് താനായിരുന്നുവെന്നും എന്നാല്‍ അപ്പോള്‍ ഗിരിജയ്ക്ക് തന്നോട് താല്‍പര്യമില്ലായിരുന്നുവെന്നാണ് കൊച്ചു പ്രേമന്‍ പറഞ്ഞത്.

ഒരുപാട് പുറകെ നടന്ന ശേഷമാണ് ഗിരിജ സമ്മതിക്കുന്നത്. വീട്ടില്‍ ഒന്നു പറഞ്ഞു നോക്കട്ടെ എന്നായിരുന്നു ഗിരിജ പറഞ്ഞത്. സംസാരിക്കാനായി താന്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അവളുടെ വീട്ടില്‍ ചെന്നുവെന്നും എന്നാല്‍ ചെന്നപ്പോള്‍ പോയ കാര്യം മറന്നു പോയെന്നും കൊച്ചു പ്രേമന്‍ പറഞ്ഞിരുന്നു. കത്തുകളിലൂടെയായിരുന്നു പ്രണയിച്ചതെന്നും താരം ഓര്‍ക്കുന്നുണ്ട്. വിവാഹത്തിന് ഗിരിജയുടെ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.
ഗിരിജയും കൊച്ചു പ്രേമനും ഒരേ നാടകത്തില്‍ അഭിനയിച്ചിരുന്നു. താന്‍ പ്രേമം പറഞ്ഞപ്പോള്‍ ഗിരിജ ആദ്യം നിരസിക്കുകയാണ് ചെയ്തത്. ഇതോടെ താന്‍ ഒരാഴ്ച നിരാഹാരം കിടന്നുവെന്നും ഇതോടെ ബോധം കെട്ടു വീണുവെന്നുമാണ് കൊച്ചു പ്രേമന്‍ പറഞ്ഞത്. ഇതോടെ എല്ലാവരും കൂടെ പറഞ്ഞ് സമ്മതിപ്പിച്ചാണ് വിവാഹം കഴിപ്പിച്ചതെന്നും രജിസ്റ്റര്‍ വിവാഹമായിരുന്നുവെന്നും കൊച്ചു പ്രേമന്‍ പറഞ്ഞിരുന്നു.

എന്നാല്‍ അന്ന് കൊച്ചു പ്രേമന്റെ കൂടെ പോകാതെ ഗിരിജ തന്റെ വീട്ടിലേക്ക് തന്നെയായിരുന്നു പോയത്. തന്റെ വീട്ടില്‍ പറഞ്ഞപ്പോള്‍ സമയം നോക്കി വിവാഹം നടത്തി തരാമെന്നാണ് പറഞ്ഞതെന്നും കൊച്ചു പ്രേമന്‍ പറയുന്നു. അഞ്ച് മാസത്തോളം കൊച്ചു പ്രേമനും ഗിരിജയും കാത്തിരുന്നു. പക്ഷെ ഇതിനിടെ രജിസ്റ്റര്‍ വിവാഹത്തിന്റെ കാര്യം ഇരുവരുടേയും വീട്ടുകാര്‍ അറിഞ്ഞു. ഇതോടെ കുടുംബക്ഷേത്രത്തില്‍ വച്ചൊരു താലികെട്ട് നടത്തുകയായിരുന്നു.

ഇങ്ങനെ രജിസ്റ്റര്‍ വിവാഹവും അമ്പലത്തിലെ താലികെട്ടുമായി രണ്ട് വിവാഹം നടന്നു. തിരികെ വീട്ടില്‍ എത്തിയപ്പോള്‍ വീട്ടില്‍ ആളുകള്‍ കൂടിയിട്ടുണ്ടായിരുന്നു. ഇതോടെ അവിടെ വച്ച് ഒരു താലിച്ചരട് കൂടി അച്ഛനും അമ്മയും അമ്മയും തന്നു. അങ്ങനെ ഒരേ പെണ്ണിനെ താന്‍ മൂന്ന് തവണ കെട്ടിയെന്നാണ് കൊച്ചി പ്രേമന്‍ പറഞ്ഞത്.

68 വയസായിരുന്നു കൊച്ചു പ്രേമന്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഇതോടെ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. കെഎസ് പ്രേം കുമാര്‍ എന്നാണ് കൊച്ചു പ്രേമന്റെ യഥാര്‍ത്ഥ പേര്. 1979 ല്‍ പുറത്തിറങ്ങിയ ഏഴുനിറങ്ങള്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായി മാറുകയായിരുന്നു. പൃഥ്വിരാജ് ചിത്രം കടുവയിലാണ് ഒടുവില്‍ അഭിനയിച്ചത്.


Click it and Unblock the Notifications











