കുറേ കാരണവന്മാരെ നോക്കാനാണോ അമ്മ? അച്ഛന്‍ പെന്‍ഷന്‍ വാങ്ങുന്നത് ആ നടന്‍ മറന്നു: ഇടവേള ബാബു
കഴിഞ്ഞ 25 വര്‍ഷമായി അമ്മയുടെ അമരത്ത് ഇടവേള ബാബു ഉണ്ടായിരുന്നു. ഇന്നസെന്റും മോഹന്‍ലാലും പ്രസിഡന്റുമാരായി വന്നപ്പോഴും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ബാബു തന്നെയായിരുന്നു. പേരില്‍ മാത്രം ഇടവേള നിലനിര്‍ത്തി അമ്മയ്ക്ക് വേണ്ടി ഇടവേളയില്ലാതെ അദ്ദേഹം പ്രവര്‍ത്തിച്ചു. ഇപ്പോഴിതാ കാല്‍നൂറ്റാണ്ട് പിന്നിട്ട തന്റെ നേതൃത്വം ഇടവേള ബാബു അവസാനിപ്പിച്ചിരിക്കുകയാണ്.
അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഇടവേള ബാബു പിന്‍മാറിയിരിക്കുകയാണ്. പകരം ആ സ്ഥാനത്തേക്ക് കടന്നു വന്നത് നടന്‍ സിദ്ധീഖാണ്. തന്റെ കാലയളവില്‍ അമ്മയെ നയിക്കാന്‍ തനിക്ക് ധാരാളം വെല്ലുവിളികളും വേദനകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഇടവേള ബാബു പറയുന്നത്. ഒരിക്കല്‍ ഒരു താരത്തില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവെക്കുകയാണ് ഇടവേള ബാബു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

തീര്‍ച്ചയായും ചിലരുടെ പെരുമാറ്റങ്ങള്‍ മനസില്‍ തട്ടും. എന്നേക്കാള്‍ കൂടുതല്‍ ഞാന്‍ അമ്മയെ സ്‌നേഹിച്ചതുകൊണ്ടാകാം അമ്മയിലെ പ്രശ്‌നങ്ങള്‍ എന്റെ വേലാതികളായി മാറിയത്. രാവിലെ മുതല്‍ ഫോണ്‍കോളുകള്‍ വരും. സെറ്റിലെ പ്രശ്‌നങ്ങള്‍ മുതല്‍ താരങ്ങളുടെ പ്രതിഫല കാര്യങ്ങള്‍ വരെ. ആരേയും പിണക്കാതെ എന്തുപ്രശ്‌നമാണെങ്കിലും ഷൂട്ട് തടസ്സപ്പെടാതെ പരിഹരിച്ചിട്ടുണ്ടെന്നാണ് ഇടവേള ബാബു പറയുന്നത്.
അതേസമയം തന്നെ വേദനിപ്പിച്ച അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. പുതുതലമുറയിലെ ചിലരുടെ പെരുമാറ്റങ്ങള്‍ വേദനിപ്പിച്ചിട്ടുണ്ടെന്നാണ് ഇടവേള ബാബു പറയുന്നത്. ''ഒരു പ്രധാന നടന്റെ മകന്‍. അദ്ദേഹവും നടനാണ്. അച്ഛന്‍ അമ്മയില്‍ നിന്നും ഇന്‍ഷുറന്‍സ് സഹായവും കൈ നീട്ടവും ഒക്കെ വാങ്ങിയ ആളാണ്. എന്നിട്ടും മകന്‍ നടന്‍ സെറ്റിലിരുന്ന് പറഞ്ഞു, എന്തിനാണ് നമ്മള്‍ അമ്മയില്‍ ചേരുന്നത്. കുറേ കാരണവന്മാരെ നോക്കാനാണോ?'' ഇടവേള ബാബു പറയുന്നു.
ഇത്തരം ഒരുപാട് അനുഭവങ്ങളുണ്ടെന്നും പക്ഷെ അതൊന്നും തുറന്ന് പറയാനാവില്ലെന്നാണ് ഇടവേള ബാബു പറയുന്നത്. ഒരു വര്‍ഷം മൂന്നു കോടിയോളം അമ്മയ്ക്ക് ചെലവുണ്ട്. അതു കണ്ടെത്തുന്നത് വലിയ ഉത്തരവാദിത്തമാണ്. ഈ ടെന്‍ഷനെല്ലാം പതിവായതോടെ അവ എന്റെ ആരോഗ്യത്തെ ബാധിച്ചു. സൗഹൃദങ്ങളെ ബാധിച്ചു. സുഹൃത്തുക്കള്‍ക്ക് ഒരാവശ്യം വരുമ്പോള്‍ എന്നെ കിട്ടാറില്ല. അങ്ങനെ പതുക്കെ പതുക്കെ ഒറ്റപ്പെട്ടു. അതിനൊക്കെ മാറ്റം വരണം എന്ന് തോന്നിത്തുടങ്ങിയെന്നാണ് ഇടവേള ബാബു പറയുന്നത്.

കാല്‍നൂറ്റാണ്ട് ചെറിയ കാലയളവല്ല. 25 വര്‍ഷം മുമ്പുള്ള വയസ്സല്ല എന്റേത്. സ്വാഭാവികമായും ചിന്തകള്‍ക്കും മാറ്റം വന്നിട്ടുണ്ട്. മാറ്റം അനിവാര്യമാണ്. പുതിയ തലമുറ വരണം. ഞാന്‍ മാറിയില്ലെങ്കില്‍ ഈ വണ്ടി ഇങ്ങനെ തന്നെ ഓടും. എല്ലാം ബാബു ചെയ്‌തോളും എന്ന തോന്നല്‍ അപകടകരമാണ്. ആ ചിന്ത വന്നാല്‍ അമ്മ മുന്നോട്ട് പോവില്ലെന്നാണ് തന്റെ മാറ്റത്തെക്കുറിച്ച് ഇടവേള ബാബു പറയുന്നത്.
''കഴിഞ്ഞ വാര്‍ഷിക യോഗത്തില്‍ മമ്മൂക്ക വികാരഭരിതമായി സംസാരിച്ചു. ബാബുവിനെ വിട്ടിട്ടൊരു അമ്മ ഇല്ല. കാരണം ബാബുവാണ് ഇതിന്റെ ഡ്രൈവര്‍. ഡ്രൈവറില്ലാതെ യാത്രക്കാരും കണ്ടക്ടറും ചെക്കറും ബസില്‍ കയറി ഇരുന്നിട്ട് കാര്യമുണ്ടോ?'' ഇടവേള ബാബു പറയുന്നു. അടുത്ത മീറ്റിങ് മുതല്‍ എന്റെ സ്ഥാനം വേദിയിലല്ല. സദസ്സിലെ ഒരറ്റത്താവുമെന്ന് അറിയാം. അതിനുവേണ്ടി തയ്യാറെടുത്തു കഴിഞ്ഞുവെന്നും ഇടവേള ബാബു പറയുന്നു.


Click it and Unblock the Notifications











