പട്ടാള സിനിമ ചെയ്ത് ലാലേട്ടനെ പട്ടാളത്തിലെടുത്ത പോലെ എന്നെ പോലീസിലെടുക്കുമോ? ഇന്ദ്രജിത്ത്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രജിത്ത്. നായകനും വില്ലനും സഹനടനും അങ്ങനെ ഏത് തരത്തിലുള്ള വേഷവും ചെയ്ത് ഫലിപ്പിക്കാന്‍ സാധിക്കുന്ന നടനാണ് ഇന്ദ്രജിത്ത്. തീയേറ്ററുകളെ ആവേശം കൊള്ളിച്ചു കൊണ്ട് മുന്നേറുന്ന കുറുപ്പിലും ഇന്ദ്രജിത്ത് അഭിനയിക്കുന്നുണ്ട്. പിന്നാലെ ഇന്ദ്രജിത്ത് നായകനായുള്ള ആഹാ എന്ന സിനിമയുടെ റിലീസ് ചെയ്തിരിക്കുകയാണ്.
മലയാള സിനിമയില്‍ വ്യത്യസ്തമായ പോലീസ് വേഷങ്ങള്‍ ചെയ്തതിന്റെ ക്രെഡിറ്റും ഇന്ദ്രജിത്തിനുണ്ട്. മീശ മാധവനിലൂടെ അരങ്ങേറിയപ്പോള്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച കഥാപാത്രം പോലീസിന്റേതായിരുന്നു. കുറുപ്പിലും ഇന്ദ്രജിത്ത് പോലീസായാണ് എത്തുന്നത്. ഇങ്ങനെ സ്ഥിരമായി പോലീസ് വേഷങ്ങള്‍ ചെയ്യുന്നതിനാല്‍ തന്നെ പോലീസിലെടുക്കുമോ എന്നാണ് ഇന്ദ്രന്‍ ചോദിക്കുന്നത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

'പട്ടാളസിനിമയില്‍ ഒട്ടേറെ അഭിനയിച്ച് ലാലേട്ടനെ പട്ടാളത്തിലെടുത്ത പോലെ എന്നെ പൊലീസില്‍ എടുക്കുമോയെന്ന് സംശയിക്കാവുന്നതാണ്,'' എന്നായിരുന്നു സ്ഥിരമായി പോലീസ് വേഷങ്ങളിലെത്തുന്നതിനെക്കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞത്. 'കുറുപ്പ്, തീര്‍പ്പ്, അനുരാധ, മോഹന്‍ദാസ്, നൈറ്റ് ഡ്രൈവ്, പത്താം വളവ് എല്ലാത്തിലും പൊലീസ് തന്നെ. യാദൃശ്ചികമായി സംഭവിച്ചതാണ് ഇതെല്ലാം. പൊലീസ് കഥാപാത്രമാണെങ്കിലും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്,'' എന്നും താരം പറയുന്നു.
അതേസമയം താന്‍ സംവിധായകന്‍ ആവുകയാണെന്നും ഇന്ദ്രജിത്ത് അറിയിച്ചിരിക്കുകയാണ്. താന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ആറേഴ് മാസമായി അതിന്റെ പിന്നാലെയാണ്. സ്‌ക്രീപ്റ്റ് ഒക്കെ റെഡിയായി വരുന്നേയുള്ളു. പക്ഷേ പ്രൊജക്ട് വരാന്‍ കുറച്ചധികം സമയമെടുക്കും. അങ്ങനെയുള്ള സിനിമയാണ്. 2023 ന് ഉള്ളില്‍ ചെയ്യാമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഇന്ദ്രജിത്ത് പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്സിന് നല്‍കിയ അഭിമുഖത്തിലൂടെ പിതാവ് സുകുമാരനെ കുറിച്ചും നടന്‍ മനസ് തുറക്കുന്നുണ്ട്.
ഞാന്‍ അച്ഛനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. പിന്നെ അച്ഛന്റെ മകന്‍ ആയത് കൊണ്ട് എന്തെങ്കിലും റിയാക്ഷന്‍ മുഖത്ത് വന്ന് പോവുന്നത് ആയിരിക്കും. അച്ഛന്റെ ട്രേഡ് മാര്‍ക്ക് ഉള്ളത് അതൊരു നല്ല കാര്യമല്ലേ, മനഃപൂര്‍വ്വം അച്ഛന്റെ അഭിനയം അനുകരിക്കാന്‍ ഞാന്‍ എവിടെയും ശ്രമിച്ചിട്ടില്ല. എന്റെ രീതിയില്‍ തന്നെയാണ് ചെയ്തിട്ടുള്ളത്. എന്നായിരുന്നു താരം അച്ഛനെ പോലെയുണ്ടെന്ന അഭിപ്രായത്തെക്കുറിച്ച് പ്രതികരിച്ചത്.
ഇതേ കാര്യം കുറേ പേര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ സീരിയസ് ആയി നോക്കുമ്പോള്‍ ചില ആംഗിളുകളില്‍ അച്ഛനെ ഓര്‍മ്മ വരാറുണ്ടെന്നാണ് ചിലരുടെ അഭിപ്രായം. അതൊക്കെ വളരെ നല്ല കാര്യമായിട്ടാണ് ഞാന്‍ കാണുന്നത് എന്നും താരം പറയുന്നു. എന്നാല്‍ അച്ഛനോട് കൂടുതല്‍ സാമ്യമുള്ളത് ഞാനാണെന്ന് പറയാന്‍ പറ്റില്ല. കാരണം ഞാന്‍ അമ്മയെ പോലെയാണ്. അച്ഛന്റെ പഴയ കാലത്തുള്ള ചിത്രങ്ങള്‍ കണ്ടാല്‍ ശരിക്കും രാജുവിനെ പോലെ തന്നെയാണെന്നുമാണ് ഇന്ദ്രജിത്ത് കൂട്ടിച്ചേര്‍ക്കുന്നത്.


Click it and Unblock the Notifications