എനിക്ക് നല്ല ഉടുപ്പോ നല്ല മണമോ ഇല്ലായിരുന്നു, മുന്‍ബെഞ്ചില്‍ ഇരുത്തിയാലും പിന്നിലേക്ക് പോകും: ഇന്ദ്രന്‍സ്
മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രന്‍സ്. ചിരിച്ച മുഖത്തോടെ മാത്രം കാണാറുള്ള ഇന്ദ്രന്‍സ് ഓണ്‍ സ്‌ക്രീനില്‍ തന്റെ ഗംഭീര പ്രകടനം കൊണ്ട് സിനിമാ പ്രേമികളെ അമ്പരപ്പിച്ച നടനാണ്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം അടക്കം നേടിയിട്ടുള്ള ഇന്ദ്രന്‍സ് തന്റെ ലാളിത്യം കൊണ്ടും ഒരുപാട് ഹൃദയങ്ങള്‍ ജയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ഇന്ദ്രന്‍സ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
വീട്ടില്‍ ഞാന്‍ പെട്ടെന്ന് ദേഷ്യം വരുന്നയാളാണ്. ആ സ്വഭാവം എനിക്ക് ഇഷ്ടമിമല്ല എന്നാണ് ഇന്ദ്രന്‍സ് സ്വന്തം ശീലത്തെക്കുറിച്ച് പറയുന്നത്. അതേസമയം നിത്യ ജീവിതത്തില്‍ തമാശ പറയാനുള്ള ചാന്‍സ് താന്‍ ഒരിക്കലും നഷ്ടപ്പെടുത്താറില്ലെന്നും ഇന്ദ്രന്‍സ് പറയുന്നുണ്ട്. എന്നാല്‍ എന്നാ ഹാസ്യ നടന്മാരും അങ്ങനെയല്ലെന്നാണ് താരം പറയുന്നത്. ജഗതി ചേട്ടന്‍ വളരെ സീരിയസാണെന്ന് ഇന്ദ്രന്‍സ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അദ്ദേഹം എപ്പോഴും ഒറ്റയ്ക്കിരുന്ന് ചിന്തിക്കുകയായിരിക്കുമെന്നാണ് താരം പറയുന്നത്.

''എനിക്ക് ഇപ്പോഴും വലിയ ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കാന്‍ പേടിയുണ്ട്. അതിനാല്‍ ഞാന്‍ എന്നിലേക്ക് ഒതുങ്ങുകയാണ് പതിവ്. പക്ഷെ ക്യാമറയുടെ മുന്നില്‍ ഞാന്‍ മറ്റൊരാളായി മാറുകയാണ്'' എന്നാണ് തന്റെ അഭിനയത്തെക്കുറിച്ച് താരം പറയുന്നത്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടും അപകര്‍ഷതാ ബോധമുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്.
''ഉണ്ട്. വലിയ നിലയിലുള്ളവരുടെ അടുത്ത് പോയി കൈ കൊടുത്ത് സംസാരിക്കാന്‍ എനിക്ക് ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. ആരും ശ്രദ്ധിക്കാതെ സൈഡിലൂടെ കടന്നു പോകാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. അപ്പോള്‍ അച്ഛന്‍ എന്താണീ ചെയ്യുന്നതെന്ന് എന്റെ മകന്‍ ചോദിക്കും'' എന്നാണ് ഇന്ദ്രന്‍സ് നല്‍കുന്ന മറുപടി. പിന്നാലെയാണ് താരത്തോട് കുട്ടിക്കാലത്തെക്കുറിച്ച് ചോദിക്കുന്നത്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു ഇന്ദ്രന്‍സ്. അതിനാല്‍ അധ്യാപകര്‍ മുന്നിലത്തെ ബെഞ്ചിലേക്ക് ഇന്ദ്രന്‍സിനെ കൊണ്ടിരുത്തും. എന്നാല്‍ അധ്യാപകര്‍ പോയതിന് പിന്നാലെ ഇന്ദ്രന്‍സ് അവിടെ നിന്നും എഴുന്നേറ്റ് പിന്‍ ബെഞ്ചിലേക്ക് പോയിരിക്കുമായിരുന്നു. അന്ന് മുതല്‍ക്കു തന്നെ തന്റെ മനസില്‍ അപകര്‍ഷതാ ബോധമുണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്.
''ഉണ്ടായിരുന്നു. അത് എന്റെ ജീവിതത്തിന്റെ ഭാഗമായി എന്നുമുണ്ട്. എനിക്ക് നല്ല വസ്ത്രങ്ങളുണ്ടായിരുന്നില്ല. നല്ല മണമായിരുന്നില്ല എനിക്ക്. വലിയ വീടുകളില്‍ നിന്നും വരുന്ന കുട്ടികളുടെ കൂടെ മുന്‍ ബെഞ്ചിലിരിക്കാന്‍ എനിക്ക് യോഗ്യതയില്ലെന്നായിരുന്നു കരുതിയിരുന്നത്. അവരൊക്കെ കാഴ്ചയില്‍ നല്ല വൃത്തിയുള്ളവരും നല്ല മണമുള്ളവരുമായിരുന്നു. കുഞ്ഞുനാളിലേ ഞാന്‍ അവിടെ ഇരിക്കാന്‍ യോഗ്യനല്ലെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ മാറാന്‍ പറയുന്നതിന് മുമ്പ് തന്നെ മാറി കൊടുക്കുമായിരുന്നു'' എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

ഒരുകാലത്ത് തന്നെ കൊടക്കമ്പി എന്ന് വിളിച്ചിരുന്നതിനെക്കുറിച്ചും അഭിമുഖത്തില്‍ ഇന്ദ്രന്‍സ് സംസാരിക്കുന്നുണ്ട്. ''അന്നത്തെ കാലത്ത് അതൊന്നും ബോഡി ഷെയ്മിംഗ് ആണെന്ന് ആരും ചിന്തിച്ചിരുന്നില്ല. അതൊക്കെ സ്വാഭാവികമായിരുന്നു. ആരും എതിര്‍ത്തിരുന്നുമില്ല. കൊടക്കമ്പി എന്ന് വിളിച്ചിരുന്നത് കാരണം എനിക്ക് ഒരുപാട് വേഷങ്ങളും കിട്ടിയിട്ടുണ്ട്. ഇന്ന് സമൂഹം പുരോഗമിച്ചു. അതൊന്നും തമാശയായിരുന്നില്ല, ബോഡി ഷെയ്മിംഗ് ആയിരുന്നുവെന്ന് ജനങ്ങള്‍ക്ക് മനസിലായി'' എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ കരുതുന്നില്ലെന്നും ഇന്ദ്രന്‍സ് പറയുന്നുണ്ട്. ''വ്യക്തിപരമായി ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോകും'' എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചും ഇന്ദ്രന്‍സ് സംസാരിക്കുന്നുണ്ട്. ''അവള്‍ വളരെ നല്ല പെണ്‍കുട്ടിയാണ്. എനിക്കവള്‍ മകളെ പോലെയാണ്. അവള്‍ക്ക് സംഭവിച്ചത് കേട്ട് എനിക്ക് സങ്കടം തോന്നി. പക്ഷെ സത്യം അറിയാതെ എങ്ങനെയാണ് ഒരാള്‍ക്ക് മറ്റൊരാളെ വിധിക്കാന്‍ സാധിക്കുക?''എന്നാണ് താരം പറയുന്നത്.


Click it and Unblock the Notifications