പുതിയ തുടക്കവുമായി പാർവ്വതി ജയറാം! സിനിമയിലേക്ക് തിരിച്ചുവരികയാണോ എന്ന് ആരാധകർ; വീഡിയോ വൈറൽ
ഒരുകാലത്ത് മലയാള സിനിമയുടെ മുഖശ്രീയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന നടിയാണ് പാർവ്വതി ജയറാം. സംവിധായകൻ ബാലചന്ദ്രമേനോനാണ് പാർവതിയെ മലയാള സിനിമക്ക് സമ്മാനിച്ചത്. 1986ൽ പുറത്തിറങ്ങിയ വിവാഹിതരെ ഇതിലെ ആയിരുന്നു ആദ്യ ചിത്രം. തന്റെ അഭിനയ മികവ് കൊണ്ട് നിരവധി കഥാപാത്രങ്ങൾ പാർവ്വതി മികവുറ്റതാക്കി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും പാർവ്വതിക്ക് കഴിഞ്ഞു. 90കളിൽ മലയാള സിനിമയിൽ സജീവമായിരുന്ന പ്രഗൽഭരായ സംവിധായകർക്കൊപ്പമെല്ലാം പാർവ്വതി പ്രവർത്തിച്ചു.
ഒപ്പം ഹിറ്റ് നായകന്മാരുടെയെല്ലാം നായികയുമായി. അതിനിടെ നടൻ ജയറാമുമായി പ്രണയത്തിലായ പാർവ്വതി, നടനെ വിവാഹം കഴിച്ചതോടെ സിനിമ വിടുകയായിരുന്നു. പാർവ്വതിക്ക് ഒപ്പമുണ്ടായിരുന്നവരും ശേഷം വന്നവരും പലരും ഇന്ന് ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരികെ വരുന്നുണ്ട്. എന്നാൽ പാർവ്വതി ഇതുവരെ ഒരു തിരിച്ചുവരവിന് തയ്യാറായിട്ടില്ല. എല്ലാ അഭിമുഖങ്ങളിലും ജയറാമിനോട് പാർവ്വതിയുടെ തിരിച്ചുവരവ് സംബന്ധിച്ച ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. പാർവ്വതി സ്വന്തം ഇഷ്ടപ്രകാരം അഭിനയം നിർത്തിയതാണെന്ന മറുപടിയാണ് ജയറാം നൽകാറുള്ളത്.

അതേസമയം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം പാർവ്വതി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പാർവ്വതി പങ്കുവച്ച പുതിയൊരു വീഡിയോ ശ്രദ്ധനേടുകയാണ്. ഒരു പുതിയ തുടക്കം എന്നു പറഞ്ഞ് തന്റെ വർക്കൌട്ട് വീഡിയോ ആണ് പാർവ്വതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മകൻ കാളിദാസ് ജയറാമാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വർക്കൌട്ടിൽ കാളിദാസ് അമ്മയെ സഹായിക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ വൈറലായതോടെ, ഫിറ്റ്നസൊക്കെ ഉണ്ടാക്കി സിനിമിയലേക്ക് തിരിച്ചുവരാനുള്ള പുറപ്പാടാണോ ഇത് എന്ന ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകർ. പുതിയ തുടക്കം എന്ന രീതിയിൽ പാർവ്വതി നൽകിയിരിക്കുന്ന ഹാഷ്ടാഗും ആരാധകരുടെ സംശയത്തിന് കാരണമായിട്ടുണ്ട്. തീരുമാനം മാറ്റി സിനിമയിലേക്ക് തിരിച്ചുവരുമോയെന്ന് നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. പാർവ്വതിയുടെ സൗന്ദര്യത്തെ പ്രശംസിച്ചുള്ള കമന്റുകളും അമ്മയെ സഹായിക്കുന്ന കാളിദാസിനെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകളും വീഡിയോക്ക് താഴെ കാണാം.
അതേസമയം സിനിമയിലേക്ക് വരാൻ വേണ്ടിയല്ല, ശരീര സംരക്ഷണത്തിന് വേണ്ടി വർക്കൌട്ട് ആരംഭിച്ചതാകും എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അതാകും പുതിയ തുടക്കം എന്നതു കൊണ്ട് ഉദ്ദേശിച്ചത് എന്നും ചിലർ പറയുന്നു. ജയറാമും, കാളിദാസും എല്ലാം വർക്കൌട്ടിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നവരാണ്. ഇവരുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ മുൻപ് വൈറലായിട്ടുണ്ട്. എന്നിട്ടും പാർവ്വതി ഇതുവരെ അതിലൊന്നും ശ്രദ്ധിക്കാതിരുന്നത് എന്താണെന്ന ചോദ്യങ്ങളുമുണ്ട്. എന്തായാലും ഈ തീരുമാനം നന്നായി. വൈകാതെ സിനിമയിലേക്കും പ്രതീക്ഷിക്കുന്നു എന്ന് ആരാധകർ പറയുന്നു.

സിനിമയിൽ സജീവമായിരുന്ന കാലത്തു പോലും അഭിനയിക്കാൻ മടിയുള്ള കൂട്ടത്തിലായിരുന്നു പാർവ്വതി. അമ്മയുടെ നിർബന്ധം കൊണ്ടാണ് താൻ സിനിമയിലേക്ക് വന്നതെന്ന് പാർവ്വതി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ജയറാമുമായുള്ള വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്താമല്ലോ എന്നതായിരുന്നു ഒരു സമയത്ത് പാർവ്വതിയുടെ സന്തോഷം. വിവാഹശേഷം ചില വാരികകൾക്ക് വേണ്ടി ഫോട്ടോഷൂട്ട് നടത്തി എന്നല്ലാതെ സിനിമയിലേക്ക് ഒന്ന് എത്തി നോക്കുകപോലും ചെയ്തിട്ടില്ല പാർവ്വതി. അതേസമയം പാർവ്വതിയുടെ ഒരു തിരിച്ച് വരവുണ്ടാകും എന്ന് ഉറച്ചു വിശ്വസിക്കുന്ന നിരവധി ആരാധകരുണ്ട്.


Click it and Unblock the Notifications











