മഞ്ജു വാര്യര്‍ ആരെന്ന് അറിയില്ല, ദിലീപിന്റെ ഭാര്യയാണെന്നാണ് പറഞ്ഞത്; സീരിയല്‍ ചെയ്തിട്ടുണ്ടോന്ന് ചോദിച്ചു!
മലയാള സിനിമയിലെ മിക്ക താരങ്ങളുടേയും ഇഷ്ടപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ജാന്‍മണി. മലയാളികള്‍ ജാന്‍മണിയെ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ നിറ സാന്നിധ്യമായിരുന്നു ജാന്‍മണി. അസം സ്വദേശിയായ ജാന്‍മണിയുടെ മുറി മലയാളമൊക്കെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. മഞ്ജു വാര്യര്‍, ഭാവന തുടങ്ങി 300ലധികം താരങ്ങള്‍ക്ക് മേക്കപ്പ് ചെയ്തിട്ടുണ്ട് ജാന്‍മണി.
ഇപ്പോഴിതാ ആദ്യമായി മഞ്ജു വാര്യര്‍ക്ക് മേക്കപ്പ് ചെയ്യാന്‍ പോയ അനുഭവം പങ്കുവെക്കുകയാണ് ജാന്‍മണി. കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍മണി മനസ് തുറന്നത്. മഞ്ജു വാര്യര്‍ ആരെന്ന് പോലും അറിയാതെയാണ് താന്‍ മഞ്ജുവിനെ മേക്കപ്പ് ചെയ്തതെന്നാണ് ജാന്‍മണി പറയുന്നത്.

''പൂര്‍ണിമ ചേച്ചിയാണ് വിളിക്കുന്നത്. എന്റെ സുഹൃത്താണ്, ഫോട്ടോഷൂട്ട് ഉണ്ട്, ചെയ്യുമോ എന്ന് ചോദിച്ചു. ചെയ്യാം ആരാണെന്ന് ഞാന്‍ ചോദിച്ചു. നടന്‍ ദിലീപിന്റെ ഭാര്യയാണെന്ന് പറഞ്ഞു. ഞാന്‍ വന്ന സമയമാണല്ലോ. എനിക്ക് ആരാണ് സൂപ്പര്‍ സ്റ്റാര്‍ എന്നൊന്നും അറിയില്ല. ആരാണ് ദിലീപ് എന്ന് ഞാന്‍ ചോദിച്ചു. എന്റെ സുഹൃത്താണ്, നീ മേക്കപ്പ് ചെയ്യൂ എന്ന് പൂര്‍ണിമ ചേച്ചി പറഞ്ഞു. ചേച്ചി വിശദീകരിക്കാനൊന്നും നിന്നില്ല'' ജാന്‍മണി പറയുന്നു.
''ഞങ്ങള്‍ ചെന്നു. നല്ല സുന്ദരിയാണ്. പക്ഷെ ഞങ്ങള്‍ ലാഷസ് ബോക്‌സ് എടുക്കാന്‍ മറന്നിരുന്നു. തപ്പി തപ്പി ഒരെണ്ണം കിട്ടി. അത് രണ്ടാക്കി മുറിച്ചാണ് ലാഷസ് വച്ചു കൊടുത്തത്. ആ സമയത്ത് മഞ്ജു ചേച്ചി സിനിമയിലേക്ക് തിരികെ വന്നിട്ടില്ല. എനിക്ക് ആരാണെന്നും അറിയില്ല. അന്നാണെങ്കില്‍ ഇന്നത്തേത് പോലെ സോഷ്യല്‍ മീഡിയയുമില്ല. എനിക്കൊന്നും അറിയില്ല, ജാനുവിന്റെ ഇഷ്ടം പോലെ ചെയ്യാന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു'' എന്നും ജാന്‍മണി പറയുന്നു.
ഭയങ്കര വൈറലായി. ആ സമയത്ത് സോഷ്യല്‍ മീഡിയയൊന്നും സജീവമല്ല. എന്നിട്ടും ഭയങ്കരമായി വൈറലായി. എന്നെ ഒരുപാട് പേര്‍ വിളിച്ചു. അപ്പോള്‍ അവര്‍ക്ക് അത്ര സ്വാധീനം ഉണ്ടായിരുന്നിരിക്കണം. പിന്നെ ഞാന്‍ പൂര്‍ണിമ ചേച്ചിയെ വിളിച്ച് അവര്‍ ആരാണ്? സീരിയലിലെങ്ങാനും അഭിനയിച്ചിട്ടുണ്ടോ? എന്ന് ചോദിച്ചു. നീ എന്താണ് ചെയ്തതെന്ന് പൂര്‍ണിമ ചേച്ചി ചോദിച്ചു. ഞാന്‍ കുറച്ച് ഉപദേശം കൊടുത്തിരുന്നുവെന്ന് ഞാന്‍ പറഞ്ഞുവെന്നും താരം പറയുന്നു.

പൂര്‍ണിമ ചേച്ചിയാണ് പറയുന്നത് മഞ്ജു വാര്യര്‍ സൂപ്പര്‍ സ്റ്റാറാണ്, മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെ വലിയ താരമാണ് എന്നൊക്കെ. അവര്‍ വളരെ പ്രൊഫഷണല്‍ ആയിരുന്നു. ഫോട്ടോഷൂട്ട് കഴിഞ്ഞത് പോലും അറിഞ്ഞില്ല. അത്രയും എളിമയുള്ള സൂപ്പര്‍ സ്റ്റാറിനെ ഞാന്‍ ആദ്യമായി കാണുകയായിരുന്നുവെന്നും ജാന്‍മണി പറയുന്നു. സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വളരെയധികം ലാളിത്യമുള്ളവരാണ്. മഞ്ജു ചേച്ചി ഇപ്പോള്‍ മെസേജ് അയച്ചാലും മറുപടി തരും. മഞ്ജു വാര്യര്‍ക്ക് മുന്നില്‍ ഞാന്‍ ആരുമല്ല. ആ ആര്‍ട്ടിസ്റ്റാണ് നമ്മളോട് അത്രയും സ്‌നേഹം കാണിക്കുന്നതെന്നും താരം പറയുന്നു.
പിന്നീട് മഞ്ജു വാര്യര്‍ക്കൊപ്പം നിരവധി ഫോട്ടോഷൂട്ടുകളും സിനിമകളും ചെയ്തിട്ടുണ്ട് ജാന്‍മണി. ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ മഞ്ജു തിരികെ വന്നപ്പോഴും ജാന്‍മണി മേക്കപ്പ് ചെയ്തിട്ടുണ്ട്. അസമില്‍ നിന്നും വന്ന തനിക്ക് കേരളം ഏറെ ഇഷ്ടമാണെന്നാണ് ജാന്‍മണി പറയുന്നത്. അസമിനേക്കാള്‍ തനിക്ക് ആത്മബന്ധമുള്ളത് കേരളത്തോടാണെന്നും താരം പറയുന്നു. ഇവിടെ നിന്നും ലഭിക്കുന്ന സ്‌നേഹം പകരം വെക്കാനില്ലാത്തതാണെന്നും താരം പറയുന്നുണ്ട്.


Click it and Unblock the Notifications