കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്നാണ് എന്നെക്കുറിച്ചെഴുതിയത്; നൂറ് ദിവസം ഓടിയ സിനിമയുടെ റിവ്യു!
മലയാള സിനിമയെ റിവ്യുവേഴ്‌സ് നശിപ്പിക്കുന്നുവെന്ന ആരോപണം ഇപ്പോള്‍ സജീവമാണ്. സിനിമാ മേഖലയില്‍ നിന്നും പല പ്രമുഖരും റിവ്യുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. നല്ല സിനിമയെ റിവ്യു പറഞ്ഞ് നശിപ്പിക്കുന്നുവെന്നാണ് ചിലരുടെ വാദം. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ജഗദീഷ്. റിവ്യു അവകാശമാണെന്നും അതിനെ ഉള്‍ക്കൊള്ളാന്‍ അഭിനേതാക്കള്‍ തയ്യാറായിരിക്കണമെന്നും ജഗദീഷ് പറയുന്നു.
മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് തന്റെ നിലപാട് വ്യക്തമാക്കിയത്. പുതിയ സിനിമയായ ഫാലിമിയുടെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ജഗദീഷ് ബേസില്‍ ജോസഫടക്കമുള്ള ചിത്രത്തിലെ മറ്റ് താരങ്ങള്‍ക്കൊപ്പം അഭിമുഖത്തിനെത്തിയത്.

ഇന്നാണ് സിനിമ മോശമാണെന്ന് പറഞ്ഞ് റിവ്യൂസ് വരുന്നുവെന്നാണ് പറയുന്നത്. പക്ഷെ ഞാന്‍ അതിന്റെ തിക്താനുഭവം അനുഭവിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കലാകൗമുദി വാരികയില്‍ എസ് ജയചന്ദ്രന്‍ നായര്‍ സാര്‍ സിനിമാ റിവ്യു എഴുതുമായിരുന്നു. അന്ന് വെല്‍ക്കം ടു കൊടൈക്കനാല്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ റിവ്യു എഴുതിയിരുന്നു. വെല്‍ക്കം ടു കൊടൈക്കനാല്‍ എന്നെഴുതിയിട്ട് താഴെ എഴുതിയയത് കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്നായിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്.
അതായത് മോഹന്‍ലാലിനെ പോലൊരു നായകന്‍ ചെയ്യേണ്ടിയിരുന്ന വേഷം എന്ത് അടിസ്ഥാനത്തിലാണ് ജഗദീഷ് ചെയ്തത് എന്നായിരുന്നു ആ റിവ്യു. അതില്‍ ഞാന്‍ തളര്‍ന്നില്ല. ഈ ജയചന്ദ്രന്‍ നായര്‍ സാറിനോട് എന്നോട് യാതൊരു വ്യക്തി വിദ്വേഷവുമില്ല. പിന്നീട് ജി ശങ്കരപ്പിള്ള സാറിന്റെ സംവിധാനത്തില്‍ സാകേതം എന്ന നാടകത്തില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഞാന്‍ നന്നായി അഭിനയിച്ചു എന്നായിരുന്നു ഞാന്‍ വിശ്വസിച്ചിരുന്നത്.
അങ്ങനെയിരിക്കുമ്പോള്‍ കലാകൗമുദിയിലെ റിവ്യുവില്‍ എഴുതിയത്, ഞാന്‍ ലക്ഷ്മണന്‍ ആയിട്ടാണ് അഭിനയിച്ചത്, ജേഷ്ടനെ കാട്ടിലേക്ക് അയച്ചതില്‍ കുപിതനായി വരുന്ന ജഗദീഷ് കുമാറിന്റെ ലക്ഷ്മണന്‍ മടലുമായി വരുന്ന തമിഴ് സിനിമയിലെ സ്റ്റണ്ട് നായകന്മാരെ അനുസ്മരിപ്പിച്ചു എന്നാണ്. അതിലൊന്നും ഞാന്‍ തളര്‍ന്നില്ല. ജി ശങ്കരപ്പിള്ള സാര്‍ നല്‍കിയ ഉപദേശമുണ്ട്.
റിവ്യൂസ് അങ്ങനെയൊക്കെ വരും, ജഗദീഷിന്റെ അഭിനയത്തിന് എല്ലാവരും ഓക്കെ അടിച്ചിട്ടില്ലെന്ന്. അപ്പോള്‍ ജഗദീഷ് മെച്ചപ്പെടാന്‍ ശ്രമിക്കണം എന്ന്. ഞാനത് ഉള്‍ക്കൊണ്ടു. റിവ്യുകളില്‍ നമ്മള്‍ തളരാന്‍ പാടില്ല. ഒരാള്‍ പറയും എക്‌സലന്റ് ജോബ് എന്ന്. വേറൊരാള്‍ പറയും എന്തോന്ന് ആക്ടിംഗ്, പരമ ബോര്‍ എന്ന്. അത് രണ്ടും ഒരുപോലെ സ്വീകരിക്കാന്‍ പറ്റണം. റിവ്യു അവകാശമാണ്. മോശം പറഞ്ഞാല്‍ എന്റെ ഭാഗത്തു നിന്നും എന്തോ തെറ്റ് സംഭവിച്ചിട്ടുണ്ട് അതുകൊണ്ടാകുമെന്ന് ഞാന്‍ ആലോചിക്കുമെന്നും ജഗദീഷ് പറയുന്നു.
ഞാനീ രൂക്ഷമായ വിമര്‍ശനം എത്രയോ കാലം മുമ്പ് കേള്‍ക്കുന്നതാണ്. വെല്‍ക്കം ടു കൊടൈക്കനാല്‍ സൂപ്പര്‍ ഹിറ്റായിരുന്നു. നൂറ് ദിവസം ഓടിയ സിനിമയാണ്. അതിനും അങ്ങനെയുള്ള റിവ്യു വന്നിട്ടുണ്ട്. ഞാനതില്‍ തളര്‍ന്നിട്ടില്ല. അദ്ദേഹത്തിന് അത് പറയാന്‍ പറ്റും. അദ്ദേഹം നല്ല വിമര്‍ശകനാണ്. നല്ല സിനിമയ്ക്കായി നിലനില്‍ക്കുന്ന ആളാണ്. അദ്ദേഹത്തിന് തോന്നി, എഴുതി.

സാഹിത്യത്തിലും റിവ്യു ഉണ്ടായിരുന്നു. ചെറുകഥകളുടെ റിവ്യുവില്‍ ഒരിക്കല്‍ എഴുതിയത് ഇത് എഴുതിയാള്‍ക്ക് ഇത് നിര്‍ത്തി വേറെ വല്ല പണിയ്ക്കും പോയ്ക്കൂടെ എന്നായിരുന്നു. വാഴക്കൃഷിയ്ക്ക് പൊയ്ക്കൂടെ തോട്ടിപ്പണിക്ക് പൊയ്ക്കൂടെ എന്നൊക്കെ എഴുതും. അപ്പോള്‍ തോട്ടിപ്പണി അത്ര മോശം പണിയാണോ എന്ന മറുചോദ്യം വന്നുവെന്നും ജഗദീഷ് ഓര്‍ക്കുന്നു.
വിമര്‍ശനം എല്ലാ കാലത്തുമുണ്ട്. അതില്‍ അസഹിഷ്ണുത പാടില്ല. നിര്‍മ്മാതാക്കള്‍ പറയുന്നത് അവരുടെ കൊമേഷ്യല്‍ ആംഗിളില്‍ ചിന്തിക്കുമ്പോള്‍ ശരിയായിരിക്കും. പക്ഷെ വിമര്‍ശനത്തെ നേരിടാന്‍ നമ്മള്‍ തയ്യാറായിരിക്കണം. കലാ രൂപത്തെ വിമര്‍ശിക്കാം. വ്യക്തിപരമായ ആക്രമത്തിലേക്ക് കടക്കാതെ കലാപരമായി വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഒരു വിമര്‍ശനകനുണ്ട്. റിവ്യുവേഴ്‌സും ഈ വ്യവസായത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications