സിനിമയെ നിയന്ത്രിക്കുന്ന സ്വാധീന ശക്തികളുണ്ട്; പവര്‍ ഗ്രൂപ്പിനെയല്ല, പേടിക്കേണ്ടത് കവര്‍ ഗ്രൂപ്പിനെ!
സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കി നടന്‍ ജഗദീഷ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്. സിനിമയില്‍ എല്ലാക്കാലത്തും നിയന്ത്രിക്കുന്നവരും സ്വാധീന ശക്തികളുമുണ്ടെന്നാണ് ജഗദീഷ് പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
''സിനിമയില്‍ എല്ലാക്കാലത്തും ഗതിവിഗതികളെ നിയന്ത്രിക്കുന്നവരുണ്ട്. ഓരോ കാലത്തും ഹിറ്റ്‌മേക്കേഴ്‌സ് ഉണ്ടാകും. തുടര്‍ച്ചയായി വിജയം നേടിക്കൊണ്ടിരിക്കുന്ന താരങ്ങളും നിര്‍മ്മാതാക്കളും സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും അവര്‍ വിജയിച്ചു നില്‍ക്കുന്ന കാലത്ത് സിനിമയെ സ്വാധീനിച്ചേക്കാം. ഉദാഹരണത്തിന് തുടര്‍ച്ചയായി അഞ്ച് ഹിറ്റുകള്‍ കിട്ടുന്ന സംവിധായകന്റെ വാക്കുകള്‍ക്ക് ഇന്‍ഡസ്ട്രിയില്‍ മൂല്യം കൂടും. അഭിനേതാക്കളും അതുപോലെ തന്നെ'' എന്നാണ് ജഗദീഷ് പറയുന്നത്.

അതുകൊണ്ട് പവര്‍ഗ്രൂപ്പ് എന്നു പറയുന്നതിനേക്കാളും സ്വാധീനശക്തി എന്നു വിശേഷിപ്പിക്കാം. സ്വന്തം പ്രൊജക്ടുകള്‍ വിജയിപ്പിക്കുന്നതിനുള്ള ഇവരുടെ ഇടപെടലുകള്‍ മറ്റുള്ളവര്‍ക്കു ഹാനികരമായാല്‍ അതു കുഴപ്പമാണ്. അങ്ങനെ ഉണ്ടായോ എന്നതിനു തെളിവില്ലാതെ മറുപടി പറയുന്നത് ശരിയല്ല. വിജയത്തിന്റെ കൂടെ നില്‍ക്കുന്നവര്‍ പ്രബലരാണ്. അവര്‍ ഓരോ കാലത്തും മാറി മാറി വരുമെന്നാണ് ജഗദീഷ് പറയുന്നത്.
പവര്‍ ഗ്രൂപ്പിനെയല്ല, കവര്‍ ഗ്രൂപ്പിനെയാണ് സൂക്ഷിക്കേണ്ടതെന്നും ജഗദീഷ് അഭിപ്രായപ്പെടുന്നുണ്ട്. ഒളിഞ്ഞു നിന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നവരാണ് അവര്‍. ഒരാളെ തകര്‍ക്കാന്‍ പ്രവര്‍ത്തനങ്ങള്‍ മോശമാണെന്ന് പറഞ്ഞു പരത്തും. മെച്ചപ്പെടുത്താന്‍ ഒരു നിര്‍ദ്ദേശവും തരില്ല. കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും. അങ്ങനൊരു സംഘമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു.
അതേസമയം, കഴിവുള്ള ഒരു താരത്തെ എല്ലാക്കാലത്തും മാറ്റി നിര്‍ത്താന്‍ ഏത് പവര്‍ഗ്രൂപ്പ് വിചാരിച്ചാലും സാധിക്കില്ലെന്നും ജഗദീഷ് പറയുന്നു. എനിക്ക് പറ്റിയ റോള്‍ എനിക്കു തന്നെ കിട്ടും. സംഘടനയോടു പിണങ്ങിയതയിന്റെ പേരില്‍ ആരേയും മാറ്റി നിര്‍ത്താന്‍ പാടില്ല എന്നാണ് എന്റെ വിശ്വാസം. വിലക്കുകള്‍ ഒരിക്കലും പരിഹാരമല്ലെന്നും താരം പറയുന്നു.

സ്ത്രീകള്‍ക്ക് മാത്രമല്ല, ആര്‍ക്കു നേരെ ആക്രമണമുണ്ടായാലും അതെല്ലാം മുഖവിലയ്‌ക്കെടുക്കേണ്ടതു തന്നെയാണ്. എല്ലാ മേഖലയിലും ഇതൊക്കെയുണ്ടാകുമെന്ന് പറഞ്ഞുള്ള ഒഴിഞ്ഞു മാറല്‍ ശരിയല്ല എന്നും ജഗദീഷ് അഭിപ്രായപ്പെടുന്നുണ്ട്. അമ്മയില്‍ തിരുത്തലുകള്‍ വൈകിയിട്ടുണ്ടെങ്കില്‍ ഞാനുള്‍പ്പടെ അതിന് ഉത്തരവാദികളാണെന്നും താരം പറയുന്നു. മാറി നിന്ന്, എല്ലാം പ്രശ്‌നമാണെന്നു കുറ്റപ്പെടുത്താന്‍ ആര്‍ക്കും പറ്റും. നല്‍പ്പതു വര്‍ഷമായി ഞാനും സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ തിരുത്തലുകള്‍ വൈകി എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് എനിക്കും മാറി നില്‍ക്കാനാകില്ലെന്നും ജഗദീഷ് വ്യക്തമാക്കുന്നു.
എന്നാല്‍ സിനിമയില്‍ തുല്യവേതനം എന്നത് അപ്രായോഗികമാണെന്നാണ് ജഗദീഷ് പറയുന്നത്. ആര്‍ക്കാണോ കൂടുതല്‍ മാര്‍ക്കറ്റ് അവര്‍ക്ക് സ്വാഭാവികമായും ശമ്പളം കൂടുതലായിരിക്കും. എല്ലാ മേഖലയിലും അങ്ങനെ തന്നെയാണെന്നും ജഗദീഷ് പറയുന്നു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ അമ്മയുടെ ഔദ്യോഗിക വിശദീകരണത്തിനെതിരെ ജഗദീഷ് രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മോഹന്‍ലാല്‍ രാജിവെക്കുകയും ഭരണസമിതി പിരിച്ചു വിടുകയും ചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളും മലയാള സിനിമയെ പിടിച്ചുലച്ചിരിക്കുകയാണ്.


Click it and Unblock the Notifications











