ആ കുരങ്ങനു മദ്യം കൊടുത്തു കൂടുതല്‍ അലമ്പാക്കണ്ട! വന്ദനം സെറ്റില്‍ നടന്നത് പങ്കുവച്ച് ജഗദീഷ്
വന്ദനം സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ അനുഭവം പങ്കിട്ട് നടന്‍ ജഗഗീഷ്. ഷൂട്ടിംഗ് കഴിഞ്ഞ് വൈകിട്ട് നടന്ന മദ്യപാന പരിപാടിക്കിടെയുണ്ടായ സംഭവമാണ് ജഗദീഷ് പങ്കുവെക്കുന്നത്. വനിതയിലെഴുതിയ ഓര്‍മ്മക്കുറിപ്പിലൂടെയാണ് രസകരമായ ആ സംഭവം ജഗദീഷ് പങ്കുവെക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശനും നടന്മാരായ മണിയന്‍പിള്ള രാജുവും മുകേഷുമൊക്കെയുള്ള സദസില്‍ വച്ച് നടന്ന സംഭവത്തെക്കുറിച്ചാണ് താരം പറയുന്നത്. ആ വാക്കുകള്‍ വായിക്കാം.
''വന്ദനത്തിന്റെ ഷൂട്ടിങ് ബെംഗളൂരുവില്‍ നടക്കുന്നു. വൈകിട്ട് പ്രിയന്റെ മുറിയില്‍ ചിലപ്പോള്‍ 'ആഘോഷങ്ങള്‍' നടക്കും. അത്തരം ആഘോഷ സദസ്സുകള്‍ക്ക് എന്നെ പോലെ മദ്യപിക്കാത്തവര്‍ ബാധ്യതയാണ്. മദ്യപിക്കില്ലെങ്കിലും അ തിന്റെ ഇരട്ടി ടച്ചിങ്‌സ് കഴിച്ചു തീര്‍ക്കും. മുന്നിലെത്തുന്ന കുരുമുളകിട്ട അണ്ടിപ്പരിപ്പും കടലയുമെല്ലാം ഞാന്‍ വാരിയെടുക്കുന്നതു കണ്ടു മുകേഷിന് ദേഷ്യം വന്നു. 'ഡേയ് നിര്‍ത്ത് നിര്‍ത്ത്... അതില്‍ തൊടരുത്...'' ജഗദീഷ് പറയുന്നു.

'അതങ്ങനെയാണ്, ആയിരക്കണക്കിന് രൂപയുള്ള സ്‌കോച്ച് വെറുതെ തരും. പത്തു രൂപയുടെ കപ്പലണ്ടി എടുക്കാന്‍ സമ്മതിക്കില്ല എന്ന് ജഗദീഷ് പറഞ്ഞു. ഇതോടെ മുകേഷിനൊപ്പം മണിയന്‍പിള്ള രാജുവും ചേര്‍ന്നു. 'മദ്യം കഴിക്കാത്തവരെ വിശ്വസിക്കാന്‍ പറ്റില്ല. അവര്‍ രഹസ്യങ്ങള്‍ സൂക്ഷിക്കും. നമ്മളാണെങ്കില്‍ രണ്ടെണ്ണം അടിക്കുമ്പോഴെങ്കിലും എല്ലാം തുറന്നു പറയും.' എന്നായിരുന്നു മണിയന്‍പിള്ള രാജു പറഞ്ഞത്.
അതോടെ രംഗം കൊഴുക്കുകയും ജഗദീഷ് മദ്യപിക്കാത്തത് വലിയ കുറ്റമായി മാറുകയും ചെയ്തു. 'ഇന്നു നീ ഒരു പെഗ് കുടിച്ചില്ലെങ്കില്‍ പ്രിയന്റെ ഒരു സിനിമയിലും നിനക്ക് വേഷമില്ല.' എന്ന് മുകേഷ് പറഞ്ഞുവെന്നാണ് ജഗദീഷ് ഓര്‍ക്കുന്നത്. മുകേഷിന്റെ പ്രസ്താവന എല്ലാവരും ചേര്‍ന്ന് കൈയടിച്ചു പാസാക്കി. അതോടെ താന്‍ ധര്‍മസങ്കടത്തിലായി എന്നാണ് ജഗദീഷ് പറയുന്നത്. ഒടുവില്‍ മദ്യം നിറച്ച ഗ്ലാസ് കയ്യിലെടുത്തു. കുടിക്കുന്ന ഭാവത്തിലിരുന്നുവെന്നും ജഗദീഷ് പറയുന്നു.

പക്ഷെ താന്‍ മദ്യപിച്ചില്ല, പകരം ആരും കാണാതെ അടുത്തിരുന്ന ചെടിച്ചട്ടിക്ക് ഉള്ളിലേക്കു ഗ്ലാസ് കമിഴ്ത്തി എന്നാണ് ജഗദീഷ് പറയുന്നത്. പക്ഷെ ജഗദീഷിന്റെ കഷ്ടകാലത്തിന് അത് മുകേഷ് കണ്ടു. അതോടെ രംഗം കൂടുതല്‍ കൊഴുത്തു. മദ്യം ഒഴിച്ചു കളഞ്ഞതിന് എല്ലാവരും ജഗദീഷിനെ വഴക്കു പറഞ്ഞു. ഒടുവില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ ഇടപെടുകയായിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്.
''ഒടുവില്‍ പ്രിയന്‍ പറഞ്ഞു, 'ജഗദീഷിനെ നമുക്ക് വെറുതെ വിടാം. ജഗദീഷ് മദ്യപിക്കാതിരിക്കുന്നതാണു നല്ലത്. ഒരു സംസ്‌കൃത ശ്ലോകമുണ്ട്. 'മര്‍ക്കടസ്യ സുരപാനം, മധ്യേ വൃശ്ചിക ദംശനം, തന്മധ്യേ ഭൂതസഞ്ചാരം, കിം ബ്രൂമോ വൈകൃതം സഖേ?'. സ്വതവേ ബഹളക്കാരനായ കുരങ്ങന്‍ കള്ളുകുടിച്ചാല്‍ എങ്ങനെയിരിക്കും? പോരാത്തതിന് പൃഷ്ഠത്തില്‍ തേളും കൂടി കുത്തിയാലോ? അതു പോരാത്തതിന് ഭൂതം പിടിച്ചാലോ? അതില്‍പരം വൈകൃതം മറ്റൊന്നുമില്ല. ജഗദീഷ് മദ്യപിച്ചാലും അതാകും അവസ്ഥ. അതുകൊണ്ട് ആ കുരങ്ങനു മദ്യം കൊടുത്തു കൂടുതല്‍ അലമ്പാക്കണ്ട.' എന്ന് പ്രിയദര്‍ശന്‍ പറഞ്ഞുവെന്നാണ് ജഗദീഷ് പറയുന്നത്.


Click it and Unblock the Notifications











