അവസാന കാലത്തു പോലും വീല്‍ചെയറില്‍ കയറില്ല; രമയുടെ മരണം താങ്ങാനാകാത്ത ഷോക്ക്: ജഗദീഷ്
അന്തരിച്ച ഭാര്യയെ ഓര്‍ത്ത് നടന്‍ ജഗദീഷ്. ഈയ്യടുത്ത ഫോറന്‍സിക് സര്‍ജര്‍ കൂടിയായിരുന്ന രമ മരണപ്പെടുന്നത്. ഭാര്യയുടെ മരണം തനിക്ക് താങ്ങാന്‍ സാധിക്കാത്ത വേദനയാണ് നല്‍കിയതെന്നാണ് ജഗദീഷ് പറയുന്നത്. വനിതയിലെഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹം ഭാര്യയെ ഓര്‍ക്കുന്നത്.
രമയുടെ മരണം താങ്ങാനാവാത്ത ഷോക്കായിരുന്നു. പിന്നെ ഞാന്‍ ഓര്‍ക്കും തിരക്കിലൂടെ ഓടി നടക്കുന്ന രമയെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. ആരോഗ്യമില്ലാത്ത അവസ്ഥ രമയ്ക്ക് പോലും സങ്കല്‍പ്പിക്കാന്‍ പറ്റില്ല. അവസാന കാലത്തു പോലും വീല്‍ചെയറില്‍ കയറുന്നത് ഇഷ്ടമായിരുന്നില്ല. അപ്പോള്‍ പിന്നെ അധികം വേദനിക്കാതെ യാത്രയായത് രമയ്ക്കും ആശ്വാസമായിരിക്കും. അങ്ങനെ സമാധാനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ജഗദീഷ് പറയുന്നത്.

മരണശേഷവും ഏറ്റവും അടുപ്പമുള്ളവര്‍ ഒപ്പമുണ്ടെന്ന് പറയുന്നത് ക്ലീഷേ ആയി തോന്നാം. പക്ഷെ സത്യം അതാണ്. ഒപ്പമുണ്ടെന്ന തോന്നലുണ്ട്. ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ തിരുവനന്തപുരത്തെ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കാണ്. സഹായത്തിനായി വരുന്നവര്‍ ഏഴു മണിയാകുമ്പോള്‍ പോകും. വെറുതേയിരുന്ന് പഴയ ഓര്‍മ്മകളിലേക്ക് പോവേണ്ടല്ലോ, അതുകൊണ്ട് തന്നെ കൂടുതല്‍ ആലോചിച്ചു കൂട്ടാറില്ല. നേരത്തെ ഭക്ഷണം കഴിച്ച് ഞാന്‍ കിടക്കും എന്നാണ് താരം പറയുന്നത്.
''രമ എനിക്ക് പിന്തുണ തന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ നടന്‍ എന്ന രീതിയില്‍ ഇന്നത്തെ നിലയിലെത്തില്ല. കോളേജ് അധ്യാപകനായി തുടര്‍ന്നേനെ. അധ്യാപകനും നടനും ഈ രണ്ട് റോള്‍ ഒന്നിച്ചു കൊണ്ടു പോവുക എന്നത് വളരെ പ്രയാസമുള്ള കാര്യമായിരുന്നു. തുടക്കകാലം ലീവ് കിട്ടാന്‍ പ്രയാസമാണ്. എന്നാല്‍ സിനിമയില്‍ സ്ഥിരമാകാം എന്നതിന് സിഗ്നലുകള്‍ ഒന്നും കിട്ടുന്നില്ല. ലീവ് കിട്ടാത്തതു കൊണ്ട് വേഷങ്ങള്‍ കുറയുമോ എന്ന പേടിയും എനിക്കുണ്ടായിരുന്നു. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു. അധ്യാപക വേഷത്തില്‍ നിന്നിറങ്ങി സിനിമയില്‍ ഉറച്ചു നില്‍ക്കാം' ജഗദീഷ് പറയുന്നു.
ചേട്ടന്റെ ഇഷ്ടത്തിനൊപ്പം ഞാനും ഉണ്ട്. വിജയിക്കും എന്നുറപ്പാണ്. അഥവാ വിജയിച്ചെങ്കിലും നമ്മള്‍ സങ്കടപ്പെടില്ല, എന്റെ ശമ്പളം ഉണ്ടല്ലോ അതുകൊണ്ട് നമുക്ക് ജീവിക്കാം എന്നായിരുന്നു രമ പറഞ്ഞതെന്നാണ് ജഗദീഷ് പറയുന്നത്. ആ പിന്തുണയാണ് തന്നെ നടനാക്കിയതെന്ന് താരം പറയുന്നു. താന്‍ കോമഡി ചെയ്യുന്നതിനോട് രമയ്ക്ക് വിയോജിപ്പില്ല. എങ്കിലും ഗൗരവ്വമുള്ള വേഷങ്ങളായിരുന്നു രമയ്ക്ക് കൂടുതലും ഇഷ്ടമെന്നും ജഗദീഷ് പറയുന്നു. ഹരികൃഷ്ണന്‍സിലെ വക്കീല്‍ വേഷം രമയ്ക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും ജഗദീഷ് പറയുന്നു.

രമ ആഗ്രഹിച്ച രീതിയിലുള്ള വേഷങ്ങളാണ് തനിക്ക് ഇപ്പോള്‍ ലഭിക്കുന്നത്. വ്യത്യസ്തമായ നല്ല റോളുകള്‍. അതിന് പുരസ്‌കാരങ്ങള്‍ കിട്ടുന്നു. കയ്യടികള്‍ കിട്ടുന്നു. മക്കളുടെ കാര്യമായാലും രമ സ്വപ്‌നം കണ്ടതു പോലെയാണ് നടന്നത്. രണ്ടു പേരും ഡോക്ടറാകണം എന്നതായിരുന്നു രമയുടെ ആഗ്രഹം. മക്കള്‍ അതുപോലെയായി എന്നും ജഗദീഷ് ചൂണ്ടിക്കാണിക്കുന്നു.
ജഗദീഷിന്റേയും രമയുടേയും മൂത്തമകള്‍ ഡോക്ടര്‍ രമ്യ ചെന്നൈ കില്‍പോക്ക് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഫാര്‍മക്കോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. മരുമകന്‍ കെഎസ് നരേന്ദ്രന്‍നായര്‍ ഐപിഎസ് ചെന്നൈയില്‍ അഡീഷനല്‍ കമ്മീഷ്ണര്‍ ഓഫ് പൊലീസും. രണ്ടാമത്തെ മകള്‍ ഡോക്ടര്‍ സൗമ്യ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റാണ്. ഭര്‍ത്താവ് ഡോക്ടര്‍ പ്രവീണ്‍ പണിക്കര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.


Click it and Unblock the Notifications