പപ്പയുടെ നിഴലായി നിന്ന അമ്മ; ഇന്ന് കൊച്ചുകുട്ടിയെ നോക്കും പോലെ പരിചരിക്കുന്നു! ജഗതിയ്ക്ക് ഇന്ന് പിറന്നാള്‍
മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട്, അഭിനയകലയുടെ പൊന്നമ്പിളി ജഗതി ശ്രീകുമാറിന്റെ ജന്മദിനമാണിന്ന.് കാലത്ത് തന്നെ മോഹന്‍ലാല്‍ അടക്കമുള്ള മലയാള സിനിമയിലെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ ജഗതിയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിട്ടുണ്ട്. എന്നാല്‍ ഈ സമയം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാനാണ് കാലം ജഗതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2012 ലുണ്ടായ വാഹനപകടത്തിന് ശേഷമാണ് ജഗതി ശ്രീകുമാര്‍ എന്ന താരം അഭിനയത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിതനാകുന്നത്. കാരണം ആ അപകടം ജഗതിയുടെ ശരീരത്തില്‍ പ്രാണന്‍ മാത്രമാണ് ബാക്കിവച്ചത്. ഇപ്പോഴും താരത്തിന് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിച്ചിട്ടില്ല. സംസാരിക്കാനോ ഓര്‍മ്മകള്‍ വീണ്ടെടുക്കാനോ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

ഇതിനിടെ മമ്മൂട്ടിയോടൊപ്പം സിബിഐ 5 ല്‍ അഭിനയിച്ചിരുന്നു. എങ്കിലും പൂര്‍ണ ആരോഗ്യവനായി ജഗതി ശ്രീകുമാര്‍ ക്യാമറയ്ക്ക് മുന്നിലേക്ക് എന്നെങ്കിലും തിരികെ വരുമെന്ന പ്രതീക്ഷയും പ്രാര്‍ത്ഥനയുമായി കാത്തിരിക്കുകയാണ് സിനിമാ ലോകം. മലയാള സിനിമ പുതിയ ലോകങ്ങള്‍ വെട്ടിപ്പിടിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്ന ഈ കാലത്ത് ജഗതിയോ പോലൊരു പ്രതിഭയുടെ വിടവ് ഒരിക്കലും നികത്താത്ത ഒന്നായി തുടരുകയാണ്.
നേരത്തെ സിബിഐ 5 ന്റെ റിലീസ് സമയത്ത് ജഗതിയുടെ കുടുംബം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെ മനസ് തുറന്നിരുന്നു. അപകടത്തിനു ശേഷം രണ്ടു വര്‍ഷത്തോളം വെല്ലൂരില്‍ തന്നെയായിരുന്നു ചികിത്സ. നാട്ടില്‍ വന്ന ശേഷവും മരുന്നും ഫിസിയോതെറപ്പിയും മുടക്കമില്ലാതെ തുട രുന്നു. സഹായികളാണ് പ്രാഥമിക ആവശ്യങ്ങള്‍ അടക്കമുള്ളവ ചെയ്യിക്കുന്നതെന്നാണ് മകന്‍ പറഞ്ഞത്.
ദിവസവും പത്രം വായിക്കും. ബെല്‍റ്റൊക്കെയിട്ട് അല്‍പസമയം പിടിച്ചു നടത്തും. കമ്പിയിട്ടിരിക്കുന്ന വലതുൈകക്ക് പൂര്‍ണമായി സ്വാധീനം തിരിച്ചു കിട്ടിയിട്ടില്ലെന്നും മകന്‍ പറഞ്ഞിരുന്നു. അതേസമയം, നമ്മള്‍ പറയുന്നതൊക്കെ തിരിച്ചറിഞ്ഞ് പ്രതികരിക്കുമെന്നാണ് മകന്‍ പറയുന്നത്. വരുന്നവര്‍ക്ക് ഷേക്ക്ഹാന്‍ഡും പുഞ്ചിരിയും സമ്മാനിക്കും. അവര്‍ പറയുന്നതൊക്കെ കേട്ടു തലയാട്ടി പ്രതികരിക്കുമെന്നും മകന്‍ പറയുന്നു.

നെടുമുടി വേണു അങ്കിളും കെപിഎസി ലളിതാന്റിയും അടക്കം ഒപ്പമുണ്ടായിരുന്ന പലരും വിട്ടു പിരിഞ്ഞത് പപ്പയോടു പറഞ്ഞിരുന്നു. മുഖത്തു സങ്കടം നിറഞ്ഞ് കുറച്ചുനേരം ഇരുന്നു, പിന്നെ ഉറങ്ങി. ഉണര്‍ന്നപ്പോള്‍ അതു മറന്നതു പോലെയാണ് പെരുമാറിയതെന്നും മകന്‍ രാജ്കുമാര്‍ പറയുന്നുണ്ട്. സങ്കടമുള്ള കാര്യങ്ങളൊന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.
സംസാരിക്കാനും അദ്ദേഹത്തിന് പ്രയാസമുണ്ടെന്നാണ് മകന്‍ പറഞ്ഞത്. അമ്മു, അമ്മ, ഗുഡ് മോര്‍ണിങ് ഒക്കെ പറയും. 'ശോഭച്ചീ' എന്നു വിളിക്കാമോ എന്ന് അമ്മ ഇടയ്ക്കു ചോദിക്കും, പക്ഷേ, പപ്പ വിളിക്കുന്നത് 'അമ്പിളീ' എന്നാണെന്നാണ് മകന്‍ പറയുന്നത്. അതേസമയം, അമ്മയുടെ ലോകം പപ്പയ്ക്ക് ചുറ്റുമാണ് കറങ്ങിയിരുന്നതെന്നും മകന്‍ പറയുന്നു. അന്ന് പപ്പയുടെ നിഴലായി നിന്ന അമ്മ ഇന്ന് കൊച്ചുകുട്ടിയെ നോക്കും പോലെ പരിചരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ദിവസവും നെറ്റിയില്‍ മൂകാംബികയിലെ സിന്ദൂരം തൊട്ടുകൊടുക്കുന്നതു മുതല്‍ പപ്പയുടെ ഒരു ചിട്ടയും അമ്മ മുടക്കില്ലെന്നും മകന്‍ പറയുന്നു.


Click it and Unblock the Notifications