ചെന്നൈ യാത്രയ്ക്കിടെയാണ് ആ ദുഃഖ വാര്‍ത്ത അറിയുന്നത്; ജയിലര്‍ റിലീസില്‍ ആ സങ്കടം; മിര്‍ന പറയുന്നു
മെഗാ ഹിറ്റായി മാറിയിരിക്കുകയാണ് രജനീകാന്ത് നായകനായ ജയിലര്‍. വില്ലന്‍ വേഷത്തില്‍ മലയാളത്തിന്റെ വിനായകനും അതിഥി വേഷത്തില്‍ മോഹന്‍ലാലും കയ്യടി നേടിയ ചിത്രത്തില്‍ മറ്റൊരു മലയാളി തിളക്കം കൂടിയുണ്ട്. ചിത്രത്തില്‍ രജനീകാന്തിന്റെ മരുമകളായി അഭിനയിച്ച മിര്‍ന. ജയിലറിലൂടെ കയ്യടി നേടിയ മിര്‍ന സോഷ്യല്‍ മീഡിയയിലും തരംഗമായി മാറിയിരുന്നു.
മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലൂടെയാണ് മിര്‍ന മലയാളത്തില്‍ സാന്നിധ്യം അറിയിക്കുന്നത്. മലയാളിയായ മിര്‍നയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത് പക്ഷെ തമിഴിലൂടെയായിരുന്നു. ആര്യയുടെ നായികയായി സുന്ദരതേവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് മലയാളത്തിലേക്കും തെലുങ്കിലേക്കുമൊക്കെ എത്തുകയായിരുന്നു.

അതിഥി എന്നാണ് മിര്‍നയുടെ യഥാര്‍ത്ഥ പേര്. ബിഗ് ബ്രദറിന്റെ സമയത്ത് സംവിധായകന്‍ സിദ്ധീഖ് ആണ് പേര് മാറ്റാന്‍ നിര്‍ദ്ദേശിക്കുന്നത്. ഇപ്പോഴിതാ സിദ്ധീഖിനെക്കുറിച്ചുള്ള മിര്‍നയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മിര്‍ന മനസ് തുറന്നിരിക്കുന്നത്. തനിക്ക് ഏത് സിനിമയിലേക്ക് അവസരം ലഭിച്ചാലും സിദ്ധീഖിനെ വിളിച്ച് പറയുമായിരുന്നു എന്നാണ് മിര്‍ന പറയുന്നത്.
മിര്‍നയുടെ ആന്റി ജ്യോതിയുടെ അടുത്ത സുഹൃത്തായിരുന്നു സിദ്ധീഖ്. ഒരിക്കല്‍ ആന്റിയോടൊപ്പം അദ്ദേഹത്തിന്റെ ഓഫീസില്‍ പോയപ്പോഴാണ് താന്‍ അഭിനേത്രിയാണെന്ന് മിര്‍ന പറയുന്നത്. ജ്യോതി ഇതുവരെ പറഞ്ഞില്ലല്ലോ എന്ന് അദ്ദേഹം അതിശയിച്ചു. പിന്നാലെ തന്റെ അടുത്ത സിനിമയില്‍ മൂന്ന് സ്ത്രീകഥാപാത്രങ്ങളുണ്ടെന്നും മിര്‍നയോട് ഫോട്ടോഷൂട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പിന്നാലെ തന്നെ കാസ്റ്റ് ചെയ്തുവെന്നും മിര്‍ന പറയുന്നു. അപ്പോഴും മോഹന്‍ലാലിന്റെ നായികയാണെന്ന കാര്യം മിര്‍നയ്ക്ക് അറിയില്ലായിരുന്നു.
ബിഗ് ബ്രദറിനു ശേഷം ഏതു സിനിമയിലേക്കു ക്ഷണം ലഭിച്ചാലും ഞാന്‍ സിദ്ധിക്ക് സാറിനെ വിളിച്ചു പറയുമായിരുന്നു. ജയിലറില്‍ അവസരം കിട്ടിയപ്പോഴും വിളിച്ചുവെന്നാണ് മിര്‍ന പറയുന്നു. ഈയ്യടുത്താണ് സിദ്ധീഖ് മരണപ്പെടുന്നത്. സിദ്ധീഖ് ആശുപത്രിയിലായിരുന്നപ്പോള്‍ താന്‍ കാണാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ കാണാന്‍ സാധിച്ചിരുന്നില്ലെന്നും മിര്‍ന പറയുന്നു. ജയിലറില്‍ അഭിനയിക്കാനായി ചെന്നൈയിലേക്ക് പോകുന്നതിനിടെയാണ് സിദ്ധീഖിന്റെ മരണ വാര്‍ത്ത മിര്‍നയെ തേടിയെത്തുന്നത്.
''സാര്‍ ആശുപത്രിയിലായിരുന്നപ്പോള്‍ രണ്ടുമൂന്നു തവണ കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജയിലറിന്റെ റിലീ സിന്റെ തലേന്നു സാറിനെ ഒന്നു കാണാനായി രാത്രി ഒന്‍പതു മണി വരെ കാത്തു നിന്നു. വെന്റിലേറ്ററില്‍ ആയിരുന്നതുകൊണ്ട് അന്നും സാധിച്ചില്ല. ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ആ ദുഃഖ വാര്‍ത്ത അറിയുന്നത്. വല്ലാത്ത സങ്കടത്തോടെയാണു ജയിലറിന്റെ റിലീസില്‍ പങ്കു ചേര്‍ന്നത്'' മിര്‍ന പറയുന്നു.

ഇടുക്കിക്കാരിയാണ് മിര്‍ന. അഭിനേത്രിയാകണമെന്ന് സ്‌കൂളില്‍ പഠിക്കുമ്പോഴെയുള്ള ആഗ്രഹമായിരുന്നു. സിനിമയുമായി ബന്ധമുള്ള കുടുംബമൊന്നുമായിരുന്നില്ല മിര്‍നയുടേത്. ഒരു സുഹൃത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച തന്റെ ചിത്രം കണ്ടാണ് തമിഴ് സിനിമയിലേക്കുള്ള ക്ഷണം ലഭിക്കുന്നത്. എന്നാല്‍ തന്റെ ആഗ്രഹത്തിലേക്ക് താനായി ഒരു ചുവടു പോലും വെച്ചിരുന്നില്ലെന്നാണ് മിര്‍ന പറയുന്നത്. സിനിമ തന്നെ തേടിയെത്തുകയായിരുന്നു.
അദിതി എന്ന പേരില്‍ വേറെയും നടിമാരുള്ളതിനാല്‍ സിദ്ധീഖ് ആണ് പേര് മാറ്റാന്‍ പറയുന്നത്. എ യേക്കാള്‍ നന്നാവുക എം ആയിരിക്കുമെന്ന ദിലീപിന്റെ നിര്‍ദ്ദേശവും കിട്ടി. അങ്ങനെയാണ് മിര്‍ന എന്ന പേരിലേക്ക് എത്തുന്നത്. വാത്സല്യഭാജനം, ഓമനത്തമുള്ളവള്‍, അലിവുള്ള വ്യക്തി എന്നൊക്കെയാണ് വാക്കിന്റെ അര്‍ഥം. ഇന്ന് എല്ലായിടത്തും മിര്‍നയാണ്. അച്ഛനും അമ്മയും രണ്ട് സഹോദരിമാരുമാണ് മിര്‍നയ്ക്കുള്ളത്.


Click it and Unblock the Notifications