ഹായ് വിപിന്‍, ആമിര്‍ ഖാനാണ്! ഹാര്‍ട്ട് അറ്റാക്ക് തന്ന ആ മെസേജും പിന്നാലെ വന്ന കോളും: ജയഹേ സംവിധായകന്‍
സൈലന്റായി വന്ന് സൂപ്പര്‍ ഹിറ്റായി മാറിയ സിനിമയാണ് ജയജയജയ ജയഹേ. ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും പ്രധാന വേഷങ്ങളിലെത്തിയ സിനിമയുടെ സംവിധാനം വിപിന്‍ ദാസ് ആയിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയത്. ഇന്ന് ജയഹേ പുറത്തിറങ്ങി ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
ജയജയജയ ജയഹേ കണ്ട് ആമിര്‍ ഖാന്‍ തനിക്ക് മെസേജ് അയച്ചതിനെക്കുറിച്ചും ഫോണ്‍ വിളിച്ചതിനെക്കുറിച്ചുമാണ് വിപിന്‍ ദാസ് കുറിപ്പില്‍ പറയുന്നത്. ആമിര്‍ ഖാനെ വച്ച് വിപിന്‍ ദാസ് സിനിമയൊരുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിപിന്റെ കുറിപ്പ് വായിക്കാം.

''ഒരു ദിവസം ചെറിയ നഗരത്തിലെ സംവിധായകന്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ അടുത്തുള്ള കടയില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് അയാള്‍ക്ക് തന്റെ ചെറിയ സിനിമയായ ജയജയജയ ജയഹേയെക്കുറിച്ച് എക്കാലത്തേയും സൂപ്പര്‍ താരത്തില്‍ നിന്നുമൊരു മെസേജ് ലഭിക്കുന്നത്. താരേ സമീന്‍ പര്‍ പോലെ തോന്നി. അദ്ദേഹം വിളിക്കുകയും ഹായ് വിപിന്‍ ഇത് ആമിര്‍ ഖാന്‍ ആണെന്ന് പറഞ്ഞപ്പോള്‍ അത് കൂടുതല്‍ അവിശ്വസനീയമായി മാറി. ആ നിമിഷം ഞാന്‍ എന്റെ ആദ്യത്തെ ഹൃദയാഘാതത്തെ അതിജീവിച്ചു''.
''കുറച്ചുനാള്‍ കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന് മുമ്പില്‍ ആദ്യമായി ഇരുന്നു. അപ്പോള്‍ എന്റെ ജീവിതകാലം മുഴുവന്‍ എന്റെ കണ്ണിലൂടെ കടന്നു പോയി. എല്ലാ കൂടിക്കാഴ്ചകളും, കഥകളെക്കുറിച്ചും സിനിമകളെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമെല്ലാം നമ്മള്‍ പങ്കിട്ട സംഭാഷണങ്ങള്‍ എനിക്ക് എന്നും വിലപ്പെട്ടവയായിരിക്കും. അദ്ദേഹം എന്നും എന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും ക്ഷേമത്തിന്റെ കാര്യത്തിലും കാണിച്ച കരുതുലും എന്നോടുള്ള സൗഹൃദവും എന്റെ ജീവിതത്തില്‍ വിലമതിക്കാനാവാത്ത ഓര്‍മ്മകളാണ്. അതെന്നും അങ്ങനെ തന്നെ നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു'' എന്നാണ് വിപിന്‍ ദാസ് പറയുന്നത്.
നിങ്ങളുടെ സ്‌നേഹത്തിന് നന്ദി ആമിര്‍ സാര്‍. എന്റെ കാസ്റ്റ് ആന്റ ് ക്രൂവിന് വേണ്ടിയും ജയഹേയുടെ ആരാധകര്‍ക്ക് വേണ്ടിയും നന്ദി അറിയിക്കുന്നു. ജയജയജയ ജയഹേയുടെ ഒരു വര്‍ഷമെന്നും അദ്ദേഹം പറയുന്നുണ്ട്.
വിപിന്‍, നിങ്ങളുടെ സിനിമ ജയ ജയ ജയഹേ കണ്ടു. ഇതൊരു മുത്ത് സിനിമയാണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഒരുപാട് ലെയറുകളോടെ മനോഹരമായി ഒരുക്കിയ സിനിമയാണ്. എല്ലാ കഥാപാത്രങ്ങളും വളരെ മികച്ച രീതിയില്‍ എഴുതപ്പെടുകയും അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. എനിക്ക് അതേക്കുറിച്ച് സംസാരിച്ചു കൊണ്ടേയിരിക്കാന്‍ പറ്റുമെന്നായിരുന്നു വിപിന് ആമിര്‍ ഖാന്‍ അയച്ച മെസേജ്.

ഇത്രയും മനോഹരമായൊരു സിനിമ ഒരുക്കിയതിന് നന്ദി വിപിന്‍. എന്റെ ഹൃദയം സന്തോഷം കൊണ്ടും പ്രതീക്ഷ കൊണ്ടും നിറഞ്ഞിരിക്കുകയാണ്. നിങ്ങള്‍ക്ക് സൗകര്യപ്പെടുന്നത് അനുസരിച്ച് നിങ്ങളുമായി സംസാരിക്കാന്‍ താല്‍പര്യമുണ്ട്. എപ്പോഴാണ് സാധിക്കുക എന്ന് ദയവ് ചെയ്ത് അറിയിക്കുക. നന്ദി. സ്‌നേഹത്തോടെ എ എന്നും അദ്ദേഹത്തിന്റെ മെസേജില്‍ പറഞ്ഞിരുന്നു.
കൊറോണയില്‍ തളര്‍ന്ന കേരളത്തിലെ തീയേറ്ററുകള്‍ക്ക് പുതുജീവന്‍ നല്‍കിയ സിനിമയായിരുന്നു ജയജയജയ ജയഹേ. ബേസില്‍ ജോസഫും ദര്‍ശനയും തങ്ങളുടെ പ്രകടനത്തിലൂടെ കയ്യടി നേടുകയും ചെയ്തിരുന്നു.


Click it and Unblock the Notifications