മലയാളത്തിൽ കിട്ടാത്തത് കന്നടയിൽ: കാന്താര ചാപ്റ്റർ 1ൽ താരമായി ജയറാം, ആഘോഷിച്ച് സോഷ്യൽ മീഡിയ
പ്രശസ്ത മലയാളി നടൻ ജയറാം അഭിനയിക്കുന്ന രണ്ടാമത്തെ കന്നഡ ചിത്രമാണ് കാന്താര: ചാപ്റ്റർ 1. 2023ൽ പുറത്തിറങ്ങിയ ഗോസ്റ്റ് എന്ന ചിത്രത്തിലൂടെ സാൻഡൽവുഡിൽ അരങ്ങേറ്റം കുറിച്ച സീനിയർ താരം, വളരെ ശ്രദ്ധേയമായൊരു വേഷവുമായിട്ടാണ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ കാന്താരയുടെ പ്രീക്വലിൽ എത്തുന്നത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ചിത്രത്തിൽ ബംഗ്‌റയിലെ രാജാവായ രാജശേഖരയുടെ വേഷത്തിലാണ് ജയറാം അഭിനയിക്കുന്നത്. കാന്താരയോടുള്ള താൽപ്പര്യവും ഉദ്ദേശ്യങ്ങളും അവസാനം വരെ വ്യക്തമാക്കാത്ത, ഒരുപാട് നിഗൂഢതകളുള്ള കഥാപാത്രമാണ് രാജശേഖര.
എന്തായാലും, ഇത്രയും നാളായി മലയാളി പ്രേക്ഷകർക്ക് ജയറാമിനെ കുറിച്ച് ഉണ്ടായിരുന്ന പരാതിയാണ് കാന്താര: ചാപ്റ്റർ 1 എന്ന ചിത്രത്തിലൂടെ ഇല്ലാതായിരിക്കുന്നത്. മലയാള സിനിമയിൽ നായക വേഷങ്ങളിൽ തിളങ്ങുന്ന താരം, ഒട്ടും പ്രാധാന്യം ഇല്ലാത്ത, പലപ്പോഴും വികലമായി തീരുന്ന സൈഡ് റോളുകളിലാണ് മറ്റ് ഭാഷകളിൽ അഭിനയിക്കുന്നത് എന്നത്, ജയറാം ആരാധകരെ വ്യാകുലപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച്, ഗെയിം ചേഞ്ചർ എന്ന ശങ്കർ-രാം ചാരൻ ചിത്രത്തിലെ നടന്റെ കഥാപാത്രം വലിയ വിമർശനങ്ങൾ നേരിട്ടു.

രശ്‌മിക മന്ദനയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും രഹസ്യ വിവാഹനിശ്ചയം, കല്യാണ തിയതി ഉറപ്പിച്ചു: റിപ്പോർട്ട്
പക്ഷെ കാന്താര പ്രീക്വലിലെ രാജശേഖര ആയുള്ള ജയറാമിന്റെ പ്രകടനം പ്രേക്ഷകരിപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. മലയാള സിനിമയിലെ കഴിവുള്ള സംവിധായകർ പോലും വേണ്ടത് പോലെ ഉപയോഗിക്കാത്ത പ്രശസ്ത നടന്റെ കഴിവുകളെ, തന്റെ പുതിയ ചിത്രത്തിലൂടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി പുറത്തെടുത്തുവെന്നാണ് അദ്ധേഹത്തിന്റെ ആരാധകരുടെ അഭിപ്രായം. മലയാളത്തിൽ കുറെ കാലമായി ജയറാമിന് ലഭിക്കാത്ത അത്രയും സാധ്യതകളുള്ള, ഒരു ചലഞ്ചിങ് റോളാണ് കന്നഡ സിനിമ അദ്ദേഹത്തിന് വച്ച് നീട്ടിയത് എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

കാന്താര: ചാപ്റ്റർ 1ൽ, നായികയായി എത്തുന്ന രുക്മിണി വസന്ത അവതരിപ്പിക്കുന്ന രാജകുമാരി കനകവതിയുടെ അച്ഛൻ കൂടിയാണ് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രം. എന്നാൽ, വെറുതെ നായികയുടെ അച്ഛനായി എത്തുകയല്ല, മറിച്ച് കഥയിൽ ഒരു വലിയ വഴിത്തിരിവ് കൊണ്ട് വരുന്ന കഥാപാത്രം കൂടിയാണ് അദ്ദേഹത്തിന്റേത്. അടുത്ത കാലത്തെ ഏബ്രഹാം ഓസ്‌ലർ താരം അവതരിപ്പിച്ച ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് രാജശേഖര എന്ന് അഭിപ്രായപ്പെടുന്നു പ്രേക്ഷകർ, മലയാളത്തിലും ഇത്തരം വ്യത്യസ്തമായ റോളുകളിൽ അദ്ദേഹത്തിനെ കാണണം എന്ന ആഗ്രഹവും പങ്കു വയ്ക്കുന്നുണ്ട്.
"ഞാൻ വീണ്ടും പറയുന്നു, പണി അറിയാവുന്നരുടെ കയ്യിൽ കിട്ടിയാൽ, ഇനിയും തിളങ്ങും!! ഒരേയൊരു ജയറാം," ഒരു ആരാധകൻ അഭിമാനത്തോടെ എക്‌സിൽ കുറിച്ചു. "ജയറാം കാന്താര: ചാപ്റ്റർ 1ൽ... എക്സ്ട്രാഓർഡിനറി പെർഫോമൻസ്," മറ്റൊരാൾ എഴുതി. "കാന്താര: ചാപ്റ്റർ 1ന്റെ ബെസ്റ്റ് ഘടകം ഋഷഭ് ഷെട്ടിയ്ക്കൊപ്പം ഈ ചിത്രത്തിന് അവരുടെ 200% നൽകിയ മറ്റ് നടീ-നടന്മാരാണ്. രുക്മിണി - അത്യുഗ്രൻ പ്രകടനം. രാജാവായി എത്തുന്ന ജയറാമും, ഗുൽഷൻ ദേവൈയ്യയും - ബ്രില്ലിയന്റ്," ഒരു സിനിമ പ്രേമിയുടെ പോസ്റ്റ് പറയുന്നു.
ആദ്യ ദിനത്തിൽ ചിത്രത്തിന് ലഭിച്ച മികച്ച സ്വീകരണത്തെത്തുടർന്ന്, ഒരു പ്രമോഷണൽ പരിപാടികളിലും പങ്കെടുക്കാതിരുന്ന ജയറാം, പ്രേക്ഷകർക്ക് നന്ദി അറിയിക്കാനും, അതിലും ഉപരിയായി തന്നിൽ വിശ്വാസമർപ്പിച്ച സംവിധായകനും നടനുമായ ഋഷഭിനോട് നന്ദി പറയാനും സോഷ്യൽ മീഡിയയിൽ എത്തി. എല്ലാ അഭിനേതാക്കളെയും സ്‌ക്രീനിൽ ഏറ്റവും നന്നായി കാണിച്ച ടീമിനും അദ്ദേഹം സ്നേഹം അറിയിച്ചു. എന്തായാലും കാന്താര: ചാപ്റ്റർ 1 അതിന്റെ മുൻ ഭാഗമായ കാന്താരയുടെ വിജയം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ.


Click it and Unblock the Notifications











