ജീവിതത്തിലെ ഏറ്റവും വലിയ കുറ്റബോധം, ഇന്നും അതൊരു നോവായി മനസിലുണ്ട്; തുറന്ന് പറഞ്ഞ് ജയറാം
മലയാള സിനിമയിലെ ജനപ്രീയ നായകനാണ് ജയറാം. സ്‌ക്രീനിലെ താരമായിട്ടല്ല, മറിച്ച് തങ്ങളുടെ സ്വന്തം സഹോദരനും മകനുമൊക്കെയായിട്ടാണ് മലയാളികള്‍ ജയറാമിനെ കാണുന്നത്. തങ്ങളില്‍ ഒരാള്‍. അതുകൊണ്ട് തന്നെ ജയറാമിന്റെ തിരിച്ചുവരവിനായി മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഓസ്ലറിലൂടെയാണ് ജയറാം തിരിച്ചു വരാനിരിക്കുന്നത്.
ഇതിനിടെ ഇപ്പോഴിതാ തനിക്ക് ജീവിതത്തിലുള്ള ഏറ്റവും വലിയ കുറ്റബോധം എന്തെന്ന് വെളിപ്പെടുത്തുകയാണ് ജയറാം. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കുറ്റബോധമായി ഞാന്‍ മനസില്‍ കൊണ്ടു നടക്കുന്ന വേദനയാണ്. ജഗതിച്ചേട്ടന്‍ ഒരിക്കല്‍ പെരുമ്പാവൂര്‍ വഴി പോയപ്പോള്‍ വീട്ടില്‍ വന്നിരുന്നു. അന്ന് അട എന്ന് ഞങ്ങള്‍ വിളിക്കുന്ന ദോശ പോലെയുള്ളൊരു പലഹാരം ഉണ്ടാക്കിയിരുന്നു. നവദാന്യങ്ങളൊക്കെ ചേര്‍ത്തുള്ളത്. ബ്രാഹ്‌മണരുടെ വീട്ടില്‍ ഉണ്ടാക്കുന്നതാണ്. ഞങ്ങള്‍ അട എന്നാണ് വിളിക്കുക, വേറെ എന്തെങ്കിലും പേരുണ്ടാകുമോ എന്നറിയില്ല. അതും പിന്നെ അമ്മയുടേതായ ചില ചട്ട്‌നിയൊക്കെയും ഉണ്ടായിരുന്നു.
അത് ജഗതിച്ചേട്ടന് ഒരുപാട് ഇഷ്ടമായി. കുറേക്കാലം എപ്പോള്‍ കണ്ടാലും അതിന്റെ റെസിപ്പി ഒന്ന് പറഞ്ഞു താ അനിയാ എന്ന് പറയുമായിരുന്നു. പക്ഷെ മറന്നു പോകും. ഇതുവരെ കൊടുക്കാന്‍ പറ്റിയിട്ടില്ല. അതൊരു കടം പോലെ കിടക്കുകയാണ്. അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരുമ്പോള്‍ എനിക്കിത് പറഞ്ഞു കൊടുക്കണം. എന്റെ അമ്മ ഇപ്പോഴില്ല. പക്ഷെ എനിക്ക് അറിയാം. ഞാന്‍ പറഞ്ഞു കൊടുക്കുമെന്നും ജയറാം പറയുന്നു. സിനിമയിലെ പഴയ കാലം മിസ് ചെയ്യുന്നതിനെക്കുറിച്ചും ജയറാം സംസാരിക്കുന്നുണ്ട്.
ശരിക്കും മിസ് ചെയ്യുന്നത് ആ കാല ഘട്ടമാണ്. അത് മതി, എന്തിന് അധികം ചെയ്യുന്നു. അവരുടെയൊക്കെ കൂടെ 10-20 കൊല്ലം ആസ്വദിച്ച് ജോലി ചെയ്യാന്‍ സാധിച്ചുവല്ലോ. ഏതെങ്കിലും ഒരു മരത്തിന്റെ ചുവട്ടില്‍ ഉച്ചയ്‌ക്കൊക്കെ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കും. മദ്രാസിലാണ് ഷൂട്ടെങ്കില്‍ ആരുടെയെങ്കിലും വീട്ടില്‍ നിന്നും ഭക്ഷണം വരും. അത് പങ്കിട്ട് കഴിക്കും. ശരിക്കും മിസ് ചെയ്യുന്നതാണ് ആ കാലഘട്ടമെന്നാണ് ജയറാം പറയുന്നത്.

അതേസമയം, സിനിമയിലുണ്ടായ മാറ്റത്തെക്കുറിച്ചും തന്റെ പരാജയത്തെക്കുറിച്ചും ജയറാം സംസാരിക്കുന്നുണ്ട്. അന്നൊക്കെ എല്ലാവരും വട്ടം കൂടിയിരുന്ന് സംസാരിക്കുമായിരുന്നു. ഇന്ന് കാരവനിലേക്ക് പോകുന്നതിനാല്‍ ആരേയും കിട്ടുന്നില്ല. എനിക്ക് പറ്റാത്തൊരു കാര്യമാണ് അതൊക്കെ. അതുപോലെ മൂന്ന് നാല് ബൗണ്‍സേഴ്സ് കൂടെ നടക്കുന്നതും. ഞാന്‍ അവരോട് പറയുക, ഒരു കസേരയിട്ട് ഇരുന്നോളൂ ഞാന്‍ പോയിട്ട് വരാം എന്നാണ്. എനിക്കിഷ്ടം ഇപ്പോഴും അമ്പലപ്പറമ്പില്‍ ചെണ്ട കൊട്ടാനാണ്. ഇപ്പോഴും പോകുന്നുണ്ട്. അമ്പലപ്പറമ്പിലെ മിമിക്രിയില്‍ നിന്ന് തുടങ്ങിയതാണ്. അതാകുമ്പോള്‍ എല്ലാവരുമായി അടുത്തിടപഴകാന്‍ പറ്റും. കൈ തന്ന് നന്നായിട്ടുണ്ട് എന്ന് പറയുന്നതില്‍ കിട്ടുന്ന സന്തോഷം ദൂരെ നിന്ന് ടാറ്റ തന്നാല്‍ കിട്ടില്ലെന്നാണ് ജയറാം പറയുന്നത്.
ഞാനിത് ആരേയും കുറ്റം പറയുന്നതല്ല. സിനിമയ്ക്ക് ഇതൊക്കെ ആവശ്യമാണ്. ക്രൗഡ് ആവശ്യമാണ്. പിആര്‍ വര്‍ക്ക് ആവശ്യമാണ്. നമ്മള്‍ നമ്മളെ തന്നെ ബൂസ്റ്റ് ചെയ്യണം. പണ്ടത്തേത് പോലെയല്ല. നമ്മള്‍ നമ്മളെ തന്നെ ബിസിനസ് ചെയ്യണം. അതൊക്കെ സിനിമയ്ക്ക് ആവശ്യമാണ്. പക്ഷെ ഞാന്‍ അതിലൊക്കെ പരാജയപ്പെട്ടുവെന്നേ എനിക്ക് പറയാനാകൂ. നൂറ് ശതമാനവും അതില്‍ പരാജയമായ മനുഷ്യനാണ് ഞാന്‍ എന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications