മകള്‍ സിനിമയ്ക്ക് പേരിട്ടത് എന്റെ മകള്‍ മാളവികയെന്ന് ജയറാം; പേരിന് പിന്നിലെ കഥയിങ്ങനെ!
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മകള്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമും മീര ജാസ്മിനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ തിരിച്ചുവരുന്ന സിനിമയാണ് മകള്‍. ചിത്രത്തിനായി മീര നടത്തിയ മേക്കോവറും മറ്റും നേരത്തെ തന്നെ ചര്‍ച്ചയായി മാറിയിരുന്നു. വലിയാരു ഉടവേളയ്ക്ക് ശേഷമാണ് ജയറാമും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്നത് എന്നും മകളുടെ പ്രത്യേകതയാണ്. ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ കോമ്പോ എന്ന കാര്യത്തിലൊരു തര്‍്ക്കവുമില്ല.
അതേസമയം ഇപ്പോഴിതാ സിനിമയുടെ പേരിന് പിന്നിലെ രസകരമായ കഥ പങ്കുവെക്കുകയാണ് ജയറാം. പുതിയ സിനിമയുടെ പേര് കണ്ടുപിടിച്ചത് തന്റെ മകള്‍ മാളവിക ആണെന്നാണ് ജയറാം പറയുന്നത്. പ്രഭാസ് നായാനാകുന്ന രാധേ ശ്യാം എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജയറാം. താന്‍ ഏറെ പ്രതീക്ഷയോടെയാണ് മകള്‍ എന്ന സിനിമയ്ക്കായി കാത്തിരിക്കുന്നതെന്നും ജയറാം പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

'ഏപ്രില്‍ 29ന് റിലീസ് ആകാന്‍ പോകുന്ന 'മകള്‍' എന്ന സിനിമയ്ക്കു വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. 'മകള്‍' എന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ കണ്ടു പിടിച്ചത് എന്റെ മകള്‍ തന്നെയാണ്.' എന്നാണ് ജയറാം പറഞ്ഞത്. പിന്നാലെയാണ് ചിത്രത്തിന് പേരിട്ട കഥയും അദ്ദേഹം വെളിപ്പെടുത്തിയത്. പൊതുവെ തന്റെ സിനിമകയ്ക്ക് പേരിടുന്നത് അവസാനത്തേക്ക് മാറ്റിവെക്കുന്നതാണ് സത്യന്‍ അ്ന്തിക്കാടിന്റെ ശീലമെന്നും ജയറാം പറയുന്നുണ്ട്. 'സാധാരണ സത്യന്‍ അന്തിക്കാട് സിനിമകള്‍ക്ക് വളരെ വൈകിയാണ് ടൈറ്റില്‍ ഇടുന്നത്. അത് മനഃപൂര്‍വമല്ല. അദ്ദേഹം കുറച്ച് ആലോചിച്ചാണ് പേരിടുന്നത്. ഈ സിനിമയുടെ അവസാന ദിവസം ഞാന്‍ ചോദിച്ചു, 'പേര് ഒന്നും ആയില്ലേ?'. 'ആയിട്ടില്ല, ഒന്നും കിട്ടാതിരിക്കില്ല' എന്നായിരുന്നു സത്യന്‍ അന്തിക്കാടിന്റെ മറുപടിയെന്നാണ് ജയറാം പറയുന്നത്.

അന്ന് എന്റെ മകള്‍ ഷൂട്ടിങ് കാണാന്‍ അവിടെ വന്നിരുന്നു. കാക്കനാട് ആയിരുന്നു ലൊക്കേഷന്‍. മോള് വന്നതുകാരണം ഷൂട്ട് കാണാന്‍ കുറേ കുടുംബങ്ങളും അവിടെ എത്തിയിരുന്നു. ആരാ കൂടെ എന്ന് അവര്‍ ചോദിച്ചപ്പോള്‍, 'മകളാണ്, എന്റെ മകള്‍' എന്ന് ഞാന്‍ വിളിച്ചു പറഞ്ഞുവെന്നും ജയറാം പറയുന്നു. സത്യന്‍ അന്തിക്കാട് അത് കേട്ടു. എന്നിട്ട് എന്റെ അടുത്തുവന്നു, 'ഇതാണ് നമ്മുടെ ടൈറ്റില്‍ മകള്‍' എന്ന് പറയുകയായിരുന്നുവെന്നാണ് ജയറാം പറയുന്നത്. ഒരു അച്ഛന്‍ തന്റെ മകളെ ആളുകളുടെ മുന്നില്‍ അഭിമാനത്തോടെ പരിചയപ്പെടുത്തുന്നത് കണ്ടിട്ടാണ് സത്യന്‍ അന്തിക്കാട് തന്റെ സിനിമയ്ക്ക് മകള്‍ എന്ന് പേരിട്ടതെന്നും ജയറാം പറയുന്നു.

അതേസമയം പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ജയറാമും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന എന്ന പ്രത്യേകതയുമുണ്ട്. 2010ല്‍ പുറത്തിറങ്ങിയ 'കഥ തുടരുന്നു' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. സത്യന്‍ അന്തിക്കാടും ജയറാമും ഒരുമിച്ചപ്പോഴൊക്കെ ഹിറ്റുകള്‍ പിറന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരാധകരില്‍ ആ പ്രതീക്ഷയുണ്ട്. അതേസമയം തന്നെ മീര ജാസ്മിന്റെ തിരിച്ചുവരവ് എന്ന നിലയിലും വലിയ പ്രതീക്ഷ നല്‍കുന്ന സിനിമയാണ് മകള്‍. മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്ന മീര ജാസ്മിന്‍ പിന്നീട് അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. 2016 ്ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പ്പനകള്‍ ആണ് മീരയുടേതായി പുറത്തിറങ്ങിയ അവസാന സിനിമ. മികച്ച നടിക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ നടിയാണ് മീര.
Recommended Video

ജയറാമിനും മീര ജാസ്മിനുമൊപ്പം ദേവിക സഞ്ജയ്, നസ്ലെന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഇക്ബാല്‍ കുറ്റിപ്പുറം ആണ്. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ഞാന്‍ പ്രകാശന്‍ ആണ് സത്യന്‍ അന്തിക്കാടിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications