ദൃശ്യം 2ലെ സീൻ ഷൂട്ട് ചെയ്തപ്പോൾ മകൾ ഒരു കാര്യം പറഞ്ഞു, കേട്ടപ്പോൾ ഞെട്ടി: ഇതാണോ പൊളിറ്റിക്കൽ കറക്ട്നസ്!
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സംവിധായകനാണ് ജീത്തു ജോസഫ്. കോമഡി ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ പോലും ത്രില്ലർ ചിത്രങ്ങളുടെ വേറിട്ട പരീക്ഷണശാലയാണ് ജീത്തു ജോസഫ് എന്നു പറയാം. ഡിറ്റക്ടീവ്, മെമ്മറീസ്, ദൃശ്യം, 12ത് മാൻ, കൂമൻ അങ്ങനെ ചെയ്ത സിനിമകളെല്ലാം വ്യത്യസ്ത അനുഭവങ്ങളായിരുന്നു. എന്നാൽ ദീർഘ നാളിനു ശേഷമാണ് അദ്ദേഹത്തിന്റെ കോമഡി ചിത്രം തിയേറ്ററിൽ എത്തുന്നത്.
നുണക്കുഴി ഒരു കോമഡി എന്റർടെയ്നറാണ്. ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, ബൈജു, മനോജ് കെ ജയൻ, സിദ്ധിഖ് തുടങ്ങിയ നിരവധി താരങ്ങളാണ് സിനിമയിലുള്ളത്. ജീത്തു ജോസഫ് എന്ന സംവിധായകന്റെ ശൈലി ഏറെ വ്യത്യസ്തമാണ്. അഭിനേതാക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാൻ ഒരു മടിയുമില്ലാത്ത സംവിധായകനാണ് ജീത്തു ജോസഫ്. നുണക്കുഴിയിലെ കാസ്റ്റിംഗിനെ കുറിച്ചും മറ്റു വിശേഷങ്ങളുമായി അൺഫിൽറ്റേർഡ് ബൈ അപർണ എന്ന ചാനലിലൂടെ ജീത്തു സംസാരിക്കുന്നു.

"ഞാൻ സ്ക്രിപ്റ്റ് വായിക്കുമ്പോഴാണ് ഓരോ അഭിനേതാക്കളെയും തീരുമാനിക്കുന്നത്. ആദ്യം ഫിക്സ് ചെയ്യുന്നത് ബൈജു ചേട്ടനെയാണ്. പിന്നീട് ബേസിലിന്റെ കഥാപാത്രത്തെ ഉറപ്പിച്ചു. ഒരു പണക്കാരനായ കുട്ടിത്തം മാറാത്ത ചെറുപ്പക്കാരനായാണ് ബേസിലിന്റെ കഥാപാത്രം. അങ്ങനെ എല്ലാവരെയും തീരുമാനിച്ചിട്ടും രഷ്മിക എന്ന കഥാപാത്രത്തെ ആരു ചെയ്യുമെന്ന് കൺഫ്യൂഷനായി. ടീമിലുള്ള പലരും പല പേരുകൾ പറഞ്ഞപ്പോൾ കൃഷ്ണകുമാർ ഗ്രേസ് ആന്റണിയുടെ പേര് പറഞ്ഞു. അങ്ങനെയാണ് ഗ്രേസ് ഈ സിനിമയിലെത്തുന്നത്." നുണക്കുഴിയുടെ കാസ്റ്റിംഗിനെ കുറിച്ച് ജീത്തു ജോസഫ് പയുന്നു.
പലപ്പോഴും ജീത്തു ജോസഫ് പറയാറുണ്ട് തന്റെ സിനിമയിലെ കഥകളിൽ മകൾ നിർദ്ദേശങ്ങൾ നൽകാറുണ്ടെന്ന്. ഇപ്പോഴത്തെ തലമുറകളുടെ പൾസ് ആറിയാനും അതുവഴി കഥയിൽ മാറ്റങ്ങൾ കൊണ്ടു വരാനും ജീത്തു ജോസഫ് ശ്രമിക്കാറുണ്ട്. ഈ നുണക്കുഴിയുടെ കഥ കേട്ടപ്പോഴും പലതരത്തിലുള്ള നിർദ്ദേശങ്ങൾ മകളിൽ നിന്നും ലഭിച്ചെന്നും ജീത്തു ജോസഫ് പറയുന്നത്. സിനിമ എപ്പോഴും ഒരു ടീം വർക്കാണ്. അതിനാൽ ഏത് സ്ക്രിപ്റ്റിൽ വർക്ക് ചെയ്യുമ്പോഴും അടുത്തുള്ളവരോടെല്ലാം ചർച്ച ചെയ്യുകയും അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്യാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

"എല്ലാ ജനറേഷന്റെ ഇമോഷൻസിനെയും പരിഗണിക്കാറുണ്ട്. എല്ലാതരം പ്രായക്കാർക്കും വായിക്കാൻ കൊടുത്ത് അവരിൽ നിന്നും നിർദ്ദേശങ്ങൾ എടുത്ത ചിത്രമാണ് ദൃശ്യം 2. കാരണം അത്രക്കും പ്രഷർ ഉണ്ടായിരുന്നു എനിക്ക്. ദൃശ്യം 2 ചെയ്യുന്നത് കൊറോണ സമയത്താണ്. എസ്തറും മകളുമെല്ലാം ഒരുമിച്ചാണ് പഠിച്ചത്. അതിൽ എസ്തറിന്റെ സുഹൃത്തുക്കൾ ജോർജ്കുട്ടിയുടെ വീട്ടിൽ വരുന്ന സീനുണ്ട്. അതിൽ എന്റെ മകളും അഭിനയിച്ചിട്ടുണ്ട്. ഇവരുടെ സുഹൃത്തുക്കൾ തന്നെയാണ് ആ സീനിൽ അഭിനയിച്ചത്.
മോഹൻലാലും മീനയും കുറച്ച് ആൺകുട്ടികളും ടേബിളിനു ചുറ്റിൽ ഇരിക്കുമ്പോൾ ബാക്കി പെൺകുട്ടികൾ ഭക്ഷണം ഉണ്ടാക്കി ടേബിളിൽ കൊണ്ടുവെക്കുന്ന ഒരു രംഗമുണ്ട്. ആ സീൻ എടുത്ത് രാത്രിയായപ്പോൾ മകൾ എന്നോട് ഒരു കാര്യം ചോദിച്ചു. എന്തുകൊണ്ടാണ് ആൺകുട്ടികളെ ഇരുത്തി പെൺകുട്ടികളെ കൊണ്ട് ഭക്ഷണം വിളമ്പിച്ചത് എന്ന്. ഇത് കേട്ടയുടൻ ഞാൻ ഞെട്ടി. ഇങ്ങനെ ചിന്തിച്ചിരുന്നില്ല. ഇപ്പോൾ പറയുന്ന പൊളിറ്റിക്കൽ കറക്ട്നസ് എല്ലാം ഇത്തരം ചോദ്യങ്ങളിലുമുണ്ടെന്ന് മനസിലായി." ജീത്തു ജോസഫ് പറഞ്ഞു.


Click it and Unblock the Notifications











