ദുൽഖറിന് അവാർഡ് കൊടുക്കാൻ അമ്മയെ വിളിച്ചത് സമ്മതം ചോദിക്കാതെ, മമ്മുക്കയുടെ മുഖം മാറി: ജുവൽ മേരി
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും, അദ്ധേഹത്തിന്റെ മകനും പ്രശസ്ത നടനുമായ ദുൽഖർ സൽമാനും, വ്യക്തി ജീവിതത്തിലെത്തിയാൽ തികഞ്ഞ കുടുംബനാഥന്മാരാണ്. ഷൂട്ടിംഗ് ഇല്ലാത്തപ്പോൾ ഓരോ നിമിഷവും തങ്ങളുടെ കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് ഇരുവരും ഇഷ്ടപ്പെടുന്നതെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് മമ്മൂട്ടി, എറണാകുളത്തിന് അടുത്താണെങ്കിൽ എന്നും ഷൂട്ട് തീർത്ത് ഭാര്യ സുൽഫത്തിന്റെ അടുക്കലേക്ക് ഓടിയെത്താറുള്ള വ്യക്തിയാണ്. താര പത്നിയാവട്ടെ, അപൂർവമായി മാത്രം പൊതു ഇടങ്ങളിൽ എത്താറുള്ള വ്യക്തിയും.
എന്നാൽ മുൻപൊരിക്കൽ, ഒരു പ്രമുഖ അവാർഡ് ദാന ചടങ്ങ് വേദിയിൽ, മകൻ ദുൽഖർ സൽമാന് അവാർഡ് നല്കാൻ സുൽഫത്ത് മമ്മൂട്ടി വേദിയിൽ എത്തിയത് വലിയ വാർത്തയായിരുന്നു. അന്ന്, പെട്ടെന്ന് അവതാരക ജുവൽ മേരി താര പത്നിയെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ, അവർ ഞെട്ടിയതും, ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് മമ്മൂട്ടി ദേഷ്യപ്പെട്ടതും, ഏറെ ചർച്ചയായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ ആ സംഭവത്തിന്റെ സത്യാവസ്ഥ ജുവൽ വെളിപ്പെടുത്തി.

അന്ന് അവാർഡ് ചടങ്ങിന് എത്തിയപ്പോൾ, സുൽഫത്ത് മമ്മൂട്ടിയെ വേദിയിലേക്ക് ക്ഷണിക്കാൻ സംഘാടകർക്കും, അവതാരകയായ തനിക്കും പ്ലാൻ ഉണ്ടെന്ന് മെഗാസ്റ്റാറും കുടുംബവും അറിഞ്ഞിരുന്നില്ല എന്നാണ് ജുവൽ വെളിപ്പെടുത്തിയത്. മമ്മൂട്ടിയോടോ, ദുൽഖർ സൽമാനോടോ, ഈ കാര്യം നേരത്തെ പറയുകയോ, അനുവാദം വാങ്ങുകയോ ചെയ്തില്ല. പെട്ടെന്ന് വേദിയിലേക്ക് ക്ഷണിച്ചപ്പോൾ സുൽഫത്ത് ആകെ ടെൻഷനിൽ ആയി. തന്റെ ഭാര്യയുടെ അസ്വസ്ഥത കൃത്യമായി മനസ്സിലാക്കിയ ലെജൻഡറി താരം, ആകെ ദേഷ്യത്തിലാവുകയും ചെയ്തു.
"ചാനലിന്റെ ഭാഗത്ത് നിന്നും ഒരു റിക്വസ്റ്റ് വന്നതാണ്, ദുൽഖർ സൽമാന് അവാർഡ് കൊടുക്കുന്നത് സുൽഫത്ത് മാം ആണെങ്കിൽ നന്നാവും എന്ന്. പക്ഷെ അത് അവരോട് പറഞ്ഞിട്ടുമില്ല. മാം അങ്ങനെ സ്റ്റേജിൽ വരുന്നത് വളരെ അപൂർവ്വമായിട്ടാണ്. ഞാൻ ഒന്ന് ശ്രമിച്ചു നോക്കാം എന്ന് പറഞ്ഞു. എന്നിട്ട് ഞാൻ അങ്ങ് അനൗൺസ് ചെയ്തു, ഈ അവാർഡ് കൊടുക്കാൻ സുൽഫത്ത് മാം സ്റ്റേജിലേക്ക് വരണം, എന്ന്. മമ്മൂക്ക എടുത്ത വഴിക്ക്, ക്യാമറ നോക്കി തന്നെ പറഞ്ഞു "പറ്റൂല" എന്ന്," ജുവൽ മേരി വെളിപ്പെടുത്തി.

"ദുൽഖർ ഒക്കെ 'പോവണ്ട' എന്ന് പറയുന്നുണ്ടായിരുന്നു. അവരൊക്കെ ആകെ വല്ലാതായി, ആർക്കും ഇഷ്ടപ്പെട്ടില്ല ആ പറഞ്ഞത്. കാരണം അവർക്കും അറിയില്ല, അവാർഡ് കൊടുക്കേണ്ടത് ദുൽഖറിന് ആണെന്ന്. മൂന്നാമത് പറഞ്ഞു കഴിഞ്ഞപ്പോൾ മമ്മൂക്കയുടെ മുഖമൊക്കെ ശെരിക്കും മാറി. ആൾക്കാർ കൈയടിച്ചപ്പോൾ സുൽഫത്ത് മാം വന്നു. ഒരു വിധം സ്റ്റേജിൽ കൊണ്ട് വന്നു, അവാർഡ് അനൗൺസ് ചെയ്തു, ദുൽഖറിന് ആണെന്നുള്ളത്. അതോടെ ആ അവസ്ഥ മാറി. എല്ലാവർക്കും സന്തോഷമായി. ദുൽഖർ നല്ല ഹാപ്പി ആയി, അമ്മയുടെ കൈയിൽ നിന്ന് അവാർഡ് വാങ്ങുന്നതിൽ. എന്നിട്ട് ഞാൻ നോക്കുമ്പോൾ മമ്മുക്ക അത് വീഡിയോ എടുക്കുന്നു. മമ്മൂക്ക അത്രയേയുള്ളൂ," പ്രശസ്ത അവതാരക കൂട്ടി ചേർത്തു.
ആ സംഭവത്തിന് ശേഷം, അവാർഡ് ദാന ചടങ്ങ് കഴിഞ്ഞതിന് ശേഷം നടന്ന ഡിന്നറിന് ഇടയ്ക്ക് താൻ പോയി സുൽഫത്ത് മമ്മൂട്ടിയോട് മാപ്പ് പറഞ്ഞു എന്നും ജുവൽ മേരി വെളിപ്പെടുത്തി. അപ്പോൾ, "മോളെ, എനിക്ക് പെട്ടെന്ന് ടെൻഷൻ വരും, അത് കൊണ്ടാണ് മടിച്ചത്. പക്ഷെ അത് നല്ലതായിരുന്നു (അവാർഡ് കൊടുക്കാനായത്)," എന്നാണ് താര പത്നി തന്നോട് പറഞ്ഞത് എന്നും പ്രശസ്ത അവതാരക കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











