'ഞാന്‍ മമ്മൂക്കയുടെ കാലില്‍ വീണു'; കിളിപോയി നിന്ന എന്നോട് മമ്മൂക്ക പറഞ്ഞത്; അനുഭവം പങ്കിട്ട് ജിസ്മ
സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ജിസ്മ വിമല്‍. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ജിസ്മയും വിമലും പ്ങ്കുവെക്കുന്ന വെബ് സീരീസുകളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തവരാണ് ജിസ്മയും വിമലും. ഇപ്പോഴിതാ അനശ്വര രാജനും സജിന്‍ ഗോപുവും പ്രധാന വേഷത്തിലെത്തുന്ന പൈങ്കിളിയിലും കയ്യടി നേടുകയാണ് ജിസ്മ.
സോഷ്യല്‍ മീഡിയ താരവും അഭിനേത്രിയുമൊക്കെ ആകും മുമ്പ് അവതാരകയായിരുന്നു ജിസ്മ. സാക്ഷാല്‍ മമ്മൂട്ടിയെ ഇന്റര്‍വ്യു ചെയ്താണ് ജിസ്മ ഈ രംഗത്തേക്ക് കടക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെ ഇന്റര്‍വ്യു ചെയ്തതിന് പിന്നിലെ കഥ പങ്കുവെക്കുകയാണ് ജിസ്മ. പൈങ്കിളിയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജിസ്മ ആ കഥ പങ്കുവച്ചത്.

തന്റെ ആദ്യത്തെ ഇന്റര്‍വ്യു ആയിരുന്നു മമ്മൂട്ടിയുമായുള്ളത്. അപ്രതീക്ഷിതമായി മമ്മൂട്ടിയെ ഇന്റര്‍വ്യു ചെയ്യേണ്ടി വരുമെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഭയന്നു പോയെന്നാണ് ജിസ്മ പറയുന്നത്. എന്നാല്‍ നമ്മുടെ തന്നോട് സംസാരിക്കുകയും തന്നെ കംഫര്‍ട്ടബിള്‍ ആക്കിയെടുത്തുവെന്നുമാണ് ജിസ്മ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''ഞാനിത് ആരോടും പറയാതെ വച്ചിരിക്കുകയായിരുന്നു. പക്ഷെ ഇടയ്ക്ക് ഇടയ്ക്ക് പൊന്തി വരും. എന്റെ ആദ്യത്തെ ഇന്റര്‍വ്യു ആയിരുന്നു. ഞാന്‍ ഇന്റര്‍വ്യുസ് ഒന്നും എടുത്തിട്ടുണ്ടായിരുന്നില്ല. കൊറോണയ്‌ക്കൊക്കെ മുമ്പാണ്. എന്തെങ്കിലും ജോലി വേണ്ടേ, അങ്ങനെ പോയതാണ്. മധുരാജ ഇറങ്ങുന്ന സമയത്ത് പ്രൊമോഷന് വേണ്ടി ഇന്റര്‍വ്യു എടുക്കാന്‍ ആള്‍ക്കാരെ നോക്കുന്നുണ്ടായിരുന്നു. ഒരു യൂട്യൂബ് ചാനലിന് വേണ്ടിയായിരുന്നു. എന്നോട് വരുന്നുണ്ടോന്ന് ചോദിച്ചു. എടുക്കാം എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ എനിക്കറിയില്ലായിരുന്നു മമ്മൂക്കയുടെ ഇന്റര്‍വ്യു ആയിരിക്കുമെന്ന്. വേറെ ആരുടെയെങ്കിലും ആകുമെന്നാണ് കരുതിയത്.

മമ്മൂക്ക എന്ന് പറഞ്ഞതും ഞാന്‍ ഞെട്ടി. എനിക്ക് ഒരാളേയും ഇന്റര്‍വ്യു എടുത്ത് പരിചയവുമില്ല. അത്രയും അമേച്വര്‍ ആയിട്ടുള്ള ഒരാള്‍ എങ്ങനെയാണ് മമ്മൂക്കയുടെ ഇന്റര്‍വ്യു എടുക്കുക. ഇന്റര്‍വ്യു കിട്ടാന്‍ പത്ത് ശതമാനം മാത്രമേ സാധ്യതയുള്ളൂ. മമ്മൂക്ക ഭയങ്കര തിരക്കാണെന്നും പ്രധാന ചാനലുകള്‍ക്ക് മാത്രമേ ഇന്റര്‍വ്യു കൊടുക്കുന്നുള്ളൂവെന്നും അവര്‍ പറഞ്ഞു. ഒരു ഹാളില്‍ പല സ്ഥലത്തായി ഇന്റര്‍വ്യു സെറ്റ് ചെയ്തിരിക്കുകയാണ്. ഞാന്‍ ഒരിടത്ത് പോയിരുന്നു. എനിക്കാണേല്‍ ടെന്‍ഷന്‍ കാരണം കയ്യൊക്കെ വിയര്‍ക്കാന്‍ തുടങ്ങി.
ധൈര്യത്തിന് കയ്യില്‍ ഒരു കൊന്തയൊക്കെ കെട്ടിയിരുന്നു. മമ്മൂക്ക ഇന്റര്‍വ്യു തരാന്‍ പോകുന്നില്ല എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. പക്ഷെ മമ്മൂക്ക വന്നിരുന്നു. മൈക്കൊക്കെ സെറ്റ് ചെയ്യാന്‍ തുടങ്ങി. എന്റെ കിളി പോയി. ഞാന്‍ അപ്പോള്‍ കാലുപിടിച്ച് മമ്മൂക്ക എനിക്ക് ഇന്റര്‍വ്യു എടുക്കാന്‍ അറിയില്ല, ഇത് എന്റെ ആദ്യത്തെ ഇന്റര്‍വ്യു ആണെന്ന് പറഞ്ഞു. അതൊന്നും കുഴപ്പമില്ല, ഇരിക്ക് എന്ന് മമ്മൂക്ക പറഞ്ഞു. അദ്ദേഹം കുറച്ച് നേരം സംസാരിച്ചതോടെയാണ് ഞാന്‍ കൂളായത്. അത് എന്റെ ആദ്യത്തെ ഇന്റര്‍വ്യു ആയിരുന്നു. അതിന് ശേഷം കുറേ ഇന്റര്‍വ്യുകള്‍ എടുത്തിരുന്നു.''


Click it and Unblock the Notifications