അഭിനയം പോരാ, നീ ഗതിപിടിക്കില്ലെന്ന് പറഞ്ഞ് തഴഞ്ഞ കാലം; എന്നെ ഈ നിലയിലെത്തിച്ചത് മമ്മൂക്ക
മലയാള സിനിമയിലെ മിന്നും താരമാണ് ജോജു ജോര്‍ജ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും നായകനിലേക്കുള്ള ജോജുവിന്റെ യാത്ര ഒരു സിനിമാക്കഥ പോലെ നാടകീയവും സംഭവബഹുലവുമാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച ജോജുവിന് മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താനും നായകനായി മാറാനുമൊക്കെ വര്‍ഷങ്ങള്‍ വേണ്ടി വന്നു. ഇന്ന് മലയാളത്തിലും തമിഴിലുമെല്ലാം മിന്നും പ്രകടനങ്ങള്‍ കാഴ്ച വച്ച് നിറഞ്ഞു നില്‍ക്കുകയാണ് ജോജു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം ജോജുവിനെ തേടിയെത്തി.
ഇപ്പോഴിതാ തന്റെ കരിയറില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിന്തുണയെക്കുറിച്ച് സംസാരിക്കുകയാണ് ജോജു. മമ്മൂക്ക നല്‍കിയ പിന്തുണയെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ലെന്നാണ് ജോജു പറയുന്നത്. ആനന്ദ് ടിവി അവാര്‍ഡ് വേദിയില്‍ വച്ചാണ് ജോജു മനസ് തുറന്നത്. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടിയത് ജോജുവായിരുന്നു. ടൊവിനോ തോമസില്‍ നിന്നുമാണ് ജോജു പുരസ്‌കാരം ഏറ്റുവാങ്ങിയത്.

വളരെ വൈകാരിമായിട്ടാണ് ജോജു സംസാരിച്ചത്. ജോജു സംസാരിക്കുന്നതിനിടെ മമ്മൂട്ടിയും വേദിയിലേക്ക് കയറി വന്നു. മമ്മൂട്ടിയുടെ കാലില്‍ തൊടാന്‍ ജോജു ശ്രമിക്കുന്നതും അദ്ദേഹം മാറി നില്‍ക്കുന്നതുമൊക്കെ ആരാധകരെ സ്പര്‍ശിക്കുന്ന കാഴ്ചയായിരുന്നു. ജോജുവിന് അവാര്‍ഡ് നല്‍കിയ ശേഷം, പുള്ളിയുടെ ഗതികേട് നോക്കണേ എനിക്ക് അവാര്‍ഡ് തന്നത് മമ്മൂക്കയാണ്, പുള്ളി എന്റെ കയ്യില്‍ നിന്നും അവാര്‍ഡ് മേടിക്കുന്നുവെന്ന് ടൊവിനോ പറയുന്നുണ്ട്.
അതേസമയം ടൊവിനോയും സുരാജുമാണ് ഇന്നത്തെ ചടങ്ങിലെ ഏറ്റവും വലിയ ഭാഗ്യവാന്മാര്‍. കുട്ടിക്കാലം മുതലെ ഞാന്‍ സൂപ്പര്‍ താരമായി കണ്ട മമ്മൂക്കയില്‍ നിന്നും പുരസ്‌കാരം മേടിക്കാന്‍ അവര്‍ക്ക് സാധിച്ചുവെന്നാണ് ജോജു പറയുന്നത്. പിന്നാലെ മമ്മൂട്ടിയെക്കുറിച്ച് വാചാലനായി മാറുകയായിരുന്നു ജോജു. ഞാന്‍ ആദ്യമായി ഡയലോഗ് പറഞ്ഞത് മമ്മൂക്കയുടെ പടത്തിലാണ്. നീ അഭിനയിച്ചാല്‍ ശരിയാവില്ലെന്നും ഗതിപിടിക്കില്ലെന്നുമൊക്കെയുള്ള കമന്റുകല്‍ ആ സമയത്ത് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ജോജു ഓര്‍ക്കുന്നു.
അതുകഴിഞ്ഞ് നീ കുഴപ്പമില്ലെടാ എന്ന് ആളുകള്‍ പറഞ്ഞത് ബെസ്റ്റ് ആക്ടര്‍ കണ്ടപ്പോഴായിരുന്നുവെന്നും ജോജു പറയുന്നു. മമ്മൂട്ടി നായകനായി എത്തിയ സിനിമയായിരുന്നു ബെസ്റ്റ് ആക്ടര്‍. അക്കാലത്ത് മമ്മൂട്ടി തന്നെ പല സിനിമകളിലും റെക്കമന്റ് ചെയ്തിരുന്നുവെന്നും ജോജു തുറന്ന് പറയുന്നുണ്ട്. കരിയറിലെ വലിയ വേഷമായിരുന്നു പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയിലേത്. എന്നാല്‍ അത് കഴിഞ്ഞ് ഒരു വര്‍ഷം തനിക്ക് സിനിമയൊന്നും കിട്ടിയില്ലെന്നാണ് ജോജു പറയുന്നത്.
ഇനി ചെറിയ വേഷങ്ങളിലേക്ക് ഇവനെ വിളിക്കണ്ട അവന്‍ വലിയ വേഷം ചെയ്തുവെന്നായിരുന്നു ആളുകളുടെ വിലയിരുത്തലെന്നും ജോജു ഓര്‍ക്കുന്നു. പിന്നീട് ജോജു അഭിനയിച്ച ചിത്രം രാജാധിരാജയായിരുന്നു. മമ്മൂട്ടി നായകനായി ചിത്രത്തില്‍ ജോജു അവതരിപ്പിച്ച അയ്യപ്പന്‍ എന്ന കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടതാണ്. ചിത്രത്തിന്റെ പൂജയുടെ സമയത്ത് താന്‍ മാറി നില്‍ക്കുന്നത് കണ്ട് മമ്മൂട്ടി തന്നെ വിളിച്ച് തിരി കത്തിപ്പിച്ചുവെന്നും ജോജു പറയുന്നു. താന്‍ മുഖം താഴ്ത്തിപ്പോയാണ് തിരി കത്തിച്ചത്, കാരണം കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നുവെന്നാണ് ജോജു പറയുന്നത്.
മമ്മൂട്ടി തനിക്ക് ആത്മവിശ്വാസം പകര്‍ന്നതിനെക്കുറിച്ചും ജോജു സംസാരിക്കുന്നുണ്ട്. ''നീ അഭിനയിച്ചിട്ട് ശരിയായില്ലെങ്കില്‍ നിന്നെ പറഞ്ഞ് വിടുമെന്ന് കേട്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ എനിക്ക് ടെന്‍ഷനായി. ഇവിടുന്ന് പറഞ്ഞ് വിട്ടാലുള്ള നാണക്കേട് ഓര്‍ത്തായിരുന്നു ടെന്‍ഷന്‍. മമ്മൂക്കയ്ക്കൊപ്പമാണ് അഭിനയിക്കുന്നത്. മൂന്നാല് പ്രാവശ്യമായിട്ടും ഡയലോഗ് തെറ്റി'' ജോജു പറയുന്നു.

ഇതേ തുടര്‍ന്ന് മമ്മൂക്ക തന്നെ വിളിച്ച് മാറ്റിനിര്‍ത്തി നീ ആ ഡയലോഗ് വലിച്ച് നീട്ടി പറഞ്ഞേയെന്ന് പറഞ്ഞുവെന്നും ആ ഇത്രേയുള്ളൂയെന്ന് പറഞ്ഞ് സീന്‍ ഓക്കെയാക്കിയെന്നും ജോജു പറയുന്നു. ഇതൊക്കെ മമ്മൂക്ക ഇപ്പോള്‍ ഇത് ഓര്‍ത്തിരിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും ജോജു പറയുന്നു. അതേസമയം ജോജുവിനെക്കുറിച്ച് മമ്മൂട്ടിയും സംസാരിക്കുന്നുണ്ട്. തനിക്ക് മീന്‍ ഇഷ്ടമാണെന്ന് ജോജുവിന് അറിയാമായിരുന്നു. പിറ്റേ ദിവസം ഒരു ടെംപോ നിറയെ തനിക്ക് മീന്‍ കൊണ്ടുതന്നുവെന്നാണ് മമ്മൂട്ടി പറയുന്നത്.
വോയ്‌സ് ഓഫ് സത്യനാഥന്‍ ആണ് ജോജു അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. പുലിമടയാണ് ജോജുവിന്റെ പുതിയ സിനിമ. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യമായി മാറിയിരിക്കുകയാണ് ജോജു ഇപ്പോള്‍.


Click it and Unblock the Notifications