സാന്ദ്രയെ മാറ്റിയത് നിവിനല്ല, ഞാനും മിഥുനും കാശ് വാങ്ങാത്തത് പറയാത്തത് എന്തേ? തുറന്നടിച്ച് ജൂഡ്
ഓം ശാന്തി ഓശാന എന്ന സിനിമയുടെ തുടക്ക കാലത്ത് നിര്‍മ്മാതാവ് സാന്ദ്ര തോമസുമായുണ്ടായ പ്രശ്‌നത്തെക്കുറിച്ച് മനസ് തുറന്ന് ജൂഡ് ആന്തണി ജോസഫ്. ചിത്രം നിര്‍മ്മിക്കാനിരുന്നത് താനായിരുന്നു, എന്നാല്‍ പിന്നീട് ജൂഡും മിഥുനും മറ്റൊരു നിര്‍മ്മാതാവിനെ സമീപിച്ചുവെന്നായിരുന്നു സാന്ദ്രയുടെ ആരോപണം. ഈ സംഭവത്തിലാണ് ജൂഡ് മനസ് തുറന്നിരിക്കുന്നത്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് മനസ് തുറന്നത്. ആ വാക്കുകള്‍ ഇങ്ങനെയാണ്.
സാന്ദ്രയുടെ സംഭവം അതൊന്നുമല്ല. സാന്ദ്ര വിളിച്ചപ്പോള്‍ ഞാനത് പറഞ്ഞതാണ് നിങ്ങള്‍ മുഴുവന്‍ പറഞ്ഞില്ലല്ലോ എന്ന്. ഞാനും മിഥുനും സാന്ദ്രയുമായി പടം ചെയ്യുമ്പോള്‍ ബഡ്ജറ്റ് ഒന്നേമുക്കാല്‍ കോടിയായിരുന്നു. ബഡ്ജറ്റ് കുറക്കണമെന്ന് സാന്ദ്ര പറഞ്ഞു. ഞങ്ങള്‍ക്കിടയില്‍ അതൊരു ഉരസലുണ്ടാക്കി. പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ നിന്റെ വീട്ടില്‍ നിന്നും ആളെ കൊണ്ടു വന്നോ എന്ന് സാന്ദ്ര ചോദിച്ചു. എനിക്കത് വളരെ വിഷമമായി. അതിന് ശേഷം വേറെ നിര്‍മ്മാതാവിനെ പോയി കണ്ടു.

ഈ സിനിമ ചെയ്യുന്നില്ലെന്ന് ഞാനും മിഥുനും സാന്ദ്രയെ ചെന്ന് കണ്ടു പറഞ്ഞു. നിങ്ങള്‍ ഒരക്ഷരം മിണ്ടരുതെന്ന് മിഥുന്‍ പറഞ്ഞിരുന്നു. എനിക്ക് ഭയങ്കര ദേഷ്യമാണ്. പക്ഷെ പറഞ്ഞു വന്നപ്പോള്‍ മിഥുന്‍ സാന്ദ്രയോട് ചൂടായി ഇറങ്ങിപ്പോവുകയായിരുന്നു. സാന്ദ്ര ഇരുന്ന് കരച്ചിലായി. പിന്നെ സംസാരിക്കാം എന്ന് ഞാന്‍ പോന്നു. പിന്നെയാണ് എനിക്കെതിരെ പരാതി നല്‍കിയാതി ഫെഫ്കയില്‍ നിന്നും കോള് വരുന്നത്. എന്നാല്‍ നോക്കാം എന്ന് ഞാന്‍ സാന്ദ്രയോട് പറഞ്ഞു. കാരണം ഞാനൊരു തെറ്റും ചെയ്തിട്ടില്ല.
ബി ഉണ്ണികൃഷ്ണന്‍ സാറൊക്കെ ഇടപെട്ടു. കുറേകാലം അസോസിയേഷനില്‍ കയറി ഇറങ്ങി. ഒടുവില്‍ 25 ലക്ഷം രൂപ അവര്‍ക്ക് കൊടുക്കണം അല്ലെങ്കില്‍ ഈ പടം അവരുടെ കൂടെ ചെയ്യണം എന്നായി. ഒരാഴ്ച സമയം തരണം എന്ന് ഞാന്‍ പറഞ്ഞു. സാന്ദ്രയ്‌ക്കൊപ്പം ഈ സിനിമ ചെയ്യാന്‍ എനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ട്, അതിനാല്‍ ഈ സിനിമ വിടുകയാണെന്ന് പറഞ്ഞു. 25 ലക്ഷമൊന്നുമില്ല അഞ്ച് ലക്ഷം രൂപ വാങ്ങിത്തരാമെന്ന് ഞാന്‍ പറഞ്ഞു. അവര്‍ക്ക് അന്ന് ചെലവായത് ഒന്നരലക്ഷം രുപയാണ്. അത് പറ്റില്ല പത്ത് ലക്ഷം രൂപ വേണമെന്ന് അവര്‍ പറഞ്ഞു.
ആല്‍വിന്‍ ചേട്ടനാണ് അന്ന് നിര്‍മ്മാതാവ്, പത്ത് പൈസ കൊടുക്കില്ലെന്ന് ചേട്ടന്‍ പറഞ്ഞു. ഞാനും മിഥുനും ഞങ്ങള്‍ക്ക് ശമ്പളം വേണ്ട ആ പൈസ കൂടി അവര്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞു. പിന്നെ അവര്‍ക്ക് മാപ്പും എഴുതി കൊടുക്കണമെന്ന് പറഞ്ഞു. മാപ്പ് എഴുതി കൊടുക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അത് തെറ്റുപറ്റിപ്പോയി മാപ്പാക്കണം എന്നല്ല. ഒരു കരാര്‍ ബ്രേക്ക് ചെയ്യുന്നതിനാണ്. ഇവിടെ കരാറൊന്നുമില്ലായിരുന്നു. എങ്കിലും അവര്‍ അത് വേണമെന്ന് പറഞ്ഞതിനാല്‍ എഴുതി കൊടുക്കാന്‍ തയ്യാറായി.
ഒടുവില്‍ എഴ് ലക്ഷം രൂപയും മിഥുന്‍ മാനുവല്‍ തോമസിന്റെ ഒരു കഥയും എന്നതായി എഗ്രിമെന്റ്. അങ്ങനെയാണ് മിഥുന്‍ ആട് എന്ന സിനിമ അവര്‍ക്കു വേണ്ടി ചെയ്യാന്‍ തയ്യാറാകുന്നത്. ഒരുപാട് കാലം അസോസിയേഷനില്‍ കയറി ഇറങ്ങി. ഫെബ്രുവരിയില്‍ തുടങ്ങേണ്ട സിനിമ തുടങ്ങിയത് ഓഗസ്റ്റിലായിരുന്നു. എങ്ങനെയെങ്കിലും ഈ സിനിമ തുടങ്ങണം. അതിനായി മാപ്പല്ല, എന്റെ കുടുംബം വരെ എഴുതിക്കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു.

ഞാനും മിഥുനും ശമ്പളം വാങ്ങിയിട്ടില്ല. എന്നിട്ടും ആല്‍വി ചേട്ടന്‍ 85000 രൂപ തന്നു. പക്ഷെ സാന്ദ്ര വളരെ ജെനുവിനാണ്. ഞാനും അങ്ങനാണ്. ഈ പടം കണ്ട് സാന്ദ്ര വിളിച്ചിരുന്നു. എത്രയാണ് ബഡ്ജറ്റ് എന്ന് ചോദിച്ചു. പറയില്ല, എന്നിട്ട് നിനക്ക് ഇന്റര്‍വ്യുവില്‍ പറയാനല്ലേ എന്ന് ചോദിച്ചു. പറയുമ്പോള്‍ എല്ലാം പറയണം. മാപ്പ് എഴുതി തന്നത് പറഞ്ഞു, പക്ഷെ ഞാനും മിഥുനും കാശ് വാങ്ങാതാണ് ആ സിനിമ ചെയ്തതെന്ന് എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ചോദിച്ചു.
യുവനടന്‍ ഒഴിഞ്ഞുമാറി എന്നാണ് സാന്ദ്ര പറയുന്നത്. പക്ഷെ അങ്ങനൊന്നും സംഭവിച്ചിട്ടില്ല. നിവിന്‍ ഒരിക്കലും സാന്ദ്ര വേണ്ടെന്ന് പറഞ്ഞിട്ടില്ല. എന്റേയും മിഥുന്റേയും തീരുമാനമായിരുന്നു. ഞങ്ങള്‍ പലതും വേണമെന്ന് പറയുമ്പോള്‍ സാന്ദ്ര സമ്മതിക്കില്ല. ഇന്നാണെങ്കില്‍ സാന്ദ്ര സമ്മതിച്ചേനെ. അന്ന് സാന്ദ്ര വേറൊരു ആളായിരുന്നു. ഞാനും അന്ന് വേറൊരു ആളായിരുന്നു. കഴിഞ്ഞ കാര്യം കുത്തിപ്പൊക്കി കാണിക്കാനില്ല.


Click it and Unblock the Notifications











