ഞാന്‍ നല്ല അമ്മയാണോ എന്ന് സംശയം തോന്നാറുണ്ട്; ഞാനൊരു കാലകാരിയാണെന്ന് മറന്നുപോയി
മലയാള സിനിമയിലേക്ക് അതിശക്തമായ തിരിച്ചുവരവാണ് ജ്യോതിര്‍മയി നടത്തിയിരിക്കുന്നത്. പത്ത് വര്‍ഷത്തിലധികമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ജ്യോതിര്‍മയി. എണ്ണിപ്പെറുക്കിയായിരുന്നു അഭിനയിച്ചിരുന്നതെങ്കിലും ചെയ്ത കഥാപാത്രങ്ങളെല്ലാം ഓര്‍ത്തിരിക്ക തക്കതാക്കാന്‍ സാധിച്ച നടിയാണ് ജ്യോതിര്‍മയി. തിരിച്ചുവരവില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തി കയ്യടി നേടുകയാണ് ജ്യോതിര്‍മയി.
ബോക്‌സ് ഓഫീസില്‍ മികച്ച വിജയമായി മാറിയിരിക്കുകയാണ് ബൊഗെയ്ന്‍വില്ല. ജ്യോതിര്‍മയി പ്രധാന വേഷത്തിലെത്തിയ സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മറവി രോഗം ബാധിച്ച റീത്തു എന്ന കഥാപാത്രത്തെയാണ് ജ്യോതിർമയി അവതരിപ്പിക്കുന്നത്. ഇത്രയും വര്‍ഷത്തിന്റെ ഇടവളേ ജ്യോതിര്‍മയിയുടെ പ്രതിഭയെ ബാധിച്ചിട്ടില്ലെന്നാണ് അവരുടെ പ്രകടനം കാണിച്ചു തരുന്നത്. ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ജ്യോതിര്‍മയിയുടെ രണ്ടാം വരവിനെ വരവേല്‍ക്കുന്നത്.

ഇതിനിടെ ഇപ്പോഴിതാ തന്റെ ഇടവേളയെക്കുറിച്ചും അമ്മ ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജ്യോതിര്‍മയി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം.
വീട്ടില്‍ നമ്മള്‍ കലാപരമായി ചെയ്ത കാര്യങ്ങളൊക്കെയും നമ്മുടെ ക്രിയാത്മകമായ സന്തോഷങ്ങള്‍ തന്നെയാണ്. അഭിനയിക്കാതിരുന്ന കാലത്തൊക്കെയും അതായിരുന്നു എന്റെ സന്തോഷം എന്നാണ് ഇടവേളയെക്കുറിച്ച് ജ്യോതിര്‍മയി പറയുന്നത്. അങ്ങനെ ഒരു പോയിന്റില്‍ ഞാന്‍ മറന്നുപോയി ഞാനൊരു കലാകാരിയാണെന്ന്. പിന്നെ എന്റെ പങ്കാളിയുടെ ക്രിയാത്മകമായ വിജയങ്ങളും നേട്ടങ്ങളുമൊക്കെ എന്നെക്കൂടി തൃപ്തിപ്പെടുത്തിയിട്ടുണ്ടെന്നും ജ്യോതിര്‍മയി പറയുന്നു.
വളരെ വിജയത്തില്‍, സംതൃപ്തിയിലുള്ള കരിയറിന്റെ ഇടയിലല്ല ഞാന്‍ ജോലി നിര്‍ത്തിയത്. ഞാന്‍ ചെയ്തിതിനെയൊക്കെ ചേര്‍ത്തുപിടിക്കുമ്പോള്‍ തന്നെ എനിക്ക് ചില 'ഇത് പോര' എന്നൊരു തോന്നലും ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. എനിക്ക് 'ഹൈ' തരുന്ന പ്രോജക്ട് വന്നാല്‍ ചെയ്യാമെന്നായിരുന്നു അപ്പോള്‍ എന്റെ തീരുമാനം എന്നും ജ്യോതിര്‍മയി പറയുന്നത്. അതേസമയം ബൊഗെയ്ന്‍വില്ലയിലെ റീത്തു ആകാന്‍ ജ്യോതിര്‍മയിക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ അമലിന്റെ ഉറച്ച തീരുമാനവും ശക്തമായ പിന്തുണയുമാണ് തന്നെ റീത്തുവാക്കിയതെന്നാണ് ജ്യോതിര്‍മയി പറയുന്നത്.

കരിയറില്‍ തിരിച്ചുവരവ് നടത്തുമ്പോള്‍ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ജ്യോതിര്‍മയി. അമ്മയായതിനെക്കുറിച്ചും മകനെക്കുറിച്ചുമെല്ലാം ജ്യോതിര്‍മയി സംസാരിക്കുന്നുണ്ട്. 'ഞങ്ങളുടെ വീട്ടില്‍ എല്ലായിടത്തും മകന്‍ റേയ് വരച്ച ചിത്രങ്ങളുണ്ട്. അതെല്ലാം ഒരു രസം. ചിലപ്പോള്‍ ഞാന്‍ നല്ല അമ്മയാണോ എന്നെല്ലാം സംശയം തോന്നാറുണ്ട്. വളര്‍ത്തേണ്ടത് എങ്ങനെയാണെന്ന് കൂട്ടുകാരോടും ഡോക്ടര്‍മാരോടും അച്ഛനമ്മമാരോടും ചോദിച്ച് അറിഞ്ഞ വിവരങ്ങള്‍ വച്ചാണ് കുഞ്ഞിനെ വളര്‍ത്തുന്നത്.'' എന്നാണ് അമ്മ ജീവിതത്തെക്കുറിച്ച് താരം പറയുന്നത്.
അതേസമയം ബോക്‌സ് ഓഫീസില്‍ മികച്ച വിജയമായി മാറിയിരിക്കുകയാണ് ബൊഗെയ്ന്‍വില്ല. അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമ ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് പുറമെ വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അമലും ലാജോ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











