രാജൻ പി. ദേവിന് ഈഗോ ഉണ്ടായി, അഭിനയിക്കാൻ വന്നപ്പോൾ പുച്ഛിച്ചു; അവസാനം ഒരിറ്റ് കണ്ണ് നിറഞ്ഞു: പ്രകാശ് പോൾ
മലയാളം സീരിയൽ ചരിത്രത്തിൽ ഇന്നും പ്രേക്ഷകർ ആഘോഷിക്കുന്ന സീരിയൽ ഉണ്ടെങ്കിൽ അത് കടമറ്റത്ത് കത്തനാരാണ്. വർഷങ്ങൾ എത്ര കഴിഞ്ഞാലും അതിന്റെ പ്രൗഡി ഇന്നും നിലനിൽക്കും. മുത്തശ്ശിക്കഥകളിൽ കേട്ട് മറന്ന കത്തനാരും കള്ളിയങ്കാട്ട് നീലിയും മലയാളികളെ ആവേശം കൊള്ളിച്ചിട്ട് 20 വർഷങ്ങളായി. പ്രകാശ് പോൾ എന്ന അഭിനേതാവിന്റെ ജീവിതത്തിൽ ഇന്നും സ്വീകാര്യത ലഭിച്ച ഒരേയൊരു വേഷമാണ് കത്തനാരുടേത്.
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ബ്രഹ്മാണ്ഢ ചിത്രമാണ് കത്തനാർ. ചിത്രം ഈ വർഷം അവസാനത്തോടെ റിലീസ് ചെയ്യും. മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടാണത്. കുട്ടിക്കാലത്തെ കേട്ട ശീലിച്ച കഥ സിനിമാ രൂപത്തിലെത്തുമ്പോൾ കത്തനാരായി എത്തുന്നത് ജയസൂര്യ തന്നെ. കടമറ്റത്ത് കത്തനാർ സീരിയൽ വിശേഷങ്ങളുമായി ബിഹൈന്റ് വുഡ്സ് ഐസ് ചാനലിലൂടെ സാക്ഷാൽ കത്തനാർ സംസാരിക്കുന്നു.
"ജയസൂര്യക്ക് ഈ സിനിമയെ കുറിച്ച് ഒരുപാട് പ്രതീക്ഷയുണ്ട്. സിനിമ തുടങ്ങിയതിനു ശേഷം അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല. എന്നാൽ ഒരു ദിവസം ഫോണിൽ സംസാരിച്ചിരുന്നു. അന്ന് സിനിമയെ കുറിച്ച് സംസാരിച്ചിരുന്നു. കടമറ്റത്ത് കത്തനാരായി ഇപ്പോൾ ജനങ്ങളുടെ മനസിൽ ഉള്ളത് എന്റെ രൂപമാണ്. അതിനു മുന്നേ പ്രേംനസീറിന്റെ മുഖമായിരുന്നു. അതിനും മുന്നേ കൊട്ടാരക്കര ശ്രീധരൻ നായരായിരുന്നു. കടമറ്റത്ത് കത്തനാർ സിനിമ റിലീസ് ചെയ്യുമ്പോൾ എന്റെ രൂപം മായുകയും ജയസൂര്യയുടെ മുഖം തെളിയുകയും ചെയ്യും.

കഥാപാത്രം എന്നും നിലനിൽക്കും ആളുകൾ മാത്രം മാറികൊണ്ടിരിക്കും. ഞാൻ അവതരിപ്പിച്ച ആ കഥാപാത്രം മറ്റൊരാൾ ചെയ്ത് നല്ല അഭിപ്രായങ്ങൾ നേടുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ." പ്രകാശ് പോൾ പറയുന്നു. അഭിനയ രംഗത്ത് വരുമ്പോൾ സ്വാഭാവികമായും പല അഭിനേതാക്കൾക്കും ഈഗോ ഉണ്ടാവാൻ സാധ്യതയുണ്ട്. കടമറ്റത്ത് കത്തനാർ ചെയ്യുമ്പോൾ അതിൽ അഭിനയിക്കാൻ എത്തിയ രാജൻ പി. ദേവിന് ഇതുപോലെ പ്രകാശ് പോളിനോട് ഈഗോ ഉണ്ടായിരുന്നു.
അഭിനയത്തിൽ പ്രകാശിനേക്കാളും എത്രയോ മടങ്ങ് അനുഭവമുള്ള നടനാണ് രാജൻ പി. ദേവ്. എന്നാൽ ആ സീരിയലിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് അത്ര എക്സ്പീരിയൻസ് ഇല്ലാത്ത പ്രകാശ് പോളും. അതിനാൽ രാജൻ പി. ദേവിന് ചെറിയൊരു പുച്ഛം ഉണ്ടായിരുന്നു. ആ പുച്ഛത്തോടെയാണ് അദ്ദേഹം അഭിനയിക്കാൻ തുടങ്ങിയത്. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ വലിയ സൗഹൃദത്തിലേക്ക് എത്തി. അദ്ദേഹത്തിന്റെ ഷൂട്ട് കഴിഞ്ഞ് പോവുമ്പോൾ എന്റെ കണ്ണ് നനഞ്ഞു. പ്രകാശ് പോൾ കൂട്ടിച്ചേർത്തു.

"മാസം മാസം ശമ്പളം വാങ്ങുന്ന ജോലിയോട് എനിക്ക് താത്പര്യം ഇല്ല. പണ്ടും ഇല്ല. അതിനർത്ഥം ജോലി ചെയ്യാൻ താത്പര്യമില്ല എന്നല്ല. പക്ഷേ ഒരു ശമ്പളക്കാരനായി നിൽക്കാൻ ഇഷ്ടമില്ല. കത്തനാർ ടെലികാസ്റ്റ് ചെയ്യുന്നത് 2004ൽ ആണ്. ആ സമയം തൊട്ട് കഴിഞ്ഞ വർഷം വരെ അത്യാവശ്യം പരിപാടികളിലെല്ലാം പങ്കെടുക്കാൻ സാധിച്ചു. മാത്രമല്ല നല്ല രീതിയിൽ റെമ്യൂണറേഷൻ ലഭിച്ചിട്ടുമുണ്ട്. അത് പക്ഷേ കത്തനാർ എന്ന കഥാപാത്രത്തിനോടുള്ള സ്നേഹം കൊണ്ട് കിട്ടിയതാണ്." പ്രകാശ് പോൾ പറഞ്ഞു.
ഇന്നത്തെ കാലത്തെ അഭിനേതാക്കളിൽ തനിക്ക് ഏറ്റവും ഇഷ്ടം പൃഥ്വിരാജാണെന്ന് പ്രകാശ് പോൾ പറഞ്ഞു. അതിനു മുകളിൽ നിൽക്കുന്ന അഭിനയം അദ്ദേഹത്തിന്റെ പിതാവ് നടൻ സുകുമാരന്റേതാണെന്നും പ്രകാശ് പറയുന്നുണ്ട്. നടൻ സുകുമരന്റെ അഭിനയമാണ് തന്നെ ഇന്നും അത്ഭുതപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ശബ്ദ ഗാംഭീര്യവും അഭിനയത്തിലെ വ്യത്യസ്തയുമെല്ലാം ഇന്നും പ്രകാശ് പോൾ ആരാധിക്കുന്നുണ്ട്.


Click it and Unblock the Notifications











