വീട്ടിലെ എല്ലാ ജോലികളും ചെയ്യും, കുഞ്ഞുങ്ങളെയും നോക്കും; നയൻതാരയിൽ ഇഷ്ടപ്പെട്ട കാര്യത്തെ കുറിച്ചും കല മാസ്റ്റർ
തെന്നിന്ത്യയൊട്ടാകെ ഒരുപോലെ ആരാധകരുള്ള നടിയാണ് നയൻതാര. മലയാളത്തിൽ നിന്നും മറ്റു ഭാഷകളിലേക്ക് പോയ നിരവധി നടിമാരുണ്ടെങ്കിലും നയന്‍താരയോളം പ്രേക്ഷകർ ചേര്‍ത്ത് പിടിച്ച മറ്റേതെങ്കിലും താരം ഉണ്ടോയെന്നത് സംശയമാണ്. തമിഴ് സിനിമാ പ്രേമികൾ നയൻതാരയെ ഹൃദയത്തോട് ചേർക്കുകയായിരുന്നു. ആരാധകരുടെ കാര്യത്തിലാണെങ്കിലും താരമൂല്യത്തിലാണെങ്കിലും മറ്റാരേക്കാളും മുന്നിലാണ് ഇന്ന് നയൻതാരയുടെ സ്ഥാനം.
അതിനിടെ ജവാൻ എന്ന സിനിമയിലൂടെ ബോളിവുഡിലും കയ്യടി വാങ്ങിക്കൂട്ടുകയാണ് നയൻതാര. അർജുൻ കപൂർ അടക്കം നിരവധി താരങ്ങളാണ് നയൻതാരയെ പ്രശംസിച്ച് രംഗത്തെത്തുന്നത്. അടിമുടി ഷാരൂഖ് ഖാന്റെ മാസ് രംഗങ്ങളാൽ നിറഞ്ഞ ജവാനിൽ നയൻതാരയ്ക്കും എടുത്ത് പറയത്തക്ക കഥാപാത്രം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. തുടർച്ചയായി പരാജയങ്ങൾ നേരിട്ടുകൊണ്ടിരുന്ന നയൻതാരയ്ക്ക് കരിയറിൽ ഉണർവ് നൽകിയിരിക്കുകയാണ് ജവാൻ.

മുൻപും ഇത്തരം പരാജയങ്ങളേയും പ്രതിസന്ധികളെയും അതിജീവിച്ച് കടന്നു വന്നയാളാണ് നയൻതാര. ജീവിതത്തിലും പലതവണ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട് താരത്തിന്. സിമ്പു, പ്രഭുദേവ എന്നിവരുമായുള്ള പ്രണയ പരാജയങ്ങളടക്കം അതിലുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം കയറി വന്ന താരം ഇപ്പോൾ വിഘ്‌നേശ് ശിവനൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. കൂടാതെ ഉയിർ, ഉലകം എന്നീ ഇരട്ടക്കുട്ടികൾക്ക് അമ്മയുമാണ് നയൻതാര.
ഇപ്പോഴിതാ നയൻതാരയെ കുറിച്ച് കൊറിയോഗ്രാഫറായ കല മാസ്റ്റർ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. സ്‌ക്രീനില്‍ കാണുന്നതു പോലയല്ല നയന്‍താര, അവര്‍ക്ക് അതിനപ്പുറം ഒരു വലിയ മനസ്സും നന്മയും ഉണ്ട് എന്ന് കല മാസ്റ്റര്‍ പറയുന്നു. തന്റെ അനിയത്തി കുട്ടിയാണെന്നും കല മാസ്റ്റർ പറയുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് മാസ്റ്റർ തന്റെ പ്രിയ സുഹൃത്തിനെ കുറിച്ച് വാചാലയായത്.
'ലേഡി സൂപ്പർ സ്റ്റാർ എന്നതിനപ്പുറം ഒരു നല്ല മനസ്സിനുടമയാണ് നയൻതാര. തന്നെ ചുറ്റിയിരിക്കുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കും, അകമഴിഞ്ഞ് സഹായിക്കും, അതില്‍ സന്തോഷിക്കുകയും ചെയ്യും. അങ്ങനെ ഒരു വ്യക്തിയാണ് നയന്‍. അതല്ലാതെ നയന്‍താരയില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം, അവർ അവരുടെ പേഴ്‌സണല്‍ ജീവിതവും പ്രൊഫഷണല്‍ ജീവിതവും ജീവിയ്ക്കുന്ന രീതിയാണ്. നടിയാവാന്‍ പറഞ്ഞാല്‍ നടിയാവും, അതേ സമയം തന്റെ കടമകളും മറക്കില്ല', കല മാസ്റ്റർ പറയുന്നു.
'ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ അവിടെയുള്ള ജോലികള്‍ എല്ലാം ചെയ്യുന്നത് നയന്‍താര തന്നെയാണ്. ഇപ്പോള്‍ രണ്ട് കുഞ്ഞുങ്ങളുമുണ്ട്. അവരെയും വളരെ നന്നായി നോക്കും. പെര്‍ഫക്ട് ഒരു വീട്ടമ്മ. എപ്പോഴും വിളിക്കുന്ന ബന്ധമല്ല ഞങ്ങള്‍ തമ്മിലേത്, പക്ഷെ വിളിച്ചാല്‍ ഒരു അര മണിക്കൂര്‍ നേരമൊക്കെ സംസാരിക്കും',
'കൊവിഡ് കാലത്തൊക്കെ ബിരിയാണി ഉണ്ടാക്കി ഞാന്‍ കൊടുത്തു വിടുമായിരുന്നു. അവര്‍ക്ക് കുഞ്ഞുങ്ങൾ ജനിച്ചതിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ ഒന്നും ഞാന്‍ കാര്യമാക്കുന്നില്ല. പറയുന്നവര്‍ പറഞ്ഞുകൊണ്ടേയിരിക്കും. അവരുടെ വായടക്കാന്‍ കഴിയില്ല', എന്നും കല മാസ്റ്റര്‍ പറഞ്ഞു.

മുൻപ് വിവാഹശേഷം നയൻതാരയ്‌ക്കെതിരെ വിമർശനങ്ങൾ ശക്തമായപ്പോൾ പിന്തുണയുമായി എത്തിയ കല മാസ്റ്റർ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടിയിരുന്നു. ലേറ്റ് മാരേജ് ചെയ്യുന്നവർ നിരവധിയുണ്ട്. ചിലർക്ക് അറുപതാം വയസിൽ കുട്ടികളുണ്ടാകുന്നില്ലേ? വിഐപി ആയതുകൊണ്ടാണ് നയൻതാരയ്ക്ക് നേരെ കുറ്റപ്പെടുത്തലുകൾ വരുന്നത്.
നയൻതാരയുടെ തീരുമാനം കറക്ടാണ്. കൃത്യ സമയത്താണ് അവർ വിവാഹിതയായത്. നാൽപത്തൊന്നും ആയില്ലല്ലോ മുപ്പത്തിയേഴ് വയസല്ലേ ആയുള്ളു. നയൻസ് അവളുടെ ജീവിതമാണ് ജീവിക്കുന്നത്. നാക്കിന് എല്ലില്ലാത്തവർ പറയുന്നതും എഴുതി വിടുന്നതും അവളുടെ വിഷയമല്ല എന്നാണ് കല മാസ്റ്റർ പ്രതികരിച്ചത്.


Click it and Unblock the Notifications