'മനാസാവാചാ അറിയാത്തത്'; റിസബാവയെ വഞ്ചിച്ച മിമിക്രിക്കാരന്‍ താനല്ലെന്ന് കലാഭവന്‍ അന്‍സാര്‍
കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയുടെ ജോണ്‍ ഹോനായി റിസബാവയുടെ മരണം. ആരാധകരെയാകെ സങ്കടത്തിലാക്കിയ വാര്‍ത്തയായിരുന്നു അത്. എന്നാല്‍ റിസബാവയുടെ മരണത്തിന് പിന്നാലെ ചില വിവാദങ്ങളും അരങ്ങേറുകയുണ്ടായി. ജോണ്‍ ഹോനായി എന്ന കഥാപാത്രം വന്‍ വിജയമായതിന് പിന്നാലെ മറ്റ് ഭാഷകളില്‍ നിന്നും വന്ന ഓഫറുകള്‍ റിസബാവ നിരസിച്ചിരുന്നു. ഇന്‍ ഹരിഹര്‍ നഗറിന്റെ റീമേക്കുകളില്‍ ഹോനായി ആകാനുള്ള അവസരമായിരുന്നു റിസബാവ നിരസിച്ചത്. ഇതിന് പിന്നില്‍ സുഹൃത്തായ മിമിക്രിക്കാരന്റെ വാക്കുകളായിരുന്നുവെന്നും അയാള്‍ താരത്തെ വഞ്ചിക്കുകയായിരുന്നുവെന്നുമായിരുന്നു വിവാദ ആരോപണം.
ഇതിന് പിന്നാലെ റിസബാവയെ തെറ്റിദ്ധരിപ്പിച്ച സുഹൃത്തായ മിമിക്രിക്കാരന്‍ കലാഭവന്‍ അന്‍സാര്‍ ആണെന്ന പ്രചരണവും നടന്നു. എന്നാല്‍ റിസബാവയെ കൈപിടിച്ച് സിനിമയിലേക്ക് കൊണ്ടു വന്നതും ജോണ്‍ ഹോനായിലേക്ക് എത്തിച്ചതും താനായിരുന്നുവെന്നാണ് കലാഭവന്‍ അന്‍സാര്‍ പറയുന്നത്. താന്‍ മനസാവാചാ അറിയാത്ത കാര്യമാണെന്നും അത് പടച്ചുവിട്ട ആളിന്റെ ലക്ഷ്യം എന്താണെന്ന് തനിക്കറിയില്ലെന്നും അന്‍സാര്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വിശദമായി വായിക്കാം.

റിസബാവയും താനും വളരെ ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നുവെന്നാണ് അന്‍സാര്‍ പറയുന്നത്. സ്‌കൂള്‍ കഴിഞ്ഞ് ബന്ധം കുറേക്കാലത്തുണ്ടായിരുന്നില്ല. ഈ സമയത്ത് റിസബാവ നാടകത്തില്‍ അഭിനയിക്കുന്ന കാര്യം തനിക്ക് അറിയാമായിരുന്നു. പിന്നീടാണ് തന്റെ സുഹൃത്തുക്കളായ സിദ്ധീഖും ലാലും ഇന്‍ ഹരിഹര്‍ നഗര്‍ സിനിമ ചെയ്യുന്നതിനെക്കുറിച്ചും അറിയുന്നത്. അവരോട് താന്‍ റിസയെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. കഴിവുള്ള സുഹൃത്തുക്കളെ കൈപിടിച്ചു മുന്നോട്ട് നടത്തുന്ന ശീലം തനിക്ക് എപ്പോഴും ഉണ്ടെന്നും അന്‍സാര്‍ പറയുന്നു.
ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ അഭിനയിക്കാന്‍ രഘുവരന്റെ ഡേറ്റ് കിട്ടാതെ ഇരിക്കുകയായിരുന്നു സിദ്ധീഖും ലാലും. പിന്നീടാണ് അവര്‍ തന്നോട് റിസയെ പ്രധാന വില്ലന്‍ ആക്കിയാലോ എന്ന് ചോദിക്കുന്നത്. തനിക്ക് ഇത് വലിയ സന്തോഷം ആയെങ്കിലും വില്ലന്‍ കഥാപാത്രം ആണെന്ന് അറിഞ്ഞപ്പോള്‍ താല്‍പര്യമില്ലെന്നായിരുന്നു റിസ പറഞ്ഞതെന്നും അന്‍സാര്‍ ഓര്‍ക്കുന്നു. താനാണ് റിസയെ നിര്‍ബന്ധിച്ചതെന്നും ഇത് ചെയ്തില്ലെങ്കില്‍ പിന്നെ എവിടേയും നിന്നെ റെ്ക്കമെന്റ് ചെയ്യില്ലെന്ന് പറഞ്ഞുവെന്നും അന്‍സാര്‍ പറയുന്നു. ഇതേക്കുറിച്ച് പിന്നീട് റിസബാവ തന്നെ തുറന്നു പറഞ്ഞിട്ടുണ്ടെന്നും അന്‍സാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാല്‍ റിസയുടെ മരണ ശേഷം ചില അനാവശ്യ വിവാദങ്ങള്‍ വരുന്നുണ്ട്. റിസയെ അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും തടഞ്ഞത് താനാണെന്ന്. പക്ഷെ താന്‍ മനസാവാചാ അറിയാത്ത കാര്യമാണതെന്നും അത് പടച്ചുവിട്ട ആളിന്റെ ലക്ഷ്യം എന്താണെന്ന് തനിക്കറിയില്ലെന്നും അന്‍സാര്‍ പറയുന്നു. മലയാള സിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ റിസബാവയെ നിര്‍ബന്ധിച്ച താന്‍ മറ്റു ഭാഷാചിത്രങ്ങളില്‍ വില്ലനായി അഭിനയിക്കണ്ട എന്ന് പറയുമോ എന്നാണ് അന്‍സാര്‍ ചോദിക്കുന്നത്. അതേസമയം താന്‍ മനസിലാക്കിയടത്തോളം വില്ലന്‍ കഥാപാത്രത്തിലേക്ക് ഒതുങ്ങിപ്പോകാന്‍ റിസ ആഗ്രഹിച്ചിരുന്നില്ലെന്നും അതാകാം പല ചിത്രങ്ങളും നിരസിച്ചതെന്നുമാണ് അന്‍സാര്‍ അഭിപ്രായപ്പെടുന്നത്.
താന്‍ പറഞ്ഞതു കൊണ്ട് മാത്രം വളരെ സാമ്പത്തികലാഭം ഉണ്ടാകുന്ന അന്യാഭാഷാ ചിത്രങ്ങള്‍ നിരസിക്കാന്‍ മാത്രം ബുദ്ധിശൂന്യത ഒരാള്‍ക്കുണ്ടാകുമോ എന്നും അന്‍സാര്‍ ചോദിക്കുന്നുണ്ട്. ഒരാളുടെ മരണശേഷം ഇങ്ങനെയൊക്കെ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും താന്‍ ആരേയും വേദനിപ്പിക്കുന്ന ആളല്ലെന്നും റിസബാവയുടെ മരണം തന്നെ വല്ലാതെ ഉലച്ചിട്ടുണ്ടെന്നും അവന്‍ തനിക്ക് അത്ര പ്രിയപ്പെട്ടവനായിരുന്നുവെന്നും അന്‍സാര്‍ പറയുന്നു. ഈ സമയത്ത് ഇങ്ങനയൊരു വിവാദം ഉണ്ടാക്കുന്നത് ശരിയാണോ എന്ന് പറയുന്നവര്‍ ചിന്തിക്കട്ടെ എന്നും സുഹൃത്തിന്റെ മരണം വച്ചൊരു വിവാദമുണ്ടാക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അന്‍സാര്‍ കൂട്ടിചേര്‍ത്തു.


Click it and Unblock the Notifications











