ലാലേട്ടന്‍ കേണല്‍ ആയപ്പോള്‍ എന്നെക്കുറിച്ച് വന്ന മെസേജ്; അത് തന്നെ വേദനിപ്പിച്ചുവെന്ന് ഷാജോണ്‍
മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് കലാഭവന്‍ ഷാജോണ്‍. നടനായി മാത്രമല്ല സംവിധായകനായും ഷാജോണ്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തുടക്കത്തില്‍ കോമഡി വേഷങ്ങളിലായിരുന്നു കയ്യടി നേടിയതെങ്കിലും പിന്നീട് വില്ലനായും നായകനായുമെല്ലാം ഷാജോണ്‍ ശ്രദ്ധ നേടുകയായിരുന്നു. ഇപ്പോഴിതാ തനിക്കുണ്ടായൊരു വേദന പങ്കുവെക്കുകയാണ് ഷാജോണ്‍.
മോഹന്‍ലാലിന് കേണല്‍ പദവി കിട്ടിയ സമയത്തെ ഒരു തമാശ തന്നെ വേദനിപ്പിച്ചതിനെക്കുറിച്ചാണ് ഷാജോണ്‍ സംസാരിക്കുന്നത്. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം സംസരിച്ചത്. പട്ടാള സിനിമകളില്‍ അഭിനയിച്ച് മോഹന്‍ലാല്‍ കേണല്‍ ആയത് പോലെ സ്ഥിരം പോലീസുകാരനായി അഭിനയിച്ച ഷാജോണിനെ പാറാവുകാരന്‍ എങ്കിലും ആക്കണം എന്നതായിരുന്നു അന്നത്തെ കാലത്തെ ആ തമാശ.

വേദനിപ്പിച്ചു എന്നല്ല, എവിടെയൊക്കയോ ചെറിയൊരു നോവുണ്ടായി എന്നാണ് അതേക്കുറിച്ച് ഷാജോണ്‍ പറയുന്നത്. ഞാന്‍ അന്നും ഇന്നും പ്ലാന്‍ ചെയ്ത് ജീവിക്കുന്ന ആളല്ല. ഓരോ സമയത്തും നമ്മളിലേക്ക് എന്താണോ വരുന്നത് അത് അനുസരിച്ച് ചെയ്യുക എന്നതാണ്. അല്ലാതെ നാളെ മറ്റേ ആളെ വിളിച്ച് ആ പടത്തില്‍ കയറണം, അല്ലെങ്കില്‍ ഇവനെ വെട്ടിയിട്ട് മുന്നോട്ട് പോകണം എന്നൊന്നും എനിക്ക് അറിഞ്ഞുകൂട. എനിക്ക് അങ്ങനെ പ്ലാന്‍ ചെയ്യാന്‍ അറിയത്തില്ല. പ്ലാന്‍ ചെയ്താലും ചെയ്യാന്‍ സാധിക്കത്തുമില്ലെന്നും ഷാജോണ്‍ പറയുന്നു.
നമ്മളിലേക്ക് ഓരോ വേഷങ്ങള്‍ വരുന്നു ചെയ്യുന്നു. നമ്മളെ ഇഷ്ടമുള്ള ഒരുപാട് പേരുണ്ട്. ഉദയേട്ടന്‍, സിബി ചേട്ടന്‍, തോംസണ്‍ ചേട്ടന്‍, ജോണിച്ചേട്ടന്‍ അങ്ങനെ കുറേ പേര്‍. അവരുടെ സിനിമകളില്‍ ഒരു സീന്‍ ആണെങ്കില്‍ പോലും നമ്മളോടുള്ള ഇഷ്ടം കൊണ്ട് നമ്മളെ വിളിച്ച് അങ്ങ് തരും. അത് മിക്കപ്പോഴും പോലീസുകാരനായിരിക്കും. പിന്നെ നമ്മുടെ ബോഡി ലാഗ്വേംജ് അങ്ങനെ ആയതിനാല്‍ പോലീസുകാരന്‍ ഉണ്ടെങ്കില്‍ ഇത് ഷാജോണ്‍ ആണേ എന്ന് തിരക്കഥയുടെ സമയത്തേ മാറ്റി വെക്കുമെന്നും ഷാന്‍ പറയുന്നു
നമുക്ക് മിമിക്രി ഉണ്ട്. ഇതിനിടെ സിനിമ വരുന്നു ചെയ്യുന്നു. അല്ലാതെ ഇത് തന്നെ കുറേ തവണ ചെയ്താല്‍ ടൈപ്പ് കാസ്റ്റായിപ്പോകും എന്ന് ചിന്തിക്കാനുള്ള ബുദ്ധി അന്നുമില്ല ഇന്നുമില്ല. ചെറുതാണെങ്കിലും അവര്‍ നമുക്ക് വേണ്ടി തരുമല്ലോ. പക്ഷെ, അന്ന് നിന്നതിന്റേയും കാണിച്ച ആത്മാര്‍ത്ഥയുടേയും പ്രതിഫലം ആയിരിക്കണം പോലീസ് വേഷം തന്നെ ഒരു ബ്രേക്കായി എന്നത്. അതുകൊണ്ട് നമുക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക. നമുക്ക് പ്ലാന്‍ ചെയ്യാന്‍ പാറ്റുന്നതിന് അപ്പുറത്ത് ഒരുപാട് കാര്യങ്ങളുണ്ട് ഈ ലോകത്ത്. അതിനാല്‍ അതിലൊന്നും ടെന്‍ഷനടിച്ചിട്ട് കാര്യമില്ലെന്നാണ് താരം പറയുന്നത്.

മിമിക്രിക്കാരന്‍ ആണെന്ന് പറഞ്ഞ് എന്നെ മാറ്റി നിര്‍ത്തിയതായി തോന്നിയിട്ടില്ല. കുഞ്ഞിക്കൂനന്റെ കാര്യം പറയുകയാണെങ്കില്‍, ഞാന്‍ അവിടെ ചെല്ലുകയും റഷീദിക്ക മേക്കപ്പ് ടെസ്റ്റ് നടത്തുകയും കോസ്റ്റിയുമിന്റെ അളവെടുക്കുകയുമൊക്കെ ചെയ്തതാണ്. സംവിധായകന്‍ ഓക്കെ പറയുകയും ചെയ്തു. പക്ഷെ എന്തോ കാരണം കൊണ്ട് മാറിപ്പോയി. അത് കഴിഞ്ഞ് മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ വച്ച് കണ്ടപ്പോല്‍ റഷീദിക്ക സായ് ചേട്ടന്റെ ഗെറ്റപ്പ് എനിക്ക് കാണിച്ചു തന്നുവെന്നും ഷാജോണ്‍ പറയുന്നു.
ഞാന്‍ ഞെട്ടി. എന്റെ ഇക്കാ ഇത് സായിച്ചേട്ടന്‍ തന്നെ ചെയ്യണം എന്ന് പറഞ്ഞു. റഷീദിക്ക അത് കലക്കി ഷാജോണേ എന്ന് പറഞ്ഞ് കൈ തന്നു. നമ്മള്‍ അത് മനസിലാക്കുക എന്നതാണ് കാര്യം. സിനിമ കണ്ടപ്പോള്‍ ഉറപ്പിച്ചു സായ് ചേട്ടനല്ലാതെ വേറെയാരും ചെയ്യേണ്ടതല്ലാത്ത ക്യാരക്ടര്‍ ആയിരുന്നു അത്. നമ്മളത് ചെയ്തിരുന്നുവെങ്കില്‍ വേറെ രീതിയില്‍ ആയിരുന്നേനെ. പക്ഷെ അതിന് അനുയോജ്യന്‍ സായ് ചേട്ടന്‍ തന്നെയാണ്. എനിക്ക് കിട്ടാത്തത് ഓര്‍ത്ത് ഞാന്‍ സങ്കടപ്പെടാറില്ല. കാരണം സ്വപ്‌നം കണ്ടതിലും അപ്പുറം ദൈവം തന്നു കൊണ്ടിരിക്കുന്നുണ്ടെന്നും താരം പറയുന്നു.


Click it and Unblock the Notifications











