ഇങ്ങനെയാണോ അഭിനയിക്കുക! ലാലേട്ടന്റെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി: കലാഭവന്‍ ഷാജോണ്‍
മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ താരമാണ് കലാഭവന്‍ ഷാജോണ്‍. തുടക്കത്തില്‍ ധാരാളം കോമഡി വേഷങ്ങള്‍ ചെയ്ത് കയ്യടി നേടിയ ഷാജോണ്‍ പിന്നീട് വില്ലനായി ഞെട്ടിക്കുകയായിരുന്നു. ഇന്ന് സംവിധാനത്തിലും സാന്നിധ്യം അറിയിച്ച ഷാജോണ്‍ മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ക്യാരക്ടര്‍ റോളുകളിലൂടെ കയ്യടി നേടുകയാണ് ഷാജോണ്‍.
കലാഭവന്‍ ഷാജോണിന്റെ കരിയറിലെ വലിയൊരു ബ്രേക്ക് ആയി മാറിയ സിനിമയായിരുന്നു ദൃശ്യം. ചിത്രത്തിലൂടെയാണ് ഷാജോണ്‍ വില്ലനായി മാറുന്നത്. ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥനായ സഹദേവന്‍ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു. മോഹന്‍ലാലും ഷാജോണും തമ്മിലുള്ള ചിത്രത്തിലെ രംഗങ്ങള്‍ വലിയ കയ്യടി നേടുകയും ചെയ്തിരുന്നു. ഈ ചിത്രത്തിലൂടെയാണ് ഷാജോണിലെ നടനെ മലയാളി കാണുന്നത്.

ഷാജോണും മോഹന്‍ലാലും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം ആദ്യമായി ഒരുമിച്ച് അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ഷാജോണ്‍. സിദ്ധീഖ് സംവിധാനം ചെയ്ത ലേഡീസ് ആന്റ് ജന്റില്‍മാന്‍ എന്ന ചിത്രത്തിലായിരുന്നു ഷാജോണ്‍ മോഹന്‍ലാലിനൊപ്പം ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണ അനുഭവമാണ് ഷാജോണ്‍ പങ്കുവച്ചിരിക്കുന്നത്. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''ലേഡീസ് ആന്റ് ജന്റില്‍മാനില്‍ നാല്‍പ്പത്തഞ്ച് ദിവസത്തോളം ഞാന്‍ ലാലേട്ടന്റെ കൂടെയുണ്ടായിരുന്നു. ലാലേട്ടന്റെ മുന്നില്‍ അഭിനയിച്ച് കാണിക്കാന്‍ വെമ്പി നില്‍ക്കുകയായിരുന്നു. അങ്ങനെ ഒരു സീനില്‍ എനിക്ക് ഒരു ഡയലോഗ് കിട്ടി. ബാറില്‍ സ്‌മോള്‍ ഒഴിച്ചു കൊടുത്തിട്ട് സംസാരിക്കുന്നതാണ് രംഗം. ഫുള്‍ ഡയലോഗും എനിക്കാണ്. ഒടുവില്‍ എന്നെയൊന്ന് നോക്കിയിട്ട് അങ്ങ് പോകുന്ന രംഗം മാത്രമാണ് ലാലേട്ടനുള്ളത്'' ഷാജോണ്‍ പറയുന്നു.

''ഞാന്‍ നോക്കുമ്പോള്‍ രണ്ട് പേജ് ഡയലോഗുണ്ട്. ഇന്ന് ഞാന്‍ കലക്കും. ലാലേട്ടനെ കൊണ്ട് കയ്യടിപ്പിച്ച് എന്നെ കെട്ടിപ്പിടിപ്പിക്കും നോക്കിക്കോ എന്നു പറഞ്ഞാണ് ഞാന്‍ പോകുന്നത്. ഡയലോഗ് മൊത്തം റിഹേഴ്‌സിന് കാണാതെ പഠിച്ച് ഒരൊറ്റ അലക്കങ്ങലക്കി. എങ്ങനെയുണ്ട് ലാലേട്ടാ എന്ന് ചോദിച്ചു. മോന്‍ ഡയലോഗ് ഒക്കെ പറഞ്ഞു, ഇനി അഭിനയിക്ക് എന്നായിരുന്നു ലാലേട്ടന്റെ മറുപടി'' ഷാജോണ്‍ പറയുന്നു.
അല്ല ഞാന്‍ അഭിനയിച്ചുവെന്ന് പരുങ്ങി പറഞ്ഞപ്പോള്‍ ഇങ്ങനെയാണോ അഭിനയിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യമെന്നും ഷാജോണ്‍ പറയുന്നു. പിന്നാലെ എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് അദ്ദേഹം തനിക്ക് പറഞ്ഞു തരികയായിരുന്നുവെന്നാണ് ഷാജോണ്‍ പറയുന്നത്.

ഡയലോഗ് പറഞ്ഞു കഴിഞ്ഞാല്‍ അതിന് ഗ്യാപ്പ് ഇടേണ്ട ഒരു സ്ഥലമുണ്ട്. ചേട്ടന്‍ ഇങ്ങനെ വന്നിരിക്കുമ്പോള്‍ മോന്‍ ഒരു ഗ്ലാസില്‍ ഇത് ഒഴിച്ചു തരണം. അപ്പോള്‍ ചേട്ടന്‍ ഇങ്ങനെ നോക്കും. അപ്പോള്‍ മോന്‍ ഡയോലഗ് പറയണം. അത് കഴിഞ്ഞ് വെള്ളം ഒഴിച്ചുതരണം. ഞാന്‍ ആ ഗ്ലാസ് എടുക്കുമ്പോള്‍ അടുത്ത ഡയലോഗ് പറയണം. അങ്ങനെയൊക്കെ പറഞ്ഞ് അദ്ദേഹം തനിക്ക് വിശദീകരിച്ച് തരികയായിരുന്നുവെന്ന് ഷാജോണ്‍ പറയുന്നു.
അതേസമയം താന്‍ ആകെ കിളി പോയി നില്‍ക്കുകയായിരുന്നുവെന്നാണ് ഷാജോണ്‍ പറയുന്നത്. താന്‍ ഉണ്ടാക്കി വച്ചിരുന്ന ടൈമിംഗ് മൊത്തം പോയെന്നാണ് താരം പറയുന്നത്. എന്നാല്‍ ഇതോടെ മറ്റൊരാളൂടെ കൂടെ അഭിനയിക്കുമ്പോള്‍ ഇയാള്‍ എപ്പോഴായിരിക്കും നമ്മളെ നോക്കുക എന്നത് അറിയാന്‍ സാധിക്കുമെന്നും ഷാജോണ്‍ പറയുന്നു. മോഹന്‍ലാലിന്റെ അഭിനയത്തിലെ പ്രത്യേകതയും ഷാജോണ്‍ പങ്കുവെക്കുന്നുണ്ട്.

ചിലപ്പോള്‍ ഞാന്‍ ഓര്‍ത്തിട്ടുണ്ട് ഈ ആക്ഷന്‍ പറയുന്നതൊന്നും ഇങ്ങേര് കേട്ടില്ലേയെന്ന്. ആക്ഷന്‍ പറഞ്ഞാലും ചിലപ്പോള്‍ ഒന്നും മിണ്ടാതെയൊക്കെ ഇരുന്ന് കളയും. ആക്ഷന്‍ കേട്ടുകാണത്തില്ല പണി പാളിയെന്നൊക്കെ ഞാന്‍ കരുതും. എന്നാല്‍ സ്‌ക്രീനില്‍ വരുമ്പോഴാണ് ആ സൈലന്‍സിന്റെ അര്‍ത്ഥം മനസിലാകുന്നത്. അതൊക്കെ തനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും ഷാജോണ്‍ പറയുന്നു.
അതുപോലെ തന്നെയാണ് മമ്മൂട്ടിയെന്നും ഷാജോണ്‍ പറയുന്നു. ഒരോ കഥാപാത്രത്തിനു വേണ്ടിയും അവര്‍ വരുത്തുന്ന മാറ്റങ്ങളാണതെന്നും ചെറിയൊരു സംഭവമായിരിക്കുമെങ്കിലും പിന്നീടാണ് അത് നമുക്ക് മനസിലാവുകയെന്നും ഷാജോണ്‍ പറയുന്നു.


Click it and Unblock the Notifications