ശ്വാസനാളം ചുരുണ്ടുപോയി, കുറേ ചികിത്സിച്ചിട്ടും ശരിയായില്ല; ജീവിതം മാറ്റിമറിച്ച അപകടത്തെപ്പറ്റി കലാരഞ്ജിനി
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കലാരഞ്ജിനി. സഹോദരിമാരായ ഉര്‍വ്വശിയുടേയും കല്‍പ്പനയുടേയും പാതയിലൂടെയാണ് കലാരഞ്ജിനി സിനിമയിലെത്തുന്നത്. ഓര്‍ത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. തന്റെ കരിയറിനെ തന്നെ ബാധിച്ച വലിയൊരു അപകടത്തെ നേരിടേണ്ടി വന്നിരുന്നു കലാരഞ്ജിനിയ്ക്ക്.
ഷൂട്ടിംഗിനിടെ പറ്റിയൊരു അപകടത്തില്‍ കലാരഞ്ജിനിയ്ക്ക് നഷ്ടമായ്ത തന്റെ ശബ്ദമാണ്. നഷ്ടപ്പെട്ട ശബ്ദം ഒരിക്കലും അവര്‍ക്ക് തിരികെ ലഭിച്ചില്ല. ഇപ്പോഴിതാ മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ അന്ന് നടന്നത് എന്താണെന്ന് വ്യക്തമാക്കുകയാണ് കലാരഞ്ജിനി. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''1984 ലോ മറ്റോ ആണ്. നസീര്‍ സാറിന്റെ ജോഡിയായിട്ട് അഭിനയിക്കാന്‍ അവസരം കിട്ടി. നസീര്‍ സാറിന്റെ മകളായിട്ടും സഹോദരിയായിട്ടും അതിന് മുമ്പ് അഭിനയിച്ചിരുന്നു. പാസ്‌പോര്‍ട്ട് എന്ന പടത്തില്‍ മകളാണ്. ഒരു തിര പിന്നേയും തിരയില്‍ സഹോരിയും. അതുകഴിഞ്ഞ് നായികയായി അഭിനയിക്കാന്‍ അവസരം കിട്ടുക എന്നത് വലിയ കാര്യമാണ്. അതേസമയം തെലുങ്കില്‍ എന്‍ടി രാമറാവുവിന്റെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു'' എന്നാണ് കലാരഞ്ജിനി പറയുന്നത്.
''നസീര്‍ സാറിന്റെ നായിക എന്നത് ഒഴിവാക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ പകല്‍ തെലുഗു പടത്തിലും രാത്രി നസീര്‍ സാറിന്റെ പടത്തിലും അഭിനയിക്കാമെന്ന് തീരുമാനമായി. അതില്‍ രക്തം ഛര്‍ദ്ദിച്ച് മരിക്കുന്ന സീനുണ്ട്. അന്നൊക്കെ ചുവന്ന കളറില്‍ വെളിച്ചെണ്ണ ചേര്‍ത്താണ് രക്തമുണ്ടാക്കിയിരുന്നത്. ഷോട്ടിന് എല്ലാവരുമെത്തി. വെള്ളസാരിയാണ് ഞാനുടുതിരിക്കുന്നത്. ചുവന്ന വെളഅളം ഞാന്‍ വായിലേക്കൊഴിച്ചാല്‍ ചിലപ്പോള്‍ വെളുത്ത സാരിയിലേക്ക് വീഴും.
അതുകൊണ്ട് നസീര്‍ സാര്‍ പറഞ്ഞു, ഷോട്ട് റെഡിയാകുമ്പോള്‍ ഞാന്‍ ഒഴിച്ചു തരാം. അദ്ദേഹം ഒഴിച്ചു തന്നത് മാത്രമേ ഓര്‍മ്മയുള്ളൂ. എന്റെ വായയും തൊണ്ടയും പുകയുന്നതു പോലെയും വീര്‍ത്തു വരുന്നതു പോലെയുമൊക്കെ തോന്നുന്നുണ്ട്. പക്ഷെ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. ശ്വാസനാളം ചുരുണ്ടുപോയി. കുറേ ചികിത്സകള്‍ നടത്തിയെങ്കിലും ശരിയായില്ല'' എന്നും താരം പറയുന്നു.
പിന്നീടാണ് സംഭവച്ചതെന്താണെന്ന് മനസിലായത്. മേയ്ക്കപ്പ്മാനാണ് സാധാരണ ചുവന്ന കളറും വെളിച്ചെണ്ണയും യോജിപ്പിക്കുന്നത്. അദ്ദേഹം മറന്നതാണോ അബദ്ധം പറ്റിയതാണോ എന്നറിയില്ല. വെളിച്ചെണ്ണയ്ക്ക് പകരം അസറ്റോണ്‍ യോജിപ്പിച്ചാണ് തന്നത്. ശബ്ദം പൂര്‍ണമായും പോയതു പോലെയായി. ഹോമിയോ മരുന്നൊക്കെ കഴിച്ചാണ് കുറച്ച് ശരിയായത്. അപ്പോഴും ശബ്ദത്തിന്റെ കാര്യത്തിലുള്ള എന്റെ അപകര്‍ഷം മാറിയില്ല. അതുകൊണ്ട് എന്റെ കഥാപാത്രത്തിന് വേണ്ടി അമ്പിളി ഡബ്ബ് ചെയ്യുകയായിരുന്നു പിന്നീട് എന്നും കലാരഞ്ജിനി പറയുന്നു.

പിന്നീട് വര്‍ഷങ്ങള്‍ വേണ്ടി വന്നു കലാരഞ്ജിനിയ്ക്ക് സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍. മഞ്ജു വാര്യര്‍ നായികയായ, റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെയായിരുന്നു അത്. റോഷന്റെ നിര്‍ബന്ധമായിരുന്നു അതിന് കാരണമെന്നാണ് കലാരഞ്ജിനി പറയുന്നത്.
ഹൗ ഓള്‍ഡ് ആര്‍ യുവിലും അമ്പിളി തന്നെ ഡബ്ബ് ചെയ്താല്‍ മതിയെന്ന് ഞാനുറപ്പിച്ചു. പക്ഷെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നിര്‍ബന്ധിച്ചു. എനിക്ക് ഈ സൗണ്ട് മതി ചേച്ചി, എന്റെ അമ്മയ്ക്ക് ഈ ശബ്ദമാണെങ്കില്‍ ഞങ്ങള്‍ കേട്ടിരിക്കില്ലേ? എന്റെ അമ്മയ്ക്ക് വേണ്ടി ഞാന്‍ വേറെയാരെയെങ്കിലും ഡബ്ബ് ചെയ്യാന്‍ വരുത്തുമോ? ഇല്ലല്ലോ, അതുകൊണ്ട് ചേച്ചി തന്നെ ചെയ്താല്‍ മതി. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പക്ഷെ നടന്നില്ല. അങ്ങനെയാണ് ഞാന്‍ ഡബ്ബ് ചെയ്യുന്നതെന്നാണ് താരം പറയുന്നത്.


Click it and Unblock the Notifications











