'അപകടം പറ്റി ആശുപത്രിയിലായപ്പോൾ സുകുമാരി വിളിച്ചത് ലിസിയെ; ആ അവസ്ഥ കണ്ട് ലിസി വല്ലാതെയായി': കലൂർ ഡെന്നീസ്
മലയാളത്തിലെ പകരക്കാരില്ലാത്ത നടിയാണ് സുകുമാരി. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ നിറയെ നിറഞ്ഞു നിന്ന അഭിനയ പ്രതിഭയാണ് അവർ. ആറ് പതിറ്റാണ്ട് നീണ്ട കരിയറിൽ 2500 ലേറെ സിനിമകളിലാണ് മലയാളികളുടെ സ്വന്തം സുകുമാരിയമ്മ അഭിനയിച്ചത്. മലയാളത്തിന് പുറമെ ഒമ്പതോളം ഭാഷകളിൽ സുകുമാരി അഭിനയിച്ചിട്ടുണ്ട്.
2013 ലാണ് ഹൃദയാഘാതത്തെ തുടർന്ന് സുകുമാരി വിടപറയുന്നത്. തീ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിടപറഞ്ഞിട്ട് വർഷങ്ങൾ ഏറെ ആയെങ്കിലും ചെയ്ത് വെച്ച കഥാപാത്രങ്ങൾ കൊണ്ട് ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട് പ്രിയ നടി.

മലയാള സിനിമയിൽ ഒരു അമ്മയുടെ സ്ഥാനമായിരുന്നു സുകുമാരിക്ക്. സഹ പ്രവർത്തകരോടെല്ലാം അത്രയേറെ സ്നേഹം കാണിച്ചിരുന്ന നടിയെ കുറിച്ചു പറയുമ്പോൾ അവർക്കെല്ലാം നൂറ് നാവാണ്.
ഇപ്പോഴിതാ, സുകുമാരിയെ കുറിച്ച് ഓർക്കുകയാണ് തിരക്കഥാകൃത്തും നോവലിസ്റ്റുമായ കലൂർ ഡെന്നീസ്.
സിനിമയിലെ അഭിനേതാക്കൾ തമ്മിലുള്ള പരിഭവവും പിണക്കവും വഴക്കും പാരവയ്പുമൊക്കെ കണ്ടറിഞ്ഞ് ഓരോരുത്തരുമായി ആശയവിനിമയം നടത്തി സമവായത്തിൽ കൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് സുകുമാരിയമ്മയ്ക്ക് ഉണ്ടായിരുന്നെന്ന് അദ്ദേഹം ഓർക്കുന്നു. മനസ്സു തുറന്നു നന്നായിട്ടൊന്നു ചിരിച്ചാലും പാതിയുള്ളുതുറന്ന് ഒന്നു മിണ്ടിയാലും തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു എന്നാണ് നടി പറയാറുള്ളതെന്നും ഡെന്നീസ് പറയുന്നു.

കലൂർ ഡെന്നിസ് തിരക്കഥ എഴുതിയ നിരവധി ചിത്രങ്ങളിൽ സുകുമാരി അഭിനയിച്ചിട്ടുണ്ട്. നടിയുടെ മരണവാർത്ത അറിഞ്ഞതിനെ കുറിച്ചും സുകുമാരിക്ക് നടി ലിസിയുമായുള്ള ബന്ധത്തെ കുറിച്ചുമെല്ലാം അദ്ദേഹം ഓർക്കുന്നുണ്ട്. മനോരമയിൽ എഴുതുന്ന പ്രത്യേക കോളത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്.
'2013 മാർച്ച് 26, രാവിലെ സുഹൃത്തും നിർമ്മാതാവുമായ ജെ.ജെ. കുറ്റിക്കാടാണ് സുകുമാരി ചേച്ചി പോയി എന്ന് പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം ഇങ്ങനെ ആയിരുന്നു. ഒരു മാസം മുൻപ് ഒരു ദിവസം രാവിലെ വീട്ടില്‍ പൂജ ചെയ്തുകൊണ്ടിരിക്കുമ്പോൾ സാരിയിൽ തീ പടർന്ന് പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു,'

'അധികമാരും ഇത് അറിഞ്ഞിരുന്നില്ല. അഭിനേത്രിയും പ്രിയദർശന്റെ ഭാര്യയുമായിരുന്ന ലിസിയിൽ നിന്നാണ് സുകുമാരിചേച്ചിയുടെ വിയോഗ വാർത്ത മലയാള സിനിമാ ലോകത്തുള്ളവർ അറിയുന്നത്. സുകുമാരി ചേച്ചിയും ലിസിയും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അമ്മ-മകൾ ബന്ധം,' ഡെന്നീസ് പറഞ്ഞു.
'സുകുമാരിചേച്ചിയെ ദേഹമാസകലം പൊള്ളലേറ്റ് ചെന്നൈയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ അവരുടെ മകൻ സുരേഷാണ് ലിസിയെ വിളിച്ച് അപകട വിവരം അറിയിക്കുന്നത്. 'അമ്മ ലിസിയെ കാണണമെന്ന് പറഞ്ഞ് കരയുകയാണ്. ലിസി അത്യാവശ്യമായി ഒന്നിവിടം വരെ വരാമോ? എന്ന് ചോദിക്കുന്നത്,'

'പിറ്റേന്ന് രാവിലെ ലിസി ഹൈദരാബാദിൽ നിന്ന് സുകുമാരി ചേച്ചിയെ കാണാൻ ചെന്നൈയിൽ എത്തി. സുകുമാരി ചേച്ചിയുടെ അവസ്ഥ കണ്ട് ലിസി വല്ലാതെയായി. ആശുപത്രിയിൽ ഒത്തിരി പൈസ വേണ്ടി വരുമെന്ന് തോന്നിയതുകൊണ്ട് സുകുമാരി ചേച്ചിയുമായി ഏറ്റവും അടുപ്പമുള്ള നടനും പത്രാധിപരുമായ ചോ രാമസ്വാമി വഴി ലിസി അന്നത്തെ മുഖ്യമന്ത്രി ജയലളിതയെ വിവരം അറിയിച്ചു'

'കമലഹാസൻ വഴിയാണ് ചോ യെ വിളിച്ച് ലിസി വിവരം പറയുന്നത്. ജയലളിതയും സുകുമാരിയും പണ്ടേ അടുപ്പക്കാരുമായിരുന്നു. ജയലളിത അപ്പോൾ തന്നെ സുകുമാരി ചേച്ചിയുടെ മകനെ വിളിച്ചു വരുത്തി അഞ്ചുലക്ഷം കൊടുത്തു കൊണ്ട് പറഞ്ഞു. 'ഞാൻ നാളെ രാവിലെ പതിനൊന്ന് മണിക്ക് ഹോസ്പിറ്റലിൽ എത്തും,'
'പിറ്റേന്ന് രാവിലെ പറഞ്ഞ സമയത്ത് തന്നെ ജയലളിത ആശുപത്രിയിൽ എത്തി സുകുമാരിയെ കണ്ടു. ചേച്ചിവല്ലാതെ കരയുന്നത് കണ്ട ജയലളിത പറഞ്ഞു. 'സുകുമാരി ഒന്നുകൊണ്ടും പേടിക്കേണ്ട. ഞാനില്ലേ, ഇവിടെത്തെ എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം, എന്ന് പറഞ്ഞു' പക്ഷേ, പിറ്റേന്ന് തന്നെ സുകുമാരി വിടപറഞ്ഞുവെന്നും അദ്ദേഹം ഓർക്കുന്നു.


Click it and Unblock the Notifications











