നായികാപ്രാധാന്യമുള്ള സിനിമ ചെയ്താൽ സ്റ്റാർഡം പോകുമെന്ന് ആശങ്ക, സുരേഷ് ഗോപി പിന്മാറി; പടം നിന്നു: കലൂർ ഡെന്നിസ്
മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് നടൻ സുരേഷ് ഗോപി. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്റ്റാർഡമുണ്ടായിരുന്ന നായകൻ ആയിരുന്നു ഒരുകാലത്ത് സുരേഷ് ഗോപി. ഇന്ന് പൊതുപ്രവർത്തകനെന്ന നിലയിലെല്ലാം കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കുന്ന നായകനാണ് അദ്ദേഹം.
മാസ്, ആക്ഷൻ, സിനിമകളാണ് സുരേഷ് ഗോപി സ്റ്റാർഡമുള്ള നായകനാക്കി മാറ്റിയത്. എന്നാൽ കോമഡി വേഷങ്ങളിലും പ്രണയ നായകനായുമൊക്കെ തിളങ്ങാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം, തന്റെ സ്റ്റാർഡം നഷ്ടമാകുമെന്ന് പറഞ്ഞ് സുരേഷ് ഗോപി ഉപേക്ഷിച്ച ഒരു സിനിമയെ കുറിച്ച് പറയുകയാണ് തിരക്കഥാകൃത്ത് കലൂർ ഡെന്നിസ്.
നായികപ്രാധാന്യമുള്ള സിനിമയിൽ അഭിനയിച്ചാൽ സ്റ്റാർഡം നഷ്ടമാകുമെന്ന് പറഞ്ഞ് ഉർവശി നായികയായ ഷൂട്ടിങ് ആരംഭിച്ച സിനിമയിൽ നിന്ന് സുരേഷ് ഗോപി പിന്മാറിയെന്നും ഇത് സംവിധായകനെ വലിയ രീതിയിൽ ബാധിച്ചു എന്നുമാണ് അദ്ദേഹം പറയുന്നത്. മനോരമ ഓൺലൈൻ എഴുതുന്ന പ്രത്യേക കോളത്തിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജോർജ് കിത്തു എന്ന തന്റെ സുഹൃത്തിന്റെ കുറിച്ച് പറയുകയായിരുന്നു ഡെന്നിസ്.

മധ്യവർത്തി സിനിമകളുടെ പുതിയ സാരഥി എന്ന ഖ്യാതിയുമായി കിത്തു നടക്കുന്ന സമയത്താണ് ബേബി ചേട്ടൻ എന്ന നിർമ്മാതാവ് ഒരു ചെറിയ സിനിമ ചെയ്യണം എന്ന് പറഞ്ഞ് എന്നെ സമീപിക്കുന്നത്. ഞാനന്ന് ഇടത്തരം സിനിമകളുടെ അപ്പോസ്തലനായി ഓടി നടക്കുന്ന സമയമാണ്. സമയമില്ലെന്ന് പറഞ്ഞൊഴിയാൻ നോക്കിയെങ്കിലും സമ്മതിച്ചില്ല.
സംവിധായകന്‍ ആരായിരിക്കണമെന്ന ആലോചനയിൽ മനസ്സിൽ ആദ്യം വന്നത് കിത്തുവിന്റെ മുഖമാണ്. ഞാന്‍ കിത്തുവിനെ വിളിച്ച് വിവരം പറഞ്ഞു. ഒന്നിച്ച് ഒരു സിനിമ ചെയ്യുന്നത് കിത്തുവിനും വലിയ സന്തോഷമായി. എന്റെ കർപ്പൂരദീപം എന്ന കഥ സിനിമയാക്കണം എന്നായിരുന്നു ബേബി ചേട്ടന്റെ ആഗ്രഹം. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള ഒരു ഫാമിലി സ്റ്റോറി ആയിരുന്നു അതെന്ന് ഡെന്നിസ് പറയുന്നു.
അതിലേക്ക് ഉര്‍വശിയേയും സുരേഷ്ഗോപിയേയും നായികാനായകന്മാരായി ബുക്ക് ചെയ്യുകയും ചെയ്തു. ഇതിന് മുൻപ് ചെയ്ത 'സിറ്റി പൊലീസ്' എന്ന സിനിമയിലും സുരേഷ് ഗോപി ആയിരുന്നു. അതിന്റെ ലൊക്കേഷനിൽ വച്ച് ഞാനും സുരേഷും തമ്മിൽ ഒരു വലിയ ഉടക്ക് തന്നെ ഉണ്ടായിട്ടുണ്ട്. അന്ന് ഞാൻ അൽപം ദേഷ്യപ്പെട്ടാണ് സംസാരിച്ചത്. അതിനിടയിലാണ് അഡ്വാൻസ് കൊടുത്തത്. ഇപ്പോൾ ഞങ്ങൾ നല്ല ടേംസിലാണെന്ന് അദ്ദേഹം പറയുന്നുണ്ട്.
എറണാകുളത്തായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഉർവശിയെവച്ച് അഞ്ചാറു ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് കോഴിക്കോട്ടു നിന്ന് സുരേഷ്ഗോപി എത്തുന്നത്. സുരേഷിന്റെ ആ വരവിൽ ചില ദുരൂഹതകളുണ്ടായിരുന്നു. ഏതോ കുബുദ്ധികളൊക്കെ കൂടി മെനഞ്ഞെടുത്ത ഒരു തിരക്കഥയുടെ സംഭവ വികാസങ്ങളാണ് തുടർന്ന് അവിടെ നടന്നതെന്ന് ഡെന്നിസ് പറയുന്നു.

നായികാ പ്രാധാന്യമുള്ള കർപ്പൂരദീപത്തിൽ അഭിനയിച്ചാൽ തനിക്കിപ്പോഴുള്ള സ്റ്റാർഡം നഷ്ടപ്പെടുമെന്ന ചില സിനിമാ തമ്പുരാക്കന്മാരുടെ ഉപദേശം കേട്ടു കൊണ്ടാണ് സുരേഷ്ഗോപി എത്തിയിരിക്കുന്നത്. തിരക്കഥയിൽ സ്ത്രീ കഥാപാത്രത്തിനാണ് പ്രാധാന്യമെന്നും അത് മാറ്റി എഴുതി നായക പ്രാധാന്യമുള്ളതാക്കിയാൽ അഭിനയിക്കാമെന്നുമുള്ള തീരുമാനവുമായിട്ടായിരുന്നു സുരേഷ് വന്നത്.
കഥ മാറ്റി എഴുതുന്നതിനോട് എനിക്കും കിത്തുവിനും നിര്‍മാതാവിനും ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. പ്രശ്നം വല്ലാതെ വഷളായി. കിത്തു സുരേഷിനോടു കാര്യങ്ങൾ വിശദീകരിച്ചെങ്കിലും സുരേഷ് അതൊന്നും കേൾക്കാൻ തയ്യാറായില്ല. അങ്ങനെ കർപ്പൂരദീപം അകാലത്തിൽ അണയുകയും ചെയ്തു. അതിന് ശേഷമാണ് ഞാൻ മാക്ട എന്ന സംഘടന തുടങ്ങുന്നത്. സിനിമ നിന്നു പോയതുകൊണ്ട് സംവിധായകൻ കിത്തുവിന്റെ കരിയറിനെയാണ് അത് കൂടുതൽ ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കിത്തുവിന് അതിൽ നിരാശയുണ്ടായില്ല. കൂടുതൽ ചിത്രങ്ങൾ ചെയ്ത് എണ്ണം കൂട്ടിയിട്ട് കാര്യവുമില്ലെന്നും കുറച്ചു ചിത്രങ്ങൾ ചെയ്താലും അത് ജനങ്ങൾ ശ്രദ്ധിക്കുന്നവ ആയിരിക്കണം എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. അതുകൊണ്ടായിരിക്കും ഇത്രയും വർഷങ്ങൾക്കിടയിൽ കിത്തു പത്തു ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്തതെന്നും കലൂർ ഡെന്നിസ് പറഞ്ഞു.


Click it and Unblock the Notifications











