അമ്മയെ അതും പറഞ്ഞ് എപ്പോഴും കളിയാക്കും; ക്യാമറയ്ക്ക് മുന്നിൽ ആദ്യമായി കരഞ്ഞ അനുഭവം!; കല്യാണി പറയുന്നു
മലയാളത്തിലെ യുവനായികമാരിൽ മുൻനിരയിലുള്ള നടിയാണ് കല്യാണി പ്രിയദർശൻ. പ്രിയദർശന്റെയും ലിസിയുടെയും മകളെന്ന മേൽവിലാസത്തിലാണ് എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും തന്റേതായ ഒരിടം കണ്ടെത്താനും കല്യാണിക്ക് സാധിച്ചു. ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ ആയിരുന്നു കല്യാണിയുടെ അരങ്ങേറ്റം. തുടർന്ന് തെലുങ്കിലും തമിഴിലുമായി മൂന്ന് ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കല്യാണി മലയാളത്തിലേക്ക് എത്തുന്നത്.
ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ വരവറിയിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ താരത്തിന് കഴിഞ്ഞു. പിന്നീട് ഇറങ്ങിയ മരക്കാർ, ബ്രോ ഡാഡി, ഹൃദയം, തല്ലുമാല തുടങ്ങിയ ചിത്രങ്ങങ്ങൾ ശ്രദ്ധനേടുകയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ശേഷം മൈക്കിൽ ഫാത്തിമ ആണ് കല്യാണിയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. അതിനിടെ ഗൃഹലക്ഷ്‍മിക്ക് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പങ്കുവച്ചിരിക്കുകയാണ് കല്യാണി.

ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്ന അനുഭവം കല്യാണി പങ്കുവച്ചു. ഹൈദരാബാദിലെ ഒരുവീട്ടിലായിരുന്നു ആദ്യ സിനിമയുടെ ചിത്രീകരണം. ആദ്യമായി അഭിനയിച്ചത് കോമഡി രംഗമാണ്. ചിരിപ്പിക്കുകയെന്നത് വലിയ പ്രയാസമുള്ള കാര്യമാണെന്ന് അന്ന് മനസ്സിലാക്കി. രമ്യചേച്ചിയും ജഗപതി ബാബു സാറുമെല്ലാമാണ് ഒപ്പം അഭിനയിച്ചത്. അഭിനയിക്കുന്നത് കാണാന്‍ ഒരുപാട് പേര്‍ ചുറ്റുമുണ്ടായിരുന്നു. പക്ഷേ അച്ഛനും അമ്മയും വന്നിരുന്നില്ല. വലിയ ബഹളത്തിനുനടുവില്‍ നിന്നാണ് രംഗം ചിത്രീകരിച്ചത്, കല്യാണി പറഞ്ഞു.
ആദ്യ സിനിമ ആയതുകൊണ്ട് തന്നെ അതിലെ ഓരോ സീനും പ്രിയപ്പെട്ടതായിരുന്നു, രണ്ടാം ദിവസം ചിത്രീകരിച്ച വൈകാരികമായ സീന്‍ ഏറെ പ്രിയപ്പെട്ടതാണ്. ക്യാമറക്കുമുന്നില്‍ നിന്ന് ആദ്യമായി കരയുന്ന രംഗമായിരുന്നു അത്. അഭിനയിക്കാനെത്തിയ ഉടനെതന്നെ ഇത്തരം സീനുകള്‍ ചെയ്യേണ്ടിവരുമെന്ന കരുതിയിരുന്നില്ല. ഗ്ലിസറിനുപയോഗിച്ചാണ് അഭിനയിച്ചത്. സംവിധായകന്‍ കട്ട് പറഞ്ഞ് പിന്നെയും ഏറെ കഴിഞ്ഞാണ് തന്റെ കരച്ചിൽ അവസാനിച്ചതെന്നും കല്യാണി പറയുന്നു.
ആദ്യ സിനിമയ്ക്ക് മുൻപ് താൻ പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നും നടത്തിയിരുന്നില്ലെന്നും അച്ഛനും അമ്മയും തന്നെ സ്വന്തന്ത്രമായി വിടുകയായിരുന്നുവെന്നും കല്യാണി വ്യക്തമാക്കി. കോളേജില്‍ പഠിക്കുമ്പോള്‍ നാടകങ്ങളിൽ പ്രവർത്തിച്ചത് ക്യാമറയ്ക്ക് മുന്നിലെ അഭിനയത്തിന് സഹായിച്ചിട്ടുണ്ട്. അഭിനയം സ്വാഭാവികമാകണമെങ്കില്‍ കഥാപാത്രത്തെ നന്നായി മനസ്സിലാക്കണം എന്ന നിര്‍ദ്ദേശമാണ് ചുറ്റുമുള്ളവർ തന്നത്. അച്ഛനും അമ്മയും സ്വതന്ത്ര്യമായി അഭിനയിക്കാന്‍ വിടുകയായിരുന്നു. അഭിനയത്തിലെ പോരായ്മകളും തെറ്റുകളും സ്വയം കണ്ടെത്തി തിരുത്തുമ്പോഴാണ് ഒരു നടി പൂര്‍ണ്ണതയിലെത്തുകയെന്നാണ് അച്ഛന്റെ വിശ്വാസം.
സിനിമ കാണുന്നതാണ് തന്റെ ഏറ്റവും വലിയ വിനോദമെന്നും കല്യാണി പറഞ്ഞു. എല്ലാഭാഷയിലെ സിനിമകളും കാണും. പ്രിയപ്പെട്ട സിനിമയിലെ രംഗങ്ങളെല്ലാം വീണ്ടും വീണ്ടും കാണുകയും അവയെ കുറിച്ച് വീട്ടിൽ ചർച്ച ചെയ്യുകയും ചെയ്യും. ഒഴിവു സമയങ്ങളിൽ ബാഡ്മിന്റണ്‍ കളിക്കും. റോക്ക് ക്ലൈബ്ബിങ്ങ് ചെയ്യുമെന്നും കല്യാണി പറഞ്ഞു. പ്രണവ് മോഹന്‍ലാലിനൊപ്പമാണ് റോക്ക് ക്ലൈബ്ബിങ്ങ് തുടങ്ങിയത്. എന്നാൽ പ്രണവ് അതിൽ ഏറെ മുന്നോട്ട് പോയെന്നും കല്യാണി കൂട്ടിച്ചേർത്തു.

അച്ഛന്റേയും അമ്മയുടേയും ഒട്ടുമിക്കസിനിമകളും കണ്ടിട്ടുണ്ടെന്നും കല്യാണി പറഞ്ഞു. അമ്മയുടെ അഭിനയം കാണാന്‍ ഇഷ്ടമാണ് എന്നാല്‍ അമ്മയുടെ ഇഷ്ടപ്പെട്ട മിക്ക സിനിമകളിലും അമ്മ കൊല്ലപ്പെടുകയാണ്. എല്ലാസിനിമയിലും അമ്മ കൊല്ലപ്പെടുകയാണല്ലോ പറഞ്ഞ് താനും അനിയനും പല തവണ കളിയാക്കിയിട്ടുണ്ട്. അമ്മ അഭിനയിച്ച അച്ഛന്‍ സംവിധാനം ചെയ്ത സിനിമകളെല്ലാം ഏറെ പ്രിയപ്പെട്ടതാണെന്നും കല്യാണി പ്രിയദർശൻ പറഞ്ഞു.
നവാഗതനായ മനു സി കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കല്യാണി ടൈറ്റിൽ വേഷത്തിൽ എത്തുന്ന ശേഷം മൈക്കിൽ ഫാത്തിമ. കല്യാണിക്കു പുറമെ സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇത് കൂടാതെ, ആന്റണി, വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം എന്നീ സിനിമകളും അണിയറയിലുണ്ട്.


Click it and Unblock the Notifications