മോഹൻലാലിനെ കാണുമ്പോൾ ഭയന്ന് മാറിയ കല്യാണി: കാരണം അച്ഛൻ പ്രിയദർശന്റെ ഈ സിനിമ
ലോക എന്ന സൂപ്പർഹീറോ ചിത്രത്തിന്റെ അതുഭുതകരമായ വിജയത്തോടെ, കല്യാണി പ്രിയദർശൻ മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായിരിക്കുകയാണ്. സീനിയർ സംവിധായകൻ പ്രിയദർശന്റെയും, സീനിയർ നടി ലിസ്സിയുടെയും മകളായ പ്രശസ്ത നടി, ചന്ദ്ര എന്ന സൂപ്പർ ഹീറോ കഥാപാത്രമായാണ് സിനിമയിൽ എത്തിയത്. ചെറുപ്പം മുതൽക്ക് തന്നെ മലയാള സിനിമ, പ്രത്യേകിച്ച് അച്ഛന്റെ ചിത്രങ്ങൾ കണ്ടു വളർന്ന കല്യാണിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ താരം 'ലാൽ മാമൻ' എന്ന് സ്നേഹത്തോടെ വിളിക്കാറില്ല ലെജൻഡറി സൂപ്പർ താരം മോഹൻലാലാണ്.
ചെറുപ്പം മുതൽ, തന്റെ അച്ഛൻ പ്രിയദർശന്റെ ഏറ്റവും അടുത്ത സുഹൃത്തും, തന്റെ ഇഷ്ട നടനുമായ മോഹൻലാലിനോട് തനിക്ക് വലിയ സ്നേഹമായിരുന്നു എന്ന് കല്യാണി പ്രിയദർശൻ വെളിപ്പെടുത്തിയിരുന്നു. എപ്പോഴൊക്കെ 'ലാൽ മാമ'നെ കണ്ടാലും, താൻ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുമായിരുന്നു എന്നും, പിന്നീട് മോഹൻലാൽ മടങ്ങി പോകുന്നത് വരെ ഒപ്പം ഇരിക്കുമായിരുന്നുവെന്നും താര പുത്രി ഓർത്തെടുത്തു. പക്ഷെ ഒരിക്കൽ, ആ പതിവ് തെറ്റി. അച്ഛന്റെ ഒരു സിനിമ കണ്ടതിൽ പിന്നെയാണ് അത് സംഭവിച്ചത്.

എന്റെ അച്ഛൻ ഏറ്റവും സ്നേഹിച്ചത് ലിസ്സിയെ, പിരിയാൻ കാരണം ഇത്: പ്രിയദർശൻ വെളിപ്പെടുത്തിയപ്പോൾ
എന്നാൽ പ്രിയദർശന്റെ ഹൊറർ സിനിമകൾ കണ്ടിട്ടല്ല, അദ്ദേഹം സംവിധാനം ചെയ്ത് മോഹൻലാലും, ലിസ്സിയും, രഞ്ജിനിയും പ്രധാന വേഷങ്ങളിൽ എത്തിയ 'ചിത്രം' എന്ന സിനിമ കണ്ടാണ് കല്യാണി ഏറെ ഭയന്നത്. "ഹൊറർ മൂവി അല്ല, ചിത്രം കണ്ടിട്ടാണ് പേടിച്ചത്. ഞാൻ തീരെ കുഞ്ഞായിരുന്നപ്പോൾ വീട്ടിൽ ഉള്ളവർ ചിത്രം എന്ന സിനിമ കാണുകയായിരുന്നു. ആ സിനിമയിൽ എന്റെ അമ്മയുടെ കഥാപാത്രം കൊല്ലപ്പെടും (മോഹൻലാലിന്റെ കഥാപാത്രം തന്റെ ഭാര്യയായ ലിസ്സിയുടെ കഥാപാത്രത്തെ കൈയബദ്ധത്തിൽ കൊല്ലുകയാണ്). ഞാൻ കൊച്ചു കുട്ടിയായത് കൊണ്ട്, അമ്മ മരിക്കന്ന സീൻ കണ്ടപ്പോൾ ഞാൻ ആകെ ഭയന്നു," കല്യാണി ചിരിയോടെ വെളിപ്പെടുത്തി.

"പിന്നെ ഞാൻ ആകെ പേടിക്കാൻ തുടങ്ങി. അപ്പോൾ ലാൽ മാമ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആൾക്കാരിൽ ഒരാളാണ്. എപ്പോൾ കണ്ടാലും ഞാൻ ഓടി പോയി കെട്ടിപ്പിടിക്കും. അപ്പോൾ ഞാൻ പേടിക്കാൻ തുടങ്ങിയപ്പോൾ ലാൽ മാമയ്ക്കും മറ്റുള്ളവർക്കും മനസ്സിലായി എന്തോ കുഴപ്പം ഉണ്ടെന്ന്. പക്ഷെ ആർക്കും മനസ്സിലായില്ല, ഇതാവും കാരണം എന്ന്. പിന്നീടാണ് അവർക്ക് മനസ്സിലായത്, ഞാൻ ചിത്രം കണ്ട് പേടിച്ചതാണെന്ന്. എന്നിട്ട് ആ പേടി മാറാൻ അച്ഛൻ സെറ്റിലേക്ക് കൊണ്ട് പോയി ഇതാണ് സിനിമയിലെ രക്തം എന്നും പറഞ്ഞു ജാക്കി ഷ്‌റോഫിന്റെ (ബോളിവുഡ് താരം) മേലെ ഇട്ടു കാണിച്ചു തന്നു," പ്രശസ്ത താരം പറഞ്ഞു.
എന്നാൽ, അധികം വൈകാതെ കഥ മാറി. കൊച്ചു കല്യാണി വളർന്നപ്പോൾ സ്വപ്നം കണ്ടത് സിനിമയാണ്. എന്നാൽ, അഭിനയത്തിലേക്കല്ല, കലാ സംവിധാനത്തിലേക്കാണ് താര പുത്രി ആദ്യം ചുവടു വച്ചത്. സാബു സിറിളിന്റെ അസിസ്റ്റന്റായി തുടങ്ങിയ കല്യാണി, അധികം വൈകാതെ നായികയായും അരങ്ങേറി. അഭിനയം തുടങ്ങി അധികം വൈകാതെ, തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയും നടനുമായ മോഹൻലാലിനൊപ്പം 'ബ്രോ ഡാഡി' എന്ന ചിത്രത്തിൽ അഭിനയിക്കാനും കല്യാണിക്ക് സാധിച്ചു. ഇപ്പോൾ 'ലോക' എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിജയ ലഹരിയിൽ ആണ് താരം.


Click it and Unblock the Notifications











