ആ സിനിമ റീമേക്ക് ചെയ്യണം, ഞാന്‍ ലാലങ്കിളും പ്രണവ് രേവതി മാമും ആകണം; സൗഹൃദത്തെക്കുറിച്ച് കല്യാണി
അച്ഛന്‍ പ്രിയദര്‍ശന്റേയും അമ്മ ലിസിയുടേയും പാതയിലൂടെയാണ് കല്യാണി പ്രിയദര്‍ശന്‍ സിനിമയിലേക്ക് എത്തുന്നത്. അച്ഛന്‍ സംവിധായകനും അമ്മ നടിയുമായപ്പോള്‍ മകള്‍ തിരഞ്ഞെടുത്തത് അമ്മയുടെ വഴിയാണ്. തെലുങ്കിലൂടെയായിരുന്നു കല്യാണിയുടെ തുടക്കം. പിന്നീടാണ് മലയാളത്തിലേക്ക് എത്തുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറുന്നത്. സുരേഷ് ഗോപി-ശോഭന കോമ്പോയ്‌ക്കൊപ്പം യുവതാരം ദുല്‍ഖറിന്റെ നായികയായി. എന്‍ട്രി കലക്കിയതോടെ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
ഇന്ന് മലയാളത്തിലേയും തെന്നിന്ത്യയിലേയും മുന്‍നിര നായികയാണ് കല്യാണി പ്രിയദര്‍ശന്‍. ഓരോ സിനിമ കഴിയുന്തോറും തന്നിലെ നടിയെ മെച്ചപ്പെടുത്തിക്കൊണ്ട് കയ്യടി നേടുകയാണ് കല്യാണി പ്രിയദര്‍ശന്‍. ഒടുവില്‍ പുറത്തിറങ്ങിയ സിനിമകളിലൊന്നായ ആന്റണിയിലെ കല്യാണിയുടെ ട്രാന്‍സ്ഫര്‍മേഷനും പ്രകടനവും കയ്യടി നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകരെ നേടാന്‍ കല്യാണിയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ചും ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി മനസ് തുറന്നത്. കൂടെ അഭിനയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കംഫര്‍ട്ടബിള്‍ പ്രണവ് മോഹന്‍ലാലിനൊപ്പമാണെന്നാണ് കല്യാണി പറയുന്നത്. ഇരുവരും ഒരുമിച്ച ഹൃദയം വലിയ വിജയം നേടിയ സിനിമയാണ്.
''ആരുടെ കൂടെ അഭിനയിച്ചാലും ഞാന്‍ കംഫര്‍ട്ടബിള്‍ ആണ്. ഞാനും പ്രണവും ചെറുപ്പം മുതലേ കൂട്ടുകാരാണ്. അതുകൊണ്ട് പ്രണവിന്റെ കൂടെ അഭിനയിക്കുമ്പോള്‍ കൂടുതള്‍ കംഫര്‍ട്ടബിളായി തോന്നുന്നു.'' എന്നാണ് കല്യാണി പറയുന്നത്. തന്റെ ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. കിലുക്കത്തിന്റെ റീമേക്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും കല്യാണി പറയുന്നുണ്ട്. പഴയ ഏതെങ്കിലും സിനിമയുടെ റീമേക്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കല്യാണി.
''കിലുക്കം സിനിമയുടെ റീമേക്ക്. പക്ഷെ അതില്‍ ലാലങ്കിളിന്റെ ഭാഗം ഞാനും രേവതി മാമിന്റെ ഭാഗം അപ്പുവും ചെയ്താല്‍ അതിലൊരു വ്യത്യസ്തയുണ്ടാകും'' എന്നാണ് കല്യാണി പറയുന്നത്. അതേസമയം ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് തോന്നിയിട്ടില്ലെന്നും താരം പറയുന്നുണ്ട്. '' അങ്ങനെ തോന്നിയിട്ടില്ല. പക്ഷെ തേന്മാവിന്‍ കൊമ്പത്തിലെ കാര്‍ത്തുമ്പിയുടെ കഥാപാത്രമൊക്കെ പ്രചോദനമായിട്ടുണ്ട്. പക്ഷെ ചെയ്യണമെന്ന് തോന്നിയിട്ടില്ല. കാരണം ശോഭന മാമിന്റെ പത്ത് ശതമാനം പോലും എനിക്ക് ചെയ്യാന്‍ കഴിയില്ല'' എന്നാണ് കല്യാണി പറയുന്നത്.
സിനിമയില്‍ വന്നതിന് ശേഷം തനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായെന്നാണ് കല്യാണി പറയുന്നത്.''ശേഷം മൈക്കിള്‍ ഫാത്തിമയുടെ നിര്‍മ്മാതാവായ ജഗദീഷ് പളനിസ്വാമി എന്റെ അടുത്ത സുഹൃത്താണ്. അവന് എന്റെ കഴിവുകളെക്കുറിച്ച് അറിയാം. കീര്‍ത്തി, പ്രണവ് അങ്ങനെ ചെറുപ്പം മുതലുള്ള സുഹൃത്തുക്കളുമുണ്ട്.'' എന്നാണ് താരം സൗഹൃദങ്ങളെക്കുറിച്ച് പറയുന്നത്. തന്റെ കഥാപാത്രങ്ങളെക്കുറിച്ചും കല്യാണി സംസാരിക്കുന്നുണ്ട്.

''ചെയ്ത എല്ലാ കഥാപാത്രത്തിനും എന്റെ ഹൃദയത്തില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. ഏറ്റവും എന്‍ജോയ് ചെയ്ത സിനിമ ഹൃദയമായിരുന്നു. കൂടുതല്‍ സുഹൃത്തുക്കളെ ഉണ്ടാക്കിയ സിനിമ വരനെ ആവശ്യമുണ്ട് ആണ്. ദുല്‍ഖറും അനൂപും ജിതിനും എന്റെ അടുത്ത സുഹൃത്തുക്കളായി. ഒരു അഭിനേതാവെന്ന നിലയില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചത് ബ്രോ ഡാഡിയുടെ സമയത്തായിരുന്നു. ഏറ്റവും കൂടുതല്‍ അഭിമാനം തോന്നിയത് തല്ലുമാല ചെയ്തപ്പോഴും'' എന്നാണ് കല്യാണി പറയുന്നത്.
തെലുങ്ക് ചിത്രം ഹെലോ ആയിരുന്നു കല്യാണിയുടെ ആദ്യ സിനിമ. പിന്നീട് ഹീറോ എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി. വരനെ ആവശ്യമുണ്ടിലെ നിക്കിയായാണ് മലയാളത്തിലേക്ക് എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ജീനി, ഓടും കുതിര ചാടും കുതിര തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്. ഫഹദിനൊപ്പം അഭിനയിക്കുന്ന സിനിമയാണ് ഓടും കുതിര ചാടും കുതിര. പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











