മുണ്ടുടുത്ത് ചെന്നപ്പോള്‍ കൂവി, മൊട്ടയടിച്ചതിന് ചാനല്‍ പരിപാടിയില്‍ അപമാനിച്ചു! അവര്‍ക്ക് പേടിയായിരുന്നു: കനി
മികച്ച നടിക്കുള്ള പുരസ്‌കാരമടക്കം നേടിയ നടിയാണ് കനി കുസൃതി. ഓണ്‍ സ്‌ക്രീനില്‍ തന്റെ പ്രകടനങ്ങള്‍ കൊണ്ട് ഞെട്ടിക്കാറുള്ള കനി ഓഫ് സ്‌ക്രീനില്‍ തന്റെ നിലപാടുകളിലൂടേയും കയ്യടി നേടാറുണ്ട്. അതേസമയം താനൊരു സോഷ്യല്‍ ആക്ടിവിസ്റ്റല്ലെന്നാണ് കനി പറയുന്നത്. ആക്ടിവിസം എന്ന നിലയിലല്ല താന്‍ എല്ലാം ചെയ്യുന്നതെന്നും താരം പറയുന്നു.
മൊട്ടയടിച്ചതിനും മുണ്ടുടുത്തതിനും കേട്ട വിമര്‍ശനങ്ങളെക്കുറിച്ചും കൂവലിനെക്കുറിച്ചുമൊക്കെ കനി തുറന്ന് സംസാരിക്കുകയാണ്. വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കനിയുടെ തുറന്നു പറച്ചില്‍. തനിക്കെതിരെ ഒരു ചാനല്‍ നല്‍കിയ വാര്‍ത്തയെക്കുറിച്ചും അഭിമുഖത്തില്‍ കനി സംസാരിക്കുന്നുണ്ട്.

മുണ്ടുടുത്ത് നടക്കാം ഇവിടെയൊന്നും ആരും അങ്ങനെ നടക്കുന്നില്ലല്ലോ എന്ന് കരുതി ചെയ്യുന്നതല്ലെന്നാണ് കനി പറയുന്നത്. കൈലി നോക്കുമ്പോള്‍ നല്ല തുണിയാണല്ലോ എന്ന് തോന്നി. ആ തുണിയോടുള്ള ഇഷ്ടം കൊണ്ടാണ് ഉടുത്തത്. അല്ലാതെ റിബലാകാന്‍ വേണ്ടിയല്ലെന്നാണ് കനി പറയുന്നത്. 2003 ല്‍ മൊട്ടയടിച്ച് ഫിലിം ഫെസ്റ്റിവലിന് പോയി. അന്ന് കൈരളി ടിവിയിലെ സാക്ഷിയില്‍ ഇവള്‍ക്കൊന്നും ചോദിക്കാനും പറയാനും ആളില്ലേ എന്ന് പറഞ്ഞാണ് തന്നെ കാണിച്ചതെന്നും കനി ഓര്‍ക്കുന്നു.
സുഹൃത്ത് വിളിച്ച് തന്റെ വീഡിയോ ടെലക്കാസ്റ്റ് ആവുമെന്ന് പറഞ്ഞപ്പോള്‍ എന്തെങ്കിലും ആകട്ടെ എന്നായിരുന്നു താന്‍ നല്‍കിയ മറുപടിയെന്നും കനി പറയുന്നു. എന്നാല്‍ അന്ന് തന്നെക്കുറിച്ച് അങ്ങനെ പറഞ്ഞവര്‍ തന്നെ ഇന്ന് കുറേ മാറിയെന്നും താരം ചൂണ്ടിക്കാണിക്കുന്നു. ഇഷ്ടപ്പെട്ടത് ധരിക്കുന്നും പറയുന്നതുമൊക്കെ താന്‍ അന്നും ഇന്നും ചെയ്യുന്നതാണെന്നും കനി വ്യക്തമാക്കുന്നു.
'ഈ രാജ്യവും ഭരണഘടനയും അനുവദിച്ചു തരുന്ന സ്വാതന്ത്ര്യമുണ്ടല്ലോ. അവിടെ ഞാന്‍ എന്റെ ഇഷ്ടം പറയുന്നു. ഇത് ഞാന്‍ പറയുന്നതുകൊണ്ട് ഇവിടെ എന്തെങ്കിലും ഇംപാക്ട് ഉണ്ടാക്കുമെന്നോ അല്ലെങ്കില്‍ ചിലര്‍ക്ക് ദേഷ്യം വരുമെന്നോ ഒന്നും ഞാന്‍ ആലോചിക്കുന്നില്ല'' എന്നാണ് അതേക്കുറിച്ച് കനി പറയുന്നത്.
അതേസമയം താന്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവരെ ദേഷ്യപ്പെടുത്തുന്നുതായി താന്‍ മനസിലാക്കുന്നുണ്ടെന്നും കനി പറയുന്നു. അതുമായി ബന്ധപ്പെട്ട അനുഭവവും താരം പങ്കുക്കെുന്നുണ്ട്. ആദ്യമായി മുണ്ടുടുത്ത് പുറത്ത് പോയപ്പോഴുണ്ടായ അനുഭവമാണ് കനി പങ്കുവെക്കുന്നത്. ''ഞാന്‍ ആദ്യമായി മുണ്ടുടുത്ത് പോയപ്പോള്‍ ഉള്ളൂരും പാളയത്തുമൊക്കെയുള്ള ചില ചെക്കന്‍മാര്‍ കൂവുന്നുണ്ടായിരുന്നു. ബസിലാണ് ഞാന്‍ പോകുന്നത്. ഓട്ടോയ്ക്ക് പോകാന്‍ പൈസ പോലുമില്ല. ഇവര്‍ ശരിക്കും എന്നെ നോക്കി കൂവുകയാണ്'' എന്നാണ് കനി പറയുന്നത്.
എന്നാല്‍ പിന്നീട് താന്‍ മൊട്ടയടിച്ച് മുണ്ടുടുത്ത് പോയപ്പോള്‍ കൂവല്‍ നിന്നുവെന്നും താരം പറയുന്നു. പകരം ഇതെവിടുന്നാണ് ഇതാരാണ് എന്നൊരു പേടിയായിരുന്നുവെന്നാണ് കനി പറയുന്നത്്. എന്നാല്‍ താന്‍ ഇതൊക്കെ ചെയ്തത് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാകണമെന്ന് കരുതിയോ മറ്റുള്ളവരെ അസ്വസ്ഥപ്പെടുത്തണമെന്നോ കരുതിയല്ലെന്നും കനി വ്യക്തമാക്കി. മുണ്ടുടുത്തതും മൊട്ടയടിച്ചതുമൊക്കെ അത് മൂലമുണ്ടാകുന്ന കംഫര്‍ട്ടിന് വേണ്ടിയാണെന്നാണ് താരം പറയുന്നത്. എന്നാല്‍ ആളുകള്‍ ഇത് പാടില്ലെന്ന് പറഞ്ഞ് എതിര്‍ക്കുമ്പോള്‍ അതിനെ ചെറുക്കുമെന്നും കനി പറയുന്നു.
പട, വിചിത്രം, കിര്‍ക്കന്‍ എന്നീ സിനിമകളാണ് കനിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഒകെ കംപ്യൂട്ടര്‍, മഹാറാണി എന്നീ സീരീസുകളിലും കനി അഭിനയിച്ചിട്ടുണ്ട്. 2020 ല്‍ പുറത്തിറങ്ങിയ ബിരിയാണി എന്ന സിനിമയിലെ പ്രകടനത്തിനാണ് കനിക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.


Click it and Unblock the Notifications