മലയാള സിനിമ വിട്ടത് ദുരനുഭവങ്ങള്‍ മൂലം, പ്രൊഡക്ഷന്‍ മാനേജരുടെ കരണത്തടിച്ചാണ് സെറ്റ് വിട്ടത്: കസ്തൂരി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയാകെ ആടിയുലയുകയാണ്. സിനിമാ ലോകത്ത് നേരിടുന്ന ചൂഷണങ്ങള്‍ തുറന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള തുറന്നു പറച്ചിലുകളും മറ്റ് ഭാഷകളിലും ചര്‍ച്ചയായി മാറുന്നുണ്ട്. ഇപ്പോഴിതാ ഞെട്ടിക്കുന്ന വെളിപ്പെടത്തലുമായി എത്തിയിരിക്കുകയാണ് നടി കസ്തൂരി.
മോശം അനുഭവങ്ങളെ തുടര്‍ന്നാണ് താന്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതെന്നാണ് കസ്തൂരി വെളിപ്പെടുത്തിയിരിക്കുന്നത്. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. മോശമായി പെരുമാറിയതിന് താന്‍ പ്രൊഡക്ഷന്‍ മാനേജരുടെ കരണത്ത് അടിച്ചുവെന്നാണ് കസ്തൂരി വെളിപ്പെടുത്തുന്നത്.

''ഇന്‍ഡസ്ട്രിയില്‍ ചില വിവരദോഷികളെ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ചും മലയാളത്തില്‍. അതുകൊണ്ടാണ് ഞാന്‍ മലയാളത്തില്‍ അഭിനയിക്കുന്നത് നിര്‍ത്തിയത്. വളരെ മോശം സമീപനമായിരുന്നു. പ്രൊഡക്ഷന്‍ ടീമിലുള്ള നിരവധി പേര്‍ മോശമായി പെരുമാറിയിട്ടുണ്ട്. ഒരു പ്രൊഡക്ഷന്‍ മാനേജരെ ഞാന്‍ കരണത്തടിക്കുക വരെയുണ്ടായി. സംവിധായകനും മോശമായി പെരുമാറി. അയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.'' എന്നാണ് കസ്തൂരി പറയുന്നത്.
ഞാന്‍ വളരെ ബോള്‍ഡാണ്. പ്രതികരിക്കും. എന്നാലും ശ്രമിച്ചു നോക്കാം എന്നു കരുതിയാണ് അവര്‍ സമീപിക്കുന്നത്. യാതൊരു വിവരവുമില്ല. കേരളത്തിലെ സ്ത്രീകള്‍ കാണിച്ച ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഇവിടെ തമിഴ്‌നാട്ടില്‍ ഒരാളും സംസാരിക്കാനുള്ള ധൈര്യം പോലും കാണിക്കുന്നില്ല. അവര്‍ക്ക് സംസാരിക്കാന്‍ ഭയമാണ്. ഖുശ്ബുവിനെ പോലുള്ളവര്‍ക്കും സംസാരിക്കാന്‍ ഭയമാണെന്നും കസ്തൂരി പറയുന്നു.
സര്‍ക്കാര്‍ നിയമങ്ങള്‍ കൊണ്ടു വരികയും, ആളുകള്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ തുടങ്ങുകയും ചെയ്യാതെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പോലെ ആയിരം റിപ്പോര്‍ട്ട് വന്നാലും മാറ്റം സാധ്യമല്ല. ഇത് രണ്ടുമാണ് ഏറ്റവും പ്രധാനമായും നടപ്പിലാകേണ്ടതെന്നും താരം പറയുന്നു.
മലയാളത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കവെ സംവിധായകന്റേയും പ്രൊഡക്ഷന്‍ മാനേജരുടേയും ഭാഗത്തു നിന്നും മോശം സമീപനമുണ്ടായി. പ്രൊഡക്ഷന്‍ മാനേജരുടെ കരണത്തടിച്ചു കൊണ്ട് ഒരു സിനിമയുടെ സെറ്റില്‍ നിന്നും ഇറങ്ങുന്നത്. പിന്നീട് ആ സിനിമയിലും മലയാളത്തിലും അഭിനയിച്ചിട്ടേയില്ല. ഒപ്പം അഭിനയിച്ച നായകന്മാരില്‍ നന്നായി പെരുമാറുന്നവരുണ്ട്. മൊത്തം മലയാള സിനിമയെക്കുറിച്ചുമല്ല പറയുന്നത്. ചില വ്യക്തികളെക്കുറിച്ചാണ് പറയുന്നതെന്നും താരം പറയുന്നു.

തമിഴിലും ഇത്തരം ഇടപെടലുകളുണ്ടാകണം. വിശാല്‍ പറഞ്ഞത് പോലെ പറയുന്നത് സാധ്യമാണ്. എന്നാല്‍ വേണ്ടത് ഇടപെടലുകളാണെന്നും കസ്തൂരി അഭിപ്രായപ്പെടുന്നുണ്ട്. നേരത്തെ നടി രാധിക ശരത്കുമാറും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. മലയാള സിനിമയുടെ സെറ്റില്‍ കാരവനുകളില്‍ ഒളിക്യാമറ വച്ച് സ്ത്രീകള്‍ വസ്ത്രം മാറുന്നത് ചിത്രീകരിക്കുന്നത് കണ്ടുവെന്നാണ് രാധിക വെളിപ്പെടുത്തിയത്.
ഒരു കാലത്ത് മലയാളത്തിലും തമിഴിലും ഒരു പോലെ നിറഞ്ഞ് നിന്ന താരമാണ് നടി കസ്തൂരി. സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞു നിന്ന താരമാണ് കസ്തൂരി. കസ്തൂരിയെ മലയാളികള്‍ക്ക് പരിചയം അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെയാണ്. ചക്രവര്‍ത്തി, അഗ്രജന്‍, രഥോത്സവം, മംഗല്യ പല്ലക്ക്, സ്നേഹം പഞ്ച പാണ്ടവര്‍, അഥീന തുടങ്ങിയ മലയാളം ചിത്രങ്ങളിലും നടി അഭിനയിച്ചു.


Click it and Unblock the Notifications











