വന്നപ്പോൾ ഭർത്താവ് തന്നെ പാരയായി! ദിലീപേട്ടൻ ഇങ്ങനെ ചെയ്യുമെന്ന് അറിയില്ലായിരുന്നു; കാവ്യയുടെ വീഡിയോ വൈറൽ
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡിയാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. ഓൺ സ്‌ക്രീനിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.
2016 നവംബർ 25 ന് ആണ് ദിലീപും കാവ്യയും പ്രേക്ഷകരെയും മലയാള സിനിമ ലോകത്തെയും ഒന്നടങ്കം ഞെട്ടിച്ച് വിവാഹിതരായത്. ഏറെനാൾ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ. മഹാലക്ഷ്‍മി എന്നൊരു മകളും ഇവർക്കുണ്ട്.

വിവാഹ ശേഷം സിനിമയിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണ് കാവ്യ. ദിലീപിൻറെ കേസുകളും വിവാദങ്ങളും കാരണം പൊതുവേദികളിൽ ഒന്നും വരാതെ മാറി നിൽക്കുകയായിരുന്നു താരം. ഏതെങ്കിലും വിവാഹ വേദികളിലും മറ്റുമാണ് കാവ്യയെ കണ്ടിരുന്നത്. എന്നാൽ ഇപ്പോഴിതാ, ഏറെ നാളുകൾക്ക് ശേഷം ഒരു പൊതു പരിപാടിയിൽ എത്തി സംസാരിച്ചിരിക്കുകയാണ് കാവ്യ.
അതിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ശബരി സെൻട്രൽ സ്‌കൂളിന്റെ വാർഷികാഘോഷത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. വേദിയിൽ എത്തിയ കാവ്യക്ക് ദിലീപ് 'പാര പണിഞ്ഞതും' ശ്രദ്ധനേടി. ആശംസ പ്രസംഗത്തിനിടെയാണ് ദിലീപ് തന്റെ തനതുശൈലിയിൽ ഭാര്യ കാവ്യയ്ക്ക് രസകരമായൊരു പണി കൊടുത്തത്.

കാവ്യ സംസാരിക്കാനും പാട്ടുപാടാനും തയാറായി ഇരിക്കുകയാണ്. അതുകൊണ്ട് ഞാൻ അധികം നീട്ടുന്നില്ല എന്ന് പറഞ്ഞ് ദിലീപ് വേഗം പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ സ്കൂളിലേക്ക് വെറുതെ വന്നാൽ മതി, സംസാരിക്കേണ്ടി വരില്ല എന്നുപറഞ്ഞ് കൊണ്ടുവന്നിട്ട് ഒടുവിൽ ഭർത്താവ് തന്നെ തനിക്ക് പാര പണിതു എന്നായിയിരുന്നു കാവ്യ പറഞ്ഞത്.
'കുറേ വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഇങ്ങനെ വലിയൊരു വേദിയിൽ നിന്നു സംസാരിക്കുന്നത്. ഞാൻ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും അതിന്റെ കാരണങ്ങളുമൊക്കെ നിങ്ങൾക്കെല്ലാവർക്കും അറിയാം.
അതിനെക്കുറിച്ചൊന്നും എനിക്ക് ഇവിടെ സംസാരിക്കാനുള്ള അവകാശമില്ല. അതിനെക്കുറിച്ച് പിന്നീടൊരിക്കൽ എന്റെ പ്രിയപ്പെട്ടവരോട് സംസാരിക്കാം,' ദിലീപ് പറഞ്ഞു.

ഒരിക്കലും തിരിച്ചു പിടിക്കാൻ പറ്റാത്തതാണ് നമ്മുടെ ബാല്യകാലം. ഈ കൊച്ചുകുട്ടികളുടെ കലാവിരുന്ന് കാണുമ്പോൾ നമ്മുടെ പഴയ കാലത്തെക്കുറിച്ച് ഓർത്തുപോകും. കോവിഡ് കാരണം രണ്ട് വർഷങ്ങൾക്കു ശേഷമാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നതെന്ന് അധ്യാപകർ പറഞ്ഞു. അതിലൊരു നിമിത്തമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്.

ഞാൻ ഒരുപാട് സംസാരിച്ച് നിങ്ങളെ ബോർ അടിപ്പിക്കുന്നില്ല, ഒരുപാട് കൊച്ചു കലാകാരന്മാരുടെയും കലാകാരികളുടെയും പരിപാടികൾ നടക്കാനുണ്ട്. ഇതിനു ശേഷം കാവ്യയ്ക്ക് സംസാരിക്കണം.
കാവ്യയാണെങ്കിൽ ഒരുപാട് സംസാരിക്കണം, പാട്ട് പാടണം എന്നൊക്കെ പറഞ്ഞാണ് വന്നത്. ഇവിടെ സർ കുചേല വൃത്തത്തിലെ രണ്ടു വരികൾ പാടിയപ്പോൾ അത് പാടാൻ ഉദ്ദേശിച്ചതാണ് എന്നൊക്കെ പറഞ്ഞ് ഇരിക്കുകയാണ് കക്ഷി'. അപ്പൊ കാവ്യയും രണ്ടു വാക്കുകൾ സംസാരിക്കുന്നതാണ് എന്ന് പറഞ്ഞ് ദിലീപ് മൈക്ക് കൈമാറുകയായിരുന്നു.

'ഞാൻ ഇവിടുത്തെ കലാപരിപാടികൾ കാണാൻ വന്നതാണ്, സംസാരിക്കേണ്ട ആവശ്യം വരില്ല എന്നാണു എന്നോട് പറഞ്ഞത്. പണ്ടൊക്കെ ഒരു ഓളത്തിൽ അങ്ങ് പോകുമായിരുന്നു. എന്തെങ്കിലും സംസാരിക്കാം. കുഴപ്പമിലായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. പറയുന്നത് തെറ്റിപ്പോയാൽ പേടിയാണ്. എന്ത് പറഞ്ഞാലും ട്രോള് വരും. ഞാൻ പറയുന്നത് നാളെ എങ്ങനെയാണ് യൂട്യൂബിൽ വരുക എന്നുപോലും അറിയില്ല,'
'അതുകൊണ്ട് മിണ്ടാതെ ഇരിക്കുകയാണ് ഏറ്റവും നല്ലത്. എന്നെ വിളിക്കരുത് കേട്ടോ ദിലീപേട്ടാ എന്ന് പറഞ്ഞാണ് വന്നത്. എന്നിട്ടിപ്പോ ഇവിടെ വന്നപ്പോ പാരയായത് ഭർത്താവ് തന്നെ. അവിടെ ഇരിക്കുന്ന സമയത്ത് പോലും എന്നോട് സംസാരിക്കണം എന്ന് പറഞ്ഞിട്ടില്ല. ഇങ്ങനെ പറഞ്ഞു അവസാനിപ്പിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു,' കാവ്യ പറഞ്ഞു.


Click it and Unblock the Notifications