twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ ഇതും കൂടി ഒന്ന് പറഞ്ഞോട്ടെ? നിഷ്‌കളങ്കമായി, ഒരു പുതുമുഖ നടനെ പോലെ അദ്ദേഹം ചോദിച്ചു!

    |

    ഇന്നലെയായിരുന്നു നടന്‍ ്ശ്രീനിവാസന്റെ ജന്മദിനം. ശ്രീനിവാസന്റെ പുതിയ സിനിമയായ കീടത്തിന്റെ സംവിധായകന്‍ രാഹുല്‍ റിജി അ്‌ദ്ദേഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്. ശ്രീനിവാസനും രജിഷ വിജയനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കീടം. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ത്രില്ലര്‍ സിനിമയാണ് കീടം. രാഹുല്‍ റിജിയുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    തുണിയില്ലാത്ത പെണ്ണുങ്ങളുടെ ഫോട്ടോ എടുത്ത് നടക്കുന്നു; ഫിലോമിനയുമായുള്ള ബന്ധത്തെ കുറിച്ച് ഡെയ്‌സി പറഞ്ഞത്
    കീടം സിനിമയുടെ ഷൂട്ടിംഗ് ഭൂരിഭാഗവും രാത്രികളില്‍ ആയിരുന്നു. വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെ. ആദ്യമായിട്ടാണ് ശ്രീനി സാറിനെ പോലെ അത്രയും സീനിയര്‍ ആയൊരു അഭിനേതാവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം രാത്രി സമയത്തെ ചിത്രീകരണം സമ്മതിക്കുമോ എന്ന സംശയത്തിലാണ് ഞാന്‍ കഥ പറയാന്‍ പോകുന്നത്. കഥ പറഞ്ഞ ശേഷം, അല്പം മടിയോടെ ഞാന്‍ ഷൂട്ടിംഗ് സമയത്തെ കുറിച്ച് പറഞ്ഞു. 'അതിനെന്താ പ്രശ്‌നം' എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു.

     ശ്രീനി സാര്‍ വിളിക്കുന്നു

    സാറിന്റെ ഒപ്പമുള്ള ഷൂട്ടിംഗ് ദിനങ്ങള്‍ എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വിലയേറിയതും, പ്രിയപ്പെട്ടതും ആയി മാറി. ഒരു ദിവസം വൈകുന്നേരം, സാര്‍ എന്നത്തേയും പോലെ കൃത്യ സമയത്തു തന്നെ എത്തി. പക്ഷെ റോഡിലെ തിരക്ക് ഒഴിയാത്തത് കാരണം ഷൂട്ട് തുടങ്ങാന്‍ സാധിക്കുന്നില്ല. ക്യാരവാനില്‍ കോസ്റ്റ്യുമും ഇട്ടു തയ്യാറായി ഇരിക്കുന്ന ശ്രീനി സാര്‍ ആരോടോ പറഞ്ഞു 'രാഹുല്‍ തിരക്കില്‍ അല്ലെങ്കില്‍ ഇങ്ങോട്ടു ഒന്ന് വരാന്‍ പറയു'. ശ്രീനി സാര്‍ വിളിക്കുന്നു എന്ന വിവരവുമായി നാലു ദിക്കില്‍ നിന്നും എന്നെ തിരക്കി സുഹൃത്തുക്കള്‍ പാഞ്ഞെത്തി. സാധാരണ സാര്‍ സെറ്റില്‍ വരുന്നതും, പോകുന്നതും അദ്ദേഹം എന്നെ അറിയിക്കാറില്ല. ഇന്നിപ്പോള്‍ കാണണം എന്ന് പറഞ്ഞത് ഷൂട്ടിംഗ് തുടങ്ങാന്‍ വൈകിയതിനു വഴക്ക് പറയാന്‍ ആവും എന്ന് ഞാന്‍ ഉറപ്പിച്ചു! ചെറിയ ഭയത്തോടെ അദ്ദേഹത്തെ കാണാന്‍ ഞാന്‍ ക്യാരവാനില്‍ കയറി. എന്തോ വലിയ പ്രശ്‌നം ഉണ്ടെന്ന് മനസ്സിലാക്കിയ എന്റെ സഹസംവിധായകന്‍ ശ്രീകാന്ത് എന്റെ പിന്നാലെ ഓടി കയറി.

    പതിവിലും ഗൗരവത്തില്‍

    ശ്രീനി സാര്‍ പതിവിലും ഗൗരവത്തില്‍ ആണ്. അദ്ദേഹത്തെ നേരത്തെ വിളിച്ചു വരുത്തി മുഷിപ്പിച്ചതിനു മാപ്പ് പറയാന്‍ വേണ്ടിയുള്ള ആമുഖം ഞാന്‍ നിന്നു കൊണ്ട് തന്നെ പറഞ്ഞു തുടങ്ങി. അദ്ദേഹം പറഞ്ഞു 'തിരക്കില്ലെങ്കില്‍ ഒരു 10 മിനിറ്റ് ഒന്ന് ഇരിക്കാമോ?'. ഞങ്ങള്‍ മെല്ലെ അവിടെ ഇരുന്നു. 'ഇന്ന് നമ്മള്‍ എടുക്കാന്‍ പോകുന്ന സീന്‍, ഞാന്‍ ഇവിടെ വരുന്നതിനു മുന്‍പ് ഒന്ന് വായിച്ചു നോക്കി. അതിന്റെ തുടക്കത്തില്‍ ഒരു രണ്ടു വരി ഡയലോഗ് കൂടി ചേര്‍ത്താല്‍ അവിടത്തെ ഡ്രാമ ഒന്ന് കൂടി നന്നാവും എന്ന് എനിക്ക് തോന്നി. ഞാന്‍ അതൊന്ന് കുറിച്ച് കൊണ്ടുവന്നിട്ടുണ്ട്' ശ്രീനി സാര്‍ തന്റെ ബാഗ് തുറന്നു അദ്ദേഹത്തിന്റെ കൈപ്പടയില്‍ എഴുതിയിരിക്കുന്ന ഒരു ചെറിയ പേപ്പര്‍ എനിക്കു നേരെ നീട്ടി. 'ഞാന്‍ ഇതും കൂടി ഒന്ന് പറഞ്ഞോട്ടെ?' വളരെ നിഷ്‌കളങ്കമായി, ഒരു പുതുമുഖ നടനെ പോലെ അദ്ദേഹം എന്നോടു ചോദിച്ചു.

    എന്ത് പറയണം, എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെ ഞാന്‍ ഒരു നിമിഷം സ്തംഭിച്ചു നിന്നു. ഞാന്‍ ഏറെ ആരാധിക്കുന്ന, അതിലേറെ ബഹുമാനിക്കുന്ന, സിനിമ എന്ന മാധ്യമത്തെ ഇഷ്ട്ടപ്പെടാന്‍ എന്നെ പ്രേരിപ്പിച്ചിട്ടുള്ള അനേകം സിനിമകള്‍ എഴുതിയ, അഭിനയിച്ച, സംവിധാനം ചെയ്ത ഒരു ഇതിഹാസമാണ് എന്നോട് വളരെ നിസ്സാരമായ ആ രണ്ടു വരി ഡയലോഗ് കൂടുതല്‍ പറയാന്‍ അനുവാദം ചോദിക്കുന്നത്. അദ്ദേഹം എഴുതി അനശ്വരമാക്കിയ എത്രയോ ഡയലോഗുകള്‍ ആ നിമിഷം എന്റെ ഹൃദയത്തില്‍ മുഴങ്ങി. ആ ഡയലോഗുകള്‍ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും പറയാത്ത മലയാളി ഉണ്ടാവുമോ എന്ന് പോലും എനിക്ക് സംശയം ആണ്.

    എന്നെ കളിയാക്കുകയാണോ?

    'സാര്‍ എന്നെ കളിയാക്കുകയാണോ?' ഞാന്‍ ചോദിച്ചു. 'സംവിധായകന്‍ അനുവാദം തരാതെ ഞാന്‍ എങ്ങനെ പറയും?' അദ്ദേഹം ചിരിച്ചു കൊണ്ട് തിരിച്ചു ചോദിച്ചു. അദ്ദേഹത്തിന്റെ വിലയേറിയ കൈപ്പടയില്‍ എഴുതിയ ആ കടലാസ് ഒരു നിധി പോലെ വാങ്ങി ഞങ്ങള്‍ രണ്ടു പേരും ക്യാരവനില്‍ നിന്ന് പുറത്തു ഇറങ്ങി. ആശ്ചര്യത്തിന്റെയും സന്തോഷത്തിന്റെയും ബഹുമാനത്തിന്റെയും തിരയിളക്കം കാരണം ഞങ്ങള്‍ രണ്ടു പേരുടെയും വാക്കുകള്‍ മുറിഞ്ഞു.

    രാത്രി ഏറെ വൈകി ഷൂട്ടിംഗ് തുടര്‍ന്ന ദിവസങ്ങളില്‍ പോലും അദ്ദേഹം ഒരു പരിഭവമോ, പരാതിയോ ഇല്ലാതെ പൂര്‍ണ്ണമായി ഞങ്ങള്‍ക്കൊപ്പം, ആ സിനിമക്ക് വേണ്ടി നിന്നു. സുഖമില്ലാത്ത ദിവസങ്ങളില്‍ പോലും ഷൂട്ടിംഗ് മുടങ്ങിയാല്‍ നിങ്ങള്‍ക്ക് പ്രയാസമാകില്ലേ എന്ന് പറഞ്ഞു സെറ്റില്‍ വന്നു.

    Recommended Video

    നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
    കാലത്തെ അതിജീവിക്കുന്ന സിനിമകള്‍

    ഒരിക്കല്‍, നേരം വൈകിയിട്ടും ബ്രേക്ക് വിളിക്കാതെ ഷൂട്ട് തുടര്‍ന്നപ്പോള്‍ എന്നെ അടുത്ത് വിളിച്ചു പറഞ്ഞു 'എന്നെ നേരത്തെ വിടാന്‍ വേണ്ടിയാണ് ഈ പട്ടിണി കിടന്നു പണിയെടുക്കുന്നതെങ്കില്‍, അത് വേണ്ട. ഞാന്‍ ഇവിടെ ഇരുന്നോളാം. എല്ലാവരും വേഗം പോയി കഴിച്ചിട്ട് വരൂ.' വലിപ്പച്ചെറുപ്പം ഇല്ലാതെ സെറ്റിലെ എല്ലാവരോടും തമാശകള്‍ പറഞ്ഞും, സന്തോഷം പങ്കിട്ടും അദ്ദേഹം ഞങ്ങളുടെ ഉറക്കമില്ലാത്ത ആ രാത്രികളെ മനോഹരമാക്കി. അദ്ദേഹത്തിന് ഇനി എന്താണ് സിനിമയില്‍ നേടാന്‍ ബാക്കിയുള്ളത് എന്ന് എനിക്കറിയില്ല. പക്ഷെ താരതമ്യേന തുടക്കക്കാരായ എന്നെ പോലെയുള്ളവര്‍ക്കു അദ്ദേഹത്തിന്റെ ഒപ്പമുള്ള ആ ദിനങ്ങള്‍ അര്‍പ്പണബോധത്തിന്റെയും, കഠിനാധ്വാനത്തിന്റെയും, സിനിമ എന്ന മാധ്യമത്തോടുള്ള അടങ്ങാത്ത പ്രണയത്തിന്റെയും അഭിനിവേശത്തിന്റെയും വലിയ ഒരു പാഠമാണ്. ഒരിക്കലും മറക്കാന്‍ പാടില്ലാത്ത, സ്വര്‍ണ ലിപികളില്‍ ഹൃദയത്തില്‍ എഴുതിയിടേണ്ട വലിയ പാഠം.

    ഇന്ന് ശ്രീനി സാറിന്റെ പിറന്നാള്‍ ദിനത്തില്‍, ഞങ്ങളുടെ പ്രിയപ്പെട്ട 'ബാലന്‍ സാറിന്' ആരോഗ്യപൂര്‍ണ്ണമായ, സന്തോഷം നിറഞ്ഞൊരു വര്‍ഷം നേരുന്നു. ഞങ്ങളെ അത്ഭുതപ്പെടുത്തുന്ന, കാലത്തെ അതിജീവിക്കുന്ന സിനിമകള്‍ ഇനിയും ആ തൂലികയില്‍ നിന്ന് പിറവിയെടുക്കാന്‍ വേണ്ടി കാത്തിരിക്കുന്ന, പ്രാര്‍ത്ഥിക്കുന്ന ഒരു ആരാധകന്‍.

    Read more about: sreenivasan
    English summary
    Keedam Director Rahul Riji Writes About Actor Sreenivasan And His Humbleness
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X