ബോഡി ഷേമിങ് തെറ്റാണെന്ന് അറിഞ്ഞിട്ട് രണ്ടു വർഷമേ ആയുള്ളു; വീട്ടിലെത്തുമ്പോൾ പഴയ നമ്മളാകും: അജു വർഗീസ്
സമൂഹത്തിൽ നിലനിൽക്കുന്ന മോശം പ്രവണതകളിൽ ഒന്നാണ് ബോഡി ഷേമിങ്. താരങ്ങളടക്കം പലപ്പോഴും ബോഡി ഷേമിങ്ങിന് വിധേയരാകാറുണ്ട്. സോഷ്യൽമീഡിയ സജീവമായതോടെ പലരും തങ്ങളുടെ അനുഭവങ്ങൾ ഇപ്പോൾ തുറന്നു പറയാറുണ്ട്. ഒരുകാലത്ത് സിനിമകളില്‍ കോമഡി എന്ന പേരില്‍ ബോഡി ഷേമിങ് ഡയലോഗുകൾ വ്യാപകമായിരുന്നു. എന്നാല്‍ കാലം മാറിയതോടെ ഇത്തരം പ്രവണതകളെ പ്രേക്ഷകർ ഉൾപ്പെടെ ചോദ്യം ചെയ്യാൻ തുടങ്ങി. ഇതേക്കുറിച്ചുള്ള ചർച്ചകൾ സജീവമായതോടെ പലരും തെറ്റുകൾ മനസിലാക്കി തിരുത്താനും ഇപ്പോൾ ശ്രമിക്കുന്നുണ്ട്.
അതിനിടെ ബോഡി ഷേമിങ്ങിനെ കുറിച്ച് അജു വർഗീസ് പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. ബോഡി ഷേമിങ് ഒരു തെറ്റാണെന്ന് അറിഞ്ഞിട്ട് രണ്ട് വർഷമേയാകുന്നുള്ളൂവെന്നാണ് അജു വർഗീസ് പറയുന്നത്. താനിപ്പോൾ നിൽക്കുന്നത് പുതിയ തലമുറയുമല്ല, പഴയതുമല്ലെന്ന അവസ്ഥയിലാണെന്നും അജു പറയുന്നു. താൻ അഭിനയിക്കുന്ന മലയാളത്തിലെ ആദ്യ വെബ് സീരീസായ കേരള ക്രൈം ഫയൽസിന്റെ ലോഞ്ചിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അജു വർഗീസ്.

"ഞാൻ നിൽക്കുന്നത് ഒരു പ്രത്യേക ജനറേഷനിലാണ്. നാൽപതുകളിലേക്ക് കടക്കുന്നവർ, ന്യൂജനും അല്ല, പഴയ തലമുറയുമല്ല. വീട്ടിൽ ഞങ്ങൾ അനുഭവിക്കുന്നത് വല്ലാത്തൊരവസ്ഥയാണ്. വീട്ടിൽ ഞങ്ങൾക്ക് അഭിമുഖീകരിക്കേണ്ടത് പഴയ തലമുറയെയാണ്. അവർക്ക് എന്ത് പൊളിറ്റിക്കൽ കറക്ടനസ്, പുറത്തെ മാറ്റം നമ്മൾ മനസിലാക്കുന്നുണ്ട്. നിങ്ങൾ മാറുന്നതിനനുസരിച്ച് മാറാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ വീട്ടിലെ അച്ഛന്റെയും അമ്മയുടെയുമടുത്ത് പൊളിറ്റിക്കലി കറക്കല്ലാത്ത പഴയ നമ്മളായിരിക്കും", അജു പറയുന്നു.
"വീട് തുറന്ന് പുറത്തിറങ്ങി കഴിഞ്ഞാൽ നമ്മൾ പുതിയ തലമുറയെയാണ് കാണുന്നത്. അവിടെ നമ്മൾ അഭിനയിച്ച് തുടങ്ങുകയാണ്. പഠിക്കുകയാണ്. ബോഡി ഷേമിങ് തെറ്റാണെന്ന് ഞാൻ അറിഞ്ഞിട്ട് രണ്ട് വർഷമേ ആകുന്നുള്ളൂ. ചെറുപ്പം തൊട്ടേ ഉയരത്തെ കളിയാക്കാറുണ്ട്, അതൊന്നും എന്നെ അലട്ടിയിട്ടില്ല. അതെനിക്ക് ഒരു വിഷയമായിട്ട് തോന്നിയിട്ടില്ല. എന്നെ കളിയാക്കിയ സുഹൃത്തുക്കളുണ്ട്. നമ്മളതിനെ തമാശയായിട്ടേ കണ്ടുള്ളൂ.
പക്ഷേ അത് തെറ്റായി മാറിയൊരു കാലഘട്ടത്തിൽ ഞാനത് ചെയ്യണമെന്ന് ഒരിക്കലും പറയുന്നത് ശരിയല്ല. എന്നാൽ എനിക്ക് എന്റെ കാര്യം തീരുമാനിക്കാലോ. എനിക്ക് കുഴപ്പമില്ല. പക്ഷേ ഭൂരിപക്ഷത്തിനെ അത് മാനസികമായി ബാധിക്കപ്പെടുന്നുണ്ട്. കുറച്ചൊക്കെ ഫെറ്റ് ചെയ്താലല്ലേ ഞങ്ങൾ സ്ട്രോങ്ങാവുകയുള്ളു," അജു വർഗീസ് പറഞ്ഞു.

ഇതൊക്കെ കേൾക്കുമ്പോൾ പോട്ട് പുല്ലെന്ന ആറ്റിറ്റ്യൂഡ് ഉണ്ടാക്കിയെടുക്കണമെന്നും അജു പറഞ്ഞു. "എന്നോട് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ പുറത്ത് ജീവിതം ഒട്ടും സുന്ദരമല്ലെന്ന് പറയും. നന്മമരങ്ങളൊന്നുമില്ല. ഒരവസരം കിട്ടിക്കഴിഞ്ഞാൽ നമ്മുടെ വികാരങ്ങളോ സന്തോഷമോ ഒന്നും നോക്കി ആരും നിൽക്കുമെന്ന് തോന്നുന്നില്ല. അവിടെ പോയി ഒരു ആട്ടമാടുകയാണ് നമ്മൾ. ഇതൊക്കെ കേട്ടാൽ പോട്ട് പുല്ലെന്ന് തോന്നുന്ന ആറ്റിറ്റിയൂഡ് സ്വയമുണ്ടാക്കണം.
അല്ലാതെ അപ്പുറത്ത് നിൽക്കുന്നവൻ നമ്മളെ ബോഡി ഷേമിങ് ചെയ്യുകയാണെന്ന് പൊളിറ്റിക്കലായി ചിന്തിക്കുന്നൊരു ലോകം പുറത്തില്ല", അജു പറഞ്ഞു. എന്നാൽ ഇന്നത്തെ തലമുറയുടെ മൂവ്മെന്റ് നല്ല രീതിയിൽ ജനശ്രദ്ധ ലഭിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ഒരു അഞ്ച്-പത്ത് വർഷം കഴിയുമ്പോൾ നമ്മുടെ നാട് ശരിക്കും ദൈവത്തിന്റെ സ്വന്തം നാടായി മാറുമെന്ന പ്രതീക്ഷയും അജു വർഗീസ് പങ്കുവച്ചു.


Click it and Unblock the Notifications