കേസ് കൊടുത്ത് നേടിയ വിജയം; ചാക്കോച്ചന് ഈ പ്രത്യേക പരാമര്‍ശം കുറച്ചധികം സ്‌പെഷ്യലാണ്!
അമ്പത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നേട്ടങ്ങള്‍ കൊയ്ത് ന്നാ താന്‍ കേസ് കൊട്. ജനപ്രീയ സിനിമയുടേതുള്‍പ്പടെ ഏഴ് ചിത്രങ്ങളാണ് ന്നാ താന്‍ കേസ് കൊട് നേടിയത്. ചിത്രത്തിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബനെ തേടി ജൂറിയുടെ പ്രത്യേക പരാമര്‍ശവും എത്തി. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ പുറത്തെടുത്തത്. അതിനുള്ള അംഗീകാരമാണ് സംസ്ഥാന പുരസ്‌കാരത്തിലെ പരാമർശം.
തുടക്കം മുതല്‍ക്കെ മികച്ച നടനുള്ള പുരസ്‌കാരത്തിനായി കുഞ്ചാക്കോ ബോബന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. 25 കൊല്ലം പിന്നിട്ട കരിയറില്‍ കുഞ്ചാക്കോ ബോബന്റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ചിലത് കണ്ട വര്‍ഷമായിരുന്നു കടന്നു പോയത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് കുഞ്ചാക്കോ ബോബന്‍ എത്തിയത്.

മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലാണ് മികച്ച നടനുള്ള പുരസ്‌കാരത്തിനായുള്ള മത്സരമെന്ന് നേരത്തെ തന്നെ തീരുമാനമായിരുന്നു. ഇരുവരും പുരസ്‌കാരം പങ്കിട്ടേക്കാം എന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ മമ്മൂട്ടി മികച്ച നടനുള്ള തന്റെ ആറാമത്തെ പുരസ്‌കാരം നേടിയെടുത്തു. അതേസമയം, കരിയര്‍ റീഡീഫൈനിംഗ് പ്രകടനത്തിലൂടെ കുഞ്ചാക്കോ ബോബനും പുരസ്‌കാര നേട്ടത്തില്‍ തിളങ്ങുകയാണ്.
ഇതാദ്യമായിട്ടാണ് കുഞ്ചാക്കോ ബോബനെ തേടിയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ഒരു നേട്ടം എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ പ്രകടനം കണ്ട് ഇതില്‍ താന്‍ ഇല്ലല്ലോ എന്ന് പറഞ്ഞ മമ്മൂട്ടിയോട് തന്നെയാണ് ചാക്കോച്ചന്‍ മത്സരിച്ചത് എന്നതും രസകരമായൊരു വസ്തുതയാണ്.
കുഞ്ചാക്കോ ബോബന്റെ നേട്ടമടക്കം ഏഴ് പുരസ്‌കാരങ്ങളാണ് ന്നാ താന്‍ കേസ് കൊട് നേടിയത്. ജനപ്രീയ സിനിമ, രതീഷ് ബാലകൃഷ്ണ പൊതുവാളിന് ലഭിച്ച മികച്ച തിരക്കഥാകൃത്ത്, മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടിയ പിപി കുഞ്ഞികൃഷ്ണന്‍, ഡോണ്‍ വിന്‍സന്റ് നേടിയ മികച്ച പശ്ചാത്തല സംഗീതം അടക്കമുള്ള പുരസ്‌കാരങ്ങളാണ് ന്നാ താന്‍ കേസ് കൊട് നേടിയത്.

കുഞ്ചാക്കോ ബോബനൊപ്പം അലന്‍സിയര്‍ ലോപ്പസും അഭിനയത്തിന് പ്രത്യേക പരാമര്‍ശം നേടിയിട്ടുണ്ട്. അപ്പനിലെ പ്രകടനത്തിനാണ് അലന്‍സിയറെ തേടി പരാമര്‍ശമെത്തിയത്. നന്‍പകല്‍ നേരത്ത് എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി മികച്ച നടനായത്. രേഖയിലെ പ്രകടനത്തിലൂടെ വിന്‍സി അലോഷ്യസ് മികച്ച നടിയുമായി. നന്‍പകല്‍ നേരത്ത് മയക്കം ആണ് മികച്ച സിനിമ. മഹേഷ് നാരായണന്‍ ആണ് മികച്ച സംവിധായകന്‍, ചിത്രം അറിയിപ്പ്.
ഇലവീഴാ പൂഞ്ചിറയുടെ സംവിധായകന്‍ ഷാഹി കബീര്‍ ആണ് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയത്. തല്ലുമായിലൂടെ നിഷാദ് യൂസഫ് മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം നേടി. സൗദി വെള്ളക്കയിലെ പ്രകടനത്തിലൂടെ ദേവി വര്‍മ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരവും നേടി.


Click it and Unblock the Notifications











