മോളിവുഡിന്റെ സുൽത്താനല്ലേ, എന്നെ അനിയനെ പോലെയാണ് കാണുന്നതെന്ന് പറഞ്ഞിട്ടുണ്ട്; ദുൽഖറിനെ കുറിച്ച് ഗോകുൽ
ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്ത തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനം ആരംഭിച്ചു കഴിഞ്ഞു. വമ്പൻ ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന കിങ് ഓഫ് കൊത്ത ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ദുല്‍ഖറിന്റെ ഇത്രയും നാളത്തെ കരിയറില്‍ മാസ് ആക്ഷന്‍ ചിത്രം എന്ന ലേബലില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രവുമാണ് കിങ് ഓഫ് കൊത്ത.
മലയാളത്തിലെന്ന പോലെ തെലുങ്കിലും തമിഴിലും ഹിന്ദിയിലുമെല്ലാം വമ്പൻ വരവേൽപാണ് ചിത്രത്തിൽ ലഭിക്കുന്നത്. ദുൽഖറിന്റെ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം എന്നതിനേക്കാൾ കിങ് ഓഫ് കൊത്ത മലയാളികൾക്ക് പ്രിയപ്പെട്ടതാകാൻ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. അതിലൊന്ന് മലയാളത്തിലെ മൂന്ന് ഇതിഹാസങ്ങളുടെ മക്കൾ ഒന്നിക്കുന്നു എന്നതാണ്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം ഗോകുൽ സുരേഷും എത്തുന്നുണ്ട്.

ഈ സെക്കൻഡ് ജനറേഷന്റെ ഒത്തുചേരലിനെ വളരെ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്. അതിനിടെ ദുൽഖറിനെ കുറിച്ച് ഗോകുൽ സുരേഷ് പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദുൽഖർ സൽമാൻ മോളിവുഡിന്റെ സുൽത്താൻ അല്ലേ എന്ന് ഗോകുൽ പറയുന്നു. തനിക്ക് ദുൽഖർ ഏട്ടൻ ആണെന്നും താൻ അനിയനെ പോലെ ആണെന്ന് വ്യക്തമാക്കിയിട്ടുള്ളത് ആണെന്നും ഗോകുൽ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഗോകുൽ ഇക്കാര്യം പറഞ്ഞത്.
'ദുൽഖറിന്റെ ഒരു സ്റ്റാർഡം പ്രകടിപ്പിക്കുന്ന സിനിമ തന്നെയാകും കിങ് ഓഫ് കൊത്ത. മോളിവുഡിന്റെ സുൽത്താനല്ലേ ദുൽഖർ. വലിയ സിനിമയാണ്. മലയാളത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ യോഗ്യമായിട്ടുള്ള സിനിമയാണ് കിങ് ഓഫ് കൊത്ത. പൂർണമായും തിയേറ്ററിൽ കാണേണ്ട സിനിമയാണ് ഇത്. ദുൽഖർ എന്നെ അനിയനെ പോലെയാണ് കാണുന്നതെന്ന് പറഞ്ഞിട്ടുണ്ട്. മാനസികമായി നേരത്തെ തന്നെ അങ്ങനെയൊരു ബന്ധമാണ്. ഒരുപക്ഷെ എല്ലാവരും അറിയുന്ന വിധത്തിലേക്ക് അത് എത്തിയത് ഇപ്പോഴാണ്',
'പ്രൊമോഷൻ സമയത്തൊക്കെ ആ ബോണ്ടിങ് കുറച്ചുകൂടി ശക്തമായിട്ടുണ്ട്. അദ്ദേഹം എന്നെ അനിയനായാണ് കാണുന്നത് എന്ന് മുൻപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ എന്റെ അച്ഛന് നൽകുന്നത് പോലെ ഒരു ബഹുമാനം തന്നെയാണ് സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും നൽകുന്നത്', ഗോകുൽ പറഞ്ഞു.
ഒരു നടൻ എന്ന നിലയിൽ തന്നെ നന്നായി തന്നെ ഉപയോഗിച്ച സിനിമയാണ് കിങ് ഓഫ് കൊത്തയെന്നും ഗോകുൽ സുരേഷ് വ്യകത്മാക്കി. ഇനിയും ഇതുപോലെയുള്ള സിനിമകളുടെ ഭാഗമാകാൻ കഴിയുമെന്ന് കരുതുന്നുവെന്നും ഗോകുൽ പറഞ്ഞു.

കഴിഞ്ഞ ദിവസം കിങ് ഓഫ് കൊത്തയുടെ പ്രസ് മീറ്റ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ മാധ്യമ പ്രവർത്തകർക്കിടയിൽ പെട്ടുപോയ ഗോകുൽ സുരേഷിനെ അതിനിടയിൽ നിന്ന് രക്ഷിച്ച് മുന്നിലേക്ക് വിടുന്ന ദുൽഖറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അത് ചൂണ്ടിക്കാട്ടിയാണ് ദുൽഖറുമായുള്ള ബന്ധത്തെ കുറിച്ച് ഗോകുലിനോട് ചോദിച്ചത്.
അതേസമയം സി സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫോർ ഫിലിംസും ചേർന്നാണ് കിങ് ഓഫ് കൊത്ത നിർമിക്കുന്നത്. ചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രൻ തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രം ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്.


Click it and Unblock the Notifications