For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ കണ്ടതിന് ഏറ്റവും തല്ലുവാങ്ങിയത് ഇക്കാക്കയാണ്, തല്ലുമാല കാണാന്‍ അവന്‍ ഒപ്പമില്ല; വേദനയോടെ കൊല്ലം ഷാഫി

  |

  ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷെ അത്ര പരിചയമില്ലായിരിക്കും. പക്ഷെ തൊണ്ണൂറുകളില്‍ ജനിച്ച് 90സ് കീഡ്‌സിന് കൊല്ലം ഷാഫിയെന്നത് വെറുമൊരു പേരല്ല. മാപ്പിളപ്പാട്ടുകള്‍ കേരളം കീഴടക്കിയിരുന്ന കാലത്ത് ഷാഫിയുടെ സുന്ദരിയെ നീ വന്നു ഗസലായും, ചക്കരച്ചുണ്ടിലും കലാലയവുമൊക്കെ പാടി നടന്നവരവാണ് അവര്‍. സാധാരണക്കാരുടെ പ്രണയങ്ങളായിരുന്നു ഷാഫിയുടെ പാട്ടുകള്‍ എന്നും അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ സാധാരണക്കാരുടെ താരമായി മാറുകയായിരുന്നു കൊല്ലം ഷാഫി.

  Also Read: 'സ്ക്രീനിൽ‌ ആ രൂപം കണ്ടപ്പോൾ കരഞ്ഞു, കാത്തിരുന്ന് കിട്ടിയ കുഞ്ഞായതുകൊണ്ട് ഏറെ സ്പെഷ്യലാണ്'; മഷൂറയും ബഷീറും!

  മാപ്പിളപ്പാട്ട് ആല്‍ബത്തിന്റെ കാലം പിന്നിട്ടുവെങ്കിലും ഒരിടവേളയ്ക്ക് ശേഷം കൊല്ലം ഷാഫി വീണ്ടും സജീവമായി മാറിയിരിക്കുകയാണ്. സ്റ്റാര്‍ മാജിക് ഉള്‍പ്പടെയുള്ള ടെലിവിഷന്‍ പരിപാടികളിലൂടേയും സ്റ്റേജ് പരിപാടികളിലൂടേയുമാണ് ഷാഫി തിരിച്ചുവന്നത്. ഇപ്പോഴിതാ സിനിമാ ലോകത്തും സാന്നിധ്യം അറിയിക്കുകയാണ് കൊല്ലം ഷാഫി. വന്‍ വിജയമായി മാറിയ തല്ലുമാലയിലെ ഷാഫി അളിയനായി ചിരിപ്പിച്ച് കയ്യടി നേടുകയാണ് ഷാഫി.

  തന്റെ സിനിമാ മോഹത്തെക്കുറിച്ചും തല്ലുമാലയെക്കുറിച്ചുമൊക്കെ കൊല്ലം ഷാഫി മനസ് തുറക്കുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് കൊല്ലം ഷാഫി മനസ് തുറക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: എല്ലാ 15 മിനുറ്റിലും കാല് കഴുകുന്ന സണ്ണി ലിയോണ്‍, ഷൂട്ട് മുടങ്ങിയാലും നോ പ്ലോബ്ലം! ഓരോ ശീലങ്ങളേ!

  മിമിക്രിയുമായി നടക്കുന്ന കാലത്തുതന്നെ സിനിമയില്‍ അഭിനയിക്കണമെന്ന മോഹമുണ്ട് എന്നാണ് ഷാഫി പറയുന്നത്. എന്നാല്‍ ആരോടെങ്കിലും ചോദിച്ചാല്‍ മോശമായിപ്പോവുമോ എന്നും ചിന്തിച്ചിരുന്നുവെന്നും എന്നാല്‍ ആ ആഗ്രഹങ്ങളൊക്കെ ആല്‍ബങ്ങളില്‍ വേഷമിട്ട് സഫലീകരിക്കുകയായിരുന്നുവെന്നും ഷാഫി പറയുന്നു. സിനിമാരംഗത്ത് അനേകം ബന്ധങ്ങളുണ്ട്. പക്ഷേ പേടിയായതുകൊണ്ട് ആരോടും പറയാറുണ്ടായിരുന്നില്ലെന്നും ഷാഫി പറയുന്നു

  ചോദിക്കാത്തതുകൊണ്ട് അവസരമില്ലാതായി പോവരുതെന്ന് കോവിഡ് കാലത്തിനുശേഷം എനിക്കു തോന്നിയെന്നും പിന്നീട് അവസരങ്ങള്‍ ചോദിച്ചുവെന്നും എന്നാല്‍ ലഭിച്ചില്ലെന്നും ഷാഫി പറയുന്നു. അങ്ങനെ ഒരു വര്‍ഷത്തിന് ശേഷമാണ് ഖാലിദ് റഹ്‌മാന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ നഹാസിന്റെ മെസേജ് വരുന്നത്. ആദ്യം കരുതിയത് ആരോ പറ്റിക്കുകയായിരുന്നുവെന്നാണെന്നും ഷാഫി പറയുന്നത്. പിന്നീട് ഖാലിദിനെ കണ്ട കാര്യവും ഷാഫി പറയുന്നുണ്ട്.

  ''എന്നെക്കൊണ്ട് ഒരുവട്ടം അഭിനയിപ്പിച്ച് നോക്കുന്നില്ലേ, നിങ്ങള് ആഗ്രഹിക്കുന്ന രീതിയില്‍ എനിക്ക് അഭിനയിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്നെ ഒഴിവാക്കുമോ'' എന്നൊക്കെ ഞാന്‍ ചോദിച്ചു. സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ കോളജില്‍ പഠിക്കുമ്പോള്‍ എന്റെ പാട്ടൊക്കെ കേട്ടിട്ടുണ്ടെന്നു പറഞ്ഞു. ഞാന്‍ കൂളായിട്ട് ചെയ്യുമെന്ന് വിശ്വാസമുണ്ട് എന്ന് ഖാലിദ് റഹ്‌മാന്‍ ധൈര്യം തന്നു. അപ്പോഴും എനിക്കു സംശയമായിരുന്നു. ''അഥവാ എനിക്കെന്തെങ്കിലും തെറ്റുപറ്റിയാല്‍ പറഞ്ഞുവിടരുത്. എനിക്ക് റീടേക്കുകള്‍ തരണം'' എന്നൊക്കെ അദ്ദേഹത്തോടു ഞാന്‍ പറഞ്ഞിരുന്നു'' എന്നാണ് ഷാഫി പറയുന്നത്.

  ടൊവിനോയെക്കുറിച്ചും കൊല്ലം ഷാഫി മനസ് തുറക്കുന്നുണ്ട്. ടേക്കിനുവേണ്ടി ഞാന്‍ മേശയുടെ അടുത്ത് ഇരിക്കുകയാണ്. എന്താണ് ഞാന്‍ പറയണ്ട ഡയലോഗ് എന്ന് അസി.ഡയറക്ടറോട് ചോദിക്കുമ്പോള്‍ തൊട്ടുപിറകില്‍നിന്ന് ''ആ..ഷാഫിക്കാ...'' എന്നു ടോവിനോയുടെ ശബ്ദം കേട്ടു. എത്രയോകാലം പരിചയമുള്ളതുപോലെയായിരുന്നു ആ വിളി എന്നാണ് കൊല്ലം ഷാഫി ഓര്‍ക്കുന്നത്. താന്‍ ചാടിയെഴുന്നേറ്റു. ടൊവിനോയുടെ ആരാധകനാണെന്ന് അറിയിച്ചു. ഒപ്പം തീവണ്ടി സിനിമയുടെ ഷൂട്ട് പയ്യോളിയില്‍ നടക്കുമ്പോള്‍കാണാന്‍ വേണ്ടി വന്നിരുന്നുവെന്നും പക്ഷെ തിരക്കായതുകൊണ്ട് കാണാന്‍ പറ്റില്ലെന്നുപറഞ്ഞ് ആരോ എന്നെ തിരിച്ചുവിട്ട കഥയും പറഞ്ഞുവെന്നും ഷാഫി പറയുന്നു.

  Also Read: ആ പടം നിന്നുപോകുമെന്ന് വന്നപ്പോൾ 25 ലക്ഷം കയ്യിലേക്ക് വച്ചു തന്നു; സുരേഷ് ഗോപിയെ കുറിച്ച് അനൂപ് മേനോൻ

  തല്ലുമാലയില്‍ ഷാഫിയുടെ ചക്കരച്ചുണ്ടില്‍ എന്ന പാട്ട് കടന്നു വരുന്നുണ്ട്. ഈ രംഗത്തിന്റെ പിറവിയെക്കുറിച്ചും ഷാഫി മനസ് തുറക്കുന്നുണ്ട്. ''കല്ല്യാണത്തലേന്നു കല്യാണവീട്ടില്‍ രണ്ടു ടീമായി പാടുന്ന ഒരു പാട്ടുവേണം. മുഹ്‌സിന്‍ പെരാരിയും വിഷ്ണു വിജയും ''ജ്ജ് ണ്ടാക്ക്' എന്ന പാട്ടിന്റെ വരികള്‍ പാടി. ഇതിനോടു ചേര്‍ത്തുവയ്ക്കാന്‍ പറ്റുന്നൊരു പാട്ടുണ്ടാക്കാമോ എന്നു ചോദിച്ചു. പെപ്പരപര പെപ്പരപര എന്ന ട്യൂണ്‍ പാടി. ഇതിനോടു ചേര്‍ന്ന് എന്റെ ഏതെങ്കിലും പഴയ ഹിറ്റ് പാട്ട് ചേര്‍ത്തുവയ്ക്കാമോ എന്നു ചോദിച്ചു. പെട്ടന്ന് ''ചക്കരച്ചുണ്ടില്‍...'' എന്ന പാട്ട് ഇതിന്റെ കൂടെ ഒത്തുപോവുമെന്നു തോന്നി. അവര്‍ക്കും ഇഷ്ടപ്പെട്ടു'' അങ്ങനെയാണ് പാട്ട് സിനിമയിലെത്തുന്നതെന്നാണ് ഷാഫി പറയുന്നത്.

  സിനിമ കാണാന്‍ കുടുംബത്തോടൊപ്പം പോയതിനെക്കുറിച്ചും കൊല്ലം ഷാഫി ഓര്‍ക്കുന്നുണ്ട്. ''സിനിമയുടെ ഫസ്റ്റ് ഹാഫില്‍ ചെറിയൊരു ഭാഗത്ത് എന്നെ കാണിക്കുന്നുണ്ടെന്നേയുള്ളൂ. സിനിമ കാണാന്‍ ഞാനും ഭാര്യയും കുട്ടികളുമൊക്കെ പോയിരുന്നു. കൂട്ടുകാരും പോയി. ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോള്‍ 'ശ്ശെടാ..ഇവനൊരു മിന്നായം പോലെ പോവുന്നതേയുള്ളോ' എന്ന് എല്ലാവരും ചിന്തിച്ചിരുന്നു. കഥ പിന്നീടാണല്ലോ തുടങ്ങുന്നത്'' ഷാഫി പറയുന്നു. പിന്നീട് തന്റെ രംഗങ്ങള്‍ വന്നപ്പോള്‍ തീയേറ്ററിലെ പ്രതികരണങ്ങള്‍ നോക്കിയപ്പോള്‍ തന്റെ കണ്ണു നിറഞ്ഞുവെന്നാണ് ഷാഫി പറയുന്നത്.

  ''സ്വന്തം കുടുംബത്തിനൊപ്പം ഇരുന്ന് സിനിമ കാണുമ്പോള്‍ ഇത്തരമൊരു റെസ്‌പോണ്‍സ് കിട്ടുകയെന്നത് വലിയ കാര്യമാണ്. ഒരുപാടുകാലത്തെ ആഗ്രഹമാണ് സഫലമായത്. എന്റെ നാട്ടില്‍ തിയറ്ററില്‍ പോകാത്ത പലരും എനിക്കുവേണ്ടി മാത്രം സിനിമ കാണാന്‍ പോയിട്ടുണ്ട്. എന്റെ കൂട്ടുകാരുണ്ട്. അവര്‍ക്കൊക്കെ ഇഷ്ടമായി. അവര്‍ മാത്രമല്ല, ഒരു കാലത്ത് ആല്‍ബം കൊണ്ടൊന്നും അംഗീകരിച്ചിട്ടില്ലാത്തവര്‍ക്കുപോലും ഈ വേഷം ഇഷ്ടമായെന്നും ഒരു കുറ്റവും പറഞ്ഞില്ലെന്നതുമാണ് സന്തോഷം'' എന്നാണ് ഷാഫി ഫറയുന്നത്.

  അതേസമയം തല്ലുമാലയുടെ വിജയത്തില്‍ നില്‍ക്കുമ്പോഴും ഷാഫിയെ ചില വേദനകള്‍ വേട്ടയാടുന്നുണ്ട്. അതേക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. ഇങ്ങനെയൊരു നല്ല ചിത്രത്തിന്റെ ഭാഗമായതു കാണാന്‍ ഇന്നെന്റെ ഉപ്പയില്ല എന്നതുവിഷമമാണ്. അതിനേക്കാള്‍ വിഷമമാണ് എന്റെ ഏട്ടനില്ല എന്നത്. മൂന്നു വര്‍ഷം മുന്‍പ് ആക്‌സിഡന്റിലാണ് ഇക്കാക്ക മരിച്ചുപോയതെന്നാണ് ഷാഫി പറയുന്നത്.

  യാഥാസ്ഥിതികമായൊരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. സിനിമ കണ്ടതിന് ഏറ്റവുമധികം തല്ലുവാങ്ങിയിട്ടുള്ളത് ഇക്കാക്കയാണ്. സിനിമ അവന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. തല്ലുമാല കാണുമ്പോള്‍ തിയറ്ററിനകത്ത് അവന്‍ ഒപ്പമില്ലല്ലോ എന്ന സങ്കടം എന്റെ ഉള്ളില്‍വന്നുവെന്നു കൊല്ലം ഷാഫി പറയുന്നുണ്ട്. തനിക്കിത് സ്വപ്നതുല്യമായ നേട്ടമാണ്. ഇനിയും ആരെങ്കിലുമൊക്കെ സിനിമയിലേക്ക് നല്ല വേഷങ്ങളുമായി വിളിക്കുമെന്നു വിചാരിക്കുന്നുവെന്നും ഷാഫി കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: tovino thomas
  English summary
  Kollam Shafi Talks About Thallumala And His Song Chakara Chundil Being In The Film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X