മകനെ അങ്ങനെയല്ല വളർത്താൻ ഉദ്ദേശിക്കുന്നത്; ബുദ്ധിമുട്ടുകളെ അതിജീവിക്കാനുള്ള പക്വത ഉണ്ടാവണം: കുഞ്ചാക്കോ ബോബൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. റൊമാന്റിക് നായകനായി ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടനിന്ന് പുത്തൻ വഴിവെട്ടി മുന്നോട്ട് കുതിക്കുകയാണ്. വ്യത്യസ്തമായ വേഷങ്ങളിലൂടേയും സിനിമകളിലൂടേയും തിളങ്ങി നില്‍ക്കുകയാണ് ചാക്കോച്ചന്‍. റൊമാന്റിക് ഹീറോ പരിവേഷമെല്ലാം മാറ്റിവെച്ചെങ്കിലും ആ പഴയ സ്നേഹം ഇന്നും പ്രേക്ഷകർക്ക് ചാക്കോച്ചനോട്.
ചാക്കോച്ചനെ പോലെ തന്നെ മകൻ ഇസ്ഹാക്കും ഇന്ന് ആരാധകർക്ക് പ്രിയങ്കരനാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും മകൻ ജനിച്ചത്. അതുകൊണ്ട് തന്നെ അവർക്കും ആരാധകർക്കും ഇസഹാക്ക് വളരെ സ്പെഷ്യലാണ്. കുഞ്ചാക്കോ ബോബന്റെ വിദേശ യാത്രകളിലും ഷൂട്ടിങിനായുള്ള യാത്രകളിലും എല്ലാം എപ്പോഴും പ്രിയയും ഇസഹാക്കും ഒപ്പമുണ്ടാകും. സോഷ്യൽ മീഡിയയിലും താരമാണ് ഇസുക്കുട്ടൻ. താരപുത്രന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്.

അടുത്തിടെ നാലാം പിറന്നാൾ ആഘോഷിച്ചപ്പോൾ ചടുലമായി സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്ത ഇസഹാക്കിന്റെ വീഡിയോ വൈറലായിരുന്നു. അപ്പനെ പോലെ മകനും ഭാവിയിൽ ഒരു ഹീറോയാകുമെന്നും അതിനുള്ള എല്ലാം ഇസഹാക്ക് കാണിച്ച് തുടങ്ങിയിട്ടുണ്ടെന്നുമാണ് വീഡിയോ കണ്ടവരെല്ലാം കുറിച്ചത്. ഇപ്പോഴിതാ മകനെ സിനിമയിലേക്ക് കൊണ്ടുവരുമോ എന്ന ചോദ്യത്തിന് കുഞ്ചാക്കോ ബോബൻ നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്.
മകൻ സിനിമയിലേക്ക് വരണമെന്ന് നിബന്ധമില്ലെന്നും അങ്ങനെയല്ല അവനെ വളർത്തുന്നതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മനസിലാക്കി അതിനെ അതീജീവിച്ച് ജീവിക്കാനുള്ള പക്വതയൊക്കെ മകന് ഉണ്ടാകണം എന്നാണ് ആഗ്രഹമെന്നും ചാക്കോച്ചൻ പറഞ്ഞു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'അവൻ സിനിമയിലേക്ക് തന്നെ വരണമെന്ന് നിർബന്ധമൊന്നുമില്ല. ആ രീതിയിലുമല്ല അവനെ വളർത്താൻ പോകുന്നത്. അവൻ ചെയ്യുന്നത് എന്താണെങ്കിലും അത് എൻജോയ് ചെയ്യുക എന്നതാണ്. അല്ലാതെ സിനിമയ്ക്ക് വേണ്ടി ഫൈറ്റ് പഠിക്കുക, ഡാൻസ് പഠിക്കുക, അങ്ങനത്തെ വാശികൾ ഒന്നുമില്ല. ജീവിതം ആസ്വദിക്കുക. ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ അതെല്ലാം മനസിലാക്കി, അതിനെ അതിജീവിക്കാൻ കഴിയുന്ന പക്വതയും പാകതയും ഉണ്ടാവുക. അതൊക്കെയാണ് പ്രതീക്ഷിക്കുന്നത്', കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.

അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ തന്റെ പുതിയ ചിത്രമായ ചാവേറിന്റെ സെറ്റിൽ ഇസഹാക്ക് വന്നപ്പോഴുണ്ടായ അനുഭവം പങ്കുവച്ചത് ശ്രദ്ധനേടിയിരുന്നു. 'ചാവേറിന്റെ ഷൂട്ടിങ് സെറ്റിൽ പ്രിയയും മോനും വന്നിരുന്നു. ആ സമയത്ത് ഞാൻ ചോരയിൽ കുളിച്ചുള്ള മേക്കപ്പ് ഇട്ട് നിൽക്കുകയായിരുന്നു. ആ വേഷത്തിൽ എന്നെ കണ്ടപ്പോൾ അവന് ചെറിയ സങ്കടവും കരച്ചിലും പേടിയുമൊക്കെ ഉണ്ടായിരുന്നു', എന്നാണ് ചാക്കോച്ചൻ പറഞ്ഞത്.
അജഗജാന്തരം എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രമാണ് ചാവേര്‍. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗ്ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം നടി സംഗീത തിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടിയാണ് ചാവേര്‍. മനോജ് കെയു, അനുരൂപ്, സജിന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജോയ് മാത്യുവിന്റെ തിരക്കഥയിൽ ഒരുക്കിയിരിക്കുന്ന ചിത്രം സെപ്റ്റംബർ 28 നാണ് തിയേറ്ററിൽ എത്തുന്നത്.


Click it and Unblock the Notifications











